അവതാരകയെ പോലീസ് പീഡിപ്പിക്കാന്‍ ശ്രമിച്ച പരിപാടിക്കിടെ മദ്യം വിളമ്പി; കൊക്കൂണ്‍ സമ്മേളനം തന്നെ നിയമവിരുദ്ധമെന്ന് ഋഷിരാജ് സിങ്

52608_1472105427

തിരുവനന്തപുരം: കൊല്ലത്ത് നടന്ന കൊക്കൂണ്‍ പരിപാടിക്കിടെ അവതാരകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം വിവാദമായതോടെ മറ്റ് പല നിയമവിരുദ്ധ സംഭവങ്ങളും പുറത്തുവരികയാണ്. കൊല്ലത്തെ പരിപാടിയിലെ ക്രമക്കേടുകളെ പറ്റി വിജിലന്‍സിന് പരാതി നല്‍കിയിരിക്കുന്നത് ഋഷിരാജ് സിങ് ആണ്.

കേരളാ പൊലീസിന്റെ ഔദ്യോഗിക പരിപാടിയല്ലാതിരുന്നിട്ടും എല്ലാ സര്‍ക്കാര്‍ പരിവേഷവും നല്‍കി അവതരിപ്പിച്ചത് മനോജ് എബ്രഹാമാണെന്ന സൂചനകളും പരാതിയിലുണ്ട്. തീര്‍ത്തും നിയമവിരുദ്ധമായാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് ഇത് സംബന്ധിച്ച പ്രാഥമിക അന്വേഷണത്തില്‍ വിജിലന്‍സിന് ബോധ്യപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യാന്തര സമ്മേളന നടത്തിപ്പില്‍ ക്രമക്കേടെന്ന ഋഷിരാജ് സിംഗിന്റെ ആക്ഷേപത്തെത്തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നേരിട്ടാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. കൊല്ലത്തെ റാവീസ് ഹോട്ടലില്‍ നടന്ന മദ്യസല്‍ക്കാരമാണ് ഋഷിരാജ് സിംഗിനെ പ്രധാനമായും പ്രകോപിപ്പിച്ചത്. കായല്‍ കൈയേറി നിര്‍മ്മിച്ച കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ എക്സൈസ് വിലക്കുകളെ ലംഘിച്ച് മദ്യം ഒഴുക്കി. സമ്മേളനം നടന്ന ദിവസങ്ങളിലെ റാവീസിലെ മദ്യ ഉപഭോഗ കണക്കും വിജിലന്‍സ് പരിശോധിക്കും.

ഈ പരിപാടിക്ക് ഇത്രയേറെ ഫണ്ട് എങ്ങനെ കിട്ടിയെന്നതും പരിശോധിക്കും. വളരെ ഗൗരവമുള്ള കണ്ടെത്തലുകളാണ് ആദ്യ ഘട്ടത്തില്‍ ഇതു സംബന്ധിച്ച് വിജിലന്‍സിന് ലഭിച്ചിട്ടുള്ളത്. പരാതിക്കാരന്‍ ഋഷിരാജ് സിങ് ആയതുകൊണ്ട് തന്നെ വേണ്ടത്ര ഗൗരവം പരാതിക്ക് നല്‍കുമെന്നും വിജിലന്‍സിലെ ഒരു ഉന്നതന്‍ സൂചന നല്‍കി. ഹോട്ടലിന്റെ നിയമവിരുദ്ധ ഇടപാടുകള്‍ വെള്ളപൂശാന്‍ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നതായാണ് വിജിലന്‍സ് സംശയിക്കുന്നത്. കായല്‍ കൈയേറിയതിന് ഹോട്ടലിനെതിരെ ഹൈക്കോടതിയില്‍ കേസുണ്ട്.

കൊക്കൂണ്‍ ഔദ്യോഗിക പരിപാടിയെന്ന് തെറ്റിധാരണയുണ്ടാക്കും വിധമാണ് ഗവര്‍ണ്ണറെ ചടങ്ങിനെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഇതിന് സമാനമായാണ് പരിപാടിക്ക് എത്തിയത്. വിനയകുമാരന്‍ നായരുടെ പീഡനം വിവാദമായതോടെ കൊക്കൂണിനെ കുറിച്ച് മുഖ്യമന്ത്രി വിശദമായി അന്വേഷിച്ചിരുന്നു. സംസ്ഥാന പൊലീസിന് ഇതുമായി യാതൊരു പങ്കാളിത്തവുമില്ല. ഒരു സര്‍ക്കാര്‍ ഉത്തരവുമില്ല. ഇതിന്റെ ഫണ്ട് നല്‍കുന്നത് പൊലീസില്‍ നിന്നല്ല. പൊലീസ് ആസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട് ഒരു രേഖയുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു പരിപാടിയുടെ സംഘാടക സമിതി ചെയര്‍മാനായി മനോജ് എബ്രഹാം മാറിയതാണ് ഏറ്റവും നിര്‍ണ്ണായകം. ഇതിനൊപ്പം ധനകാര്യ ഇടപാടുകള്‍ക്കായി പ്രത്യേക അക്കൗണ്ടും തുറന്നു. കൊല്ലം പൊലീസ് കമ്മീഷണറായ സതീഷ് ബിനോയായിരുന്നു ഈ അക്കൗണ്ട് കൈകാര്യം ചെയ്തത്. പൊലീസിന്റെ ഔദ്യോഗികമല്ലാത്ത പരിപാടിയില്‍ ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്നതാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.

കൊക്കൂണ്‍ 2016 അന്താരാഷ്ട്ര സൈബര്‍ സുരക്ഷാസമ്മേളനത്തില്‍ വമ്പന്‍ ധൂര്‍ത്തും അഴിമതിയും നടന്നതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. പാലീസുദ്യോഗസ്ഥര്‍ക്ക് പരിശീലനത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ കോടികളുടെ ഫണ്ട് അന്താരാഷ്ട്ര സമ്മേളനത്തിനായി ധൂര്‍ത്തടിച്ചു. ഏതാനും ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതൊഴിച്ച് ഒരു സൈബര്‍ സുരക്ഷാ പരിശീലനവും അന്താരാഷ്ട്ര സമ്മേളനത്തിലുണ്ടായില്ലെന്ന് വിജിലന്‍സ് കണ്ടെത്തി. മനോജ് എബ്രഹാമായിരുന്നു സംഘാടക സമിതി ചെയര്‍മാന്‍. മനോജ് എബ്രഹാമിന്റെ സ്വാധീനമായിരുന്നു കൊക്കൂണിലേക്ക് കൂടുതല്‍ ശ്രദ്ധ കൊണ്ടുവന്നത്. യഥാര്‍ത്ഥത്തില്‍ ഐടി കമ്പനികളുടെ ഒത്തുചേരലിനും കച്ചവടത്തിനുമായി അവസരം ഉണ്ടാക്കല്‍ മാത്രമായിരുന്നു കൊക്കൂണ്‍ എന്നാണ് കണ്ടെത്തല്‍. ചില സര്‍ക്കാരിതര സംഘടനകളുടെ സഹായത്തോടെ നടന്ന സമ്മേളനം സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക പരിപാടിയായിരുന്നില്ലെന്നാണ് വിജിലന്‍സിന്റെ പ്രാധമിക നിഗമനം. വിദേശത്തുനിന്ന് വന്ന സമ്മേളന പ്രതിനിധികളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം.

ഇതിനൊപ്പം മനോജ് എബ്രഹാമിനെതിരായ മറ്റൊരു അഴിമതി ആരോപണവും വിജിലന്‍സിന്റെ സജീവ പരിഗണനയിലുണ്ട്. പൊലീസ് സേനയെ നവീകരിക്കുന്നതിന് ഇലക്ട്രോണിക് ബീറ്റ് ഉപകരണങ്ങള്‍ വാങ്ങാന്‍ കരാര്‍ നല്‍കിയ 1.87 കോടിരൂപ പാഴായ സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിട്ട് മാസങ്ങളായെങ്കിലും അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. ഇ ബീറ്റ് ഇടപാടില്‍ സംസ്ഥാനത്തിന് പലിശയടക്കം മൂന്നുകോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേന്ദ്ര ഗവണ്‍മെന്റ് പൊലീസ് ആധുനീകരണത്തിന് അനുവദിച്ച പണമാണ് പാഴായിപ്പോയത്. രാത്രികാലങ്ങളില്‍ ബീറ്റ് പുസ്തകം സൂക്ഷിച്ചിട്ടുള്ള ഇടങ്ങളിലും ചുമതല നല്‍കിയിട്ടുള്ള ഇടങ്ങളിലും പുസ്തകം ഒഴിവാക്കി ഇലക്ട്രോണിക് ബീറ്റ് സമ്പ്രദായം ഏര്‍പ്പെടുത്താനുള്ള പദ്ധതിയാണ് അഴിമതിയില്‍ മുങ്ങിയത്. അന്താരാഷ്ട്ര സമ്മേളനത്തിന്റെ കണക്കുകള്‍ ഉടനടി നല്‍കണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരത്ത് സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ മസ്‌കറ്റ് ഹോട്ടലും കോവളത്ത് സമുദ്രയും ഉള്ളപ്പോഴാണ് കൊല്ലത്തെ സ്വകാര്യ നക്ഷത്രഹോട്ടലില്‍ അന്താരാഷ്ട്രസമ്മേളനം നടത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലാണ് അതിഥികളും വിശിഷ്ടവ്യക്തികളും എത്തുന്നതെന്നിരിക്കേ, ഇവരുടെ യാത്രാചെലവിനു മാത്രം ലക്ഷങ്ങള്‍ വേണ്ടിവന്നു. ജനങ്ങള്‍ക്ക് ഉപകാരപ്രദമായതൊന്നും സമ്മേളനത്തിലുണ്ടായില്ല. പൊലീസ് നേതൃത്വം നടത്തിയ വമ്പന്‍ അഴിമതിയുടെ വിശദാംശങ്ങള്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ് സര്‍ക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസും ഗൗരവത്തോടെയാണ് ആരോപണങ്ങളെ കാണുന്നത്. തിരുവനന്തപുരം റേഞ്ചില്‍ വലിയൊരു അഴിച്ചു പണിക്കുള്ള സാധ്യതയും കാണുന്നു. ഇതു സംബന്ധിച്ച ഫയലുകളെല്ലാം ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയും പരിശോധിക്കുമെന്നാണ് സൂചന. ഇതോടെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനുള്ള സാധ്യതയാണ് തെളിയുന്നത്.

കൊല്ലത്തു നടന്ന ദേശീയ പൊലീസ് സൈബര്‍ സുരക്ഷാ സമ്മേളനത്തിനിടെ ഹൈടെക് സെല്ലിന്റെ ചുമതലയുള്ള വിന.കുമാരന്‍ നായര്‍ അവതാരകയോടു മോശമായി പെരുമാറിയെന്ന ആരോപണം വിവിധതരം ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. മേലുദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അസി. കമാന്‍ഡന്റ് പദവിയിലുള്ള ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഐജി മനോജ് എബ്രഹാമിന്റെ ശുപാര്‍ശ പ്രകാരമായിരുന്നു അത്. വിനയകുമാരന്‍ നായര്‍ക്കെതിരായ ആരോപണങ്ങള്‍ കൊക്കൂണിലേക്ക് തിരിയുമെന്ന ആശങ്കയാണ് ഐജിയുടെ പെട്ടെന്നുള്ള ഇടപെടലിന് കാരണമെന്നും വിമര്‍ശനമുണ്ട്. പെണ്‍കുട്ടിയില്‍ നിന്ന് പരാതി എഴുതി വാങ്ങാതെ റിപ്പോര്‍ട്ട് തയ്യാറാക്കി. ഇതിലൂടെ സമ്മര്‍ദ്ദം ചെലുത്തി പരാതിക്കാരിയെ അനുനയിപ്പിക്കാന്‍ വിനയകുമാരന്‍ നായര്‍ക്ക് അവസരമൊരുക്കിയെന്നും ആക്ഷേപം ശക്തമാണ്. ഇതുവരെ പെണ്‍കുട്ടി പരാതി നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ഇതിനിടെ ആരോപണങ്ങള്‍ നിഷേധിച്ച് വിനയകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പ് പോലും നല്‍കി. ആരോപണങ്ങള്‍ നിഷേധിച്ച വിനയകുമാരന്‍ നായര്‍ പെണ്‍കുട്ടി പരാതി നല്‍കില്ലെന്ന് തറപ്പിച്ച് പറയുകയും ചെയ്തു. ഈ വിവാദത്തിനിടെയാണ് റാവീസിലെ മദ്യകച്ചവടം ഋഷിരാജ് സിംഗിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ എക്സൈസ് കമ്മീഷണര്‍ എന്ന നിലയില്‍ പ്രാഥമിക അന്വേഷണം നടത്തി. ഇതോടെ പണത്തിന്റെ ഒഴുക്ക് ബോധ്യപ്പെട്ടു. സമ്മേളനത്തിന് എത്തിയ എല്ലാവര്‍ക്കും റാവീസില്‍ സ്യൂട്ട് മുറികള്‍ അനുവദിച്ചു. വലിയ സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്ന് ഋഷിരാജ് സിംഗിന് ബോധ്യപ്പെട്ടു. ഇത് തന്നെയാണ് പ്രാഥമിക അന്വേഷണത്തില്‍ വിജിലന്‍സും ശരിവച്ചിരിക്കുന്നത്. കൊക്കൂണ്‍ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് പൊലീസ് ആസ്ഥാനത്തെ ഐജിയായ സുരേഷ് രാജ് പുരോഹിതിനും ചില സംശയങ്ങള്‍ തോന്നിയിരുന്നു. തുടര്‍ന്ന് അദ്ദേഹവും സ്വന്തം നിലയില്‍ പരിശോധന നടത്തിയിരുന്നു. വലിയ ക്രമക്കേടുകളാണ് സുരേഷ് രാജ് പുരോഹിത് അന്വേണത്തില്‍ കണ്ടെത്തിയത്.

Top