സുതാര്യതയുടെ പൊള്ളത്തരം:സ്ഥാപിതതാല്‍പ്പര്യത്തിനായി സൃഷ്ടിച്ചെടുത്ത വ്യക്തിപരമായ “പ്രതിച്ഛായ”യാണ് ഉമ്മന്‍ചാണ്ടിയുടേത് -സുജ സൂസന്‍ ജോര്‍ജ്

സോഷ്യല്‍ മീഡിയ 

അരനൂറ്റാണ്ടോളം ദൈര്‍ഘ്യമേറിയ രാഷ്ട്രീയജീവിതത്തില്‍ ഒരിക്കലും കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനം ഉമ്മന്‍ചാണ്ടി കാര്യമായെടുത്തിട്ടില്ല. കോണ്‍ഗ്രസിന്റെ നേതാവ് എന്നതിനേക്കാള്‍ മലയാളമനോരമയുടെയും കത്തോലിക്കേതര ക്രിസ്തീയ സഭകളുടെയും രാഷ്ട്രീയപ്രതിനിധിയാണ് ഉമ്മന്‍ചാണ്ടി. വലതുപക്ഷ രാഷ്ട്രീയത്തിലെ പ്രധാന പ്രായോജകരാണ് ഇവര്‍. യഥാര്‍ഥത്തില്‍, കോണ്‍ഗ്രസല്ല ഉമ്മന്‍ചാണ്ടിയെ സൃഷ്ടിച്ചത് കോണ്‍ഗ്രസില്‍നിന്ന് ചിലര്‍ പ്രതീക്ഷിക്കുന്നത് സാധ്യമാക്കാന്‍ ഉമ്മന്‍ചാണ്ടി അവിടെ ലഭ്യമാകുകയായിരുന്നു. കോണ്‍ഗ്രസിനെ കൊണ്ട് ഉമ്മന്‍ചാണ്ടിക്ക് എന്നതിനേക്കാള്‍ ഉമ്മന്‍ചാണ്ടിയെ കൊണ്ട് കോണ്‍ഗ്രസിനാണ് പ്രയോജനം. അതുകൊണ്ട് അദ്ദേഹത്തെ നേതാവാക്കുകയല്ലാതെ കോണ്‍ഗ്രസിന് മറ്റു വഴിയുണ്ടായിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

സ്ഥാപിതതാല്‍പ്പര്യത്തിനായി സൃഷ്ടിച്ചെടുത്ത വ്യക്തിപരമായ “പ്രതിച്ഛായ”യാണ് അദ്ദേഹത്തിന്റെ പ്രധാന ഈടുവയ്പ്. അങ്ങനെയാണ് പുതുപ്പള്ളിയിലെ കുഞ്ഞൂഞ്ഞ് രൂപംകൊള്ളുന്നത്. ഈ പുകഴ് നിര്‍മിച്ചെടുത്തത് മലയാളമനോരമയും എണ്ണംപറഞ്ഞ ചില വൈതാളികരും! ജനകീയന്‍, പ്രവര്‍ത്തനചതുരന്‍, വ്യക്തിപരമായി അഴിമതിരഹിതന്‍, സുതാര്യന്‍ എന്നൊക്കെയാണ് ഈ വാഴ്ത്തുപാട്ടുകള്‍.

പെരുമകളുടെ പൊരുള്‍?
ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ ആള്‍ക്കൂട്ടം കണ്ട് ഇതെന്താ ഉത്സവപ്പറമ്പോ എന്നു ചോദിച്ച അബ്ദുള്‍കലാം, ശനിയാഴ്ച- ഞായറാഴ്ചകളില്‍ പുതുപ്പള്ളി വീട്ടിലെ ആള്‍ക്കൂട്ടം, കുഞ്ഞൂഞ്ഞിന്റെ പള്ളിയില്‍ പോക്ക് എന്നിങ്ങനെ കൃത്യതയോടെ കടഞ്ഞെടുത്ത നിരവധി കഥയുണ്ട്. ആവശ്യത്തിനനുസരിച്ച് പാടാന്‍ മനോരമ സജ്ജം. പക്ഷേ, ഈ ജനകീയ പരിവേഷം ജനവിരുദ്ധമാണെന്നതാണ് സത്യം. ആള്‍ക്കൂട്ടം അദ്ദേഹത്തിനൊരു ഒളിമറയാണ്. ഗൗരവമുള്ള ജനകീയപ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടാനുള്ള സമര്‍ഥമായ മറ.
പണ്ട് മുഗള്‍രാജാക്കന്മാരുടെ കാലത്ത് “ദിവാനി ഘാസും ദിവാനി ആമും” ഉണ്ടായിരുന്നു. വിശിഷ്ട വ്യക്തികളുമായി ചക്രവര്‍ത്തി ഉള്‍മുറിയില്‍ നടത്തുന്ന കൂടിക്കാഴ്ചയാണ് “ദിവാനി ഘാസ്”. സാധാരണക്കാരായ ആള്‍ക്കൂട്ടത്തിനു നല്‍കുന്ന ദര്‍ശനമാണ് “ദിവാനി ആം”. ഉമ്മന്‍ചാണ്ടിയുടെ ദിവാനി ഘാസില്‍ സമൂഹത്തിലെ വരേണ്യര്‍ മാത്രമായിരിക്കും. ദിവാനി ആമില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലോ വീട്ടിലോ യോഗസ്ഥലത്തോ ദര്‍ശനം ലഭിക്കും. നേരില്‍ക്കണ്ട് പരാതി ഉണര്‍ത്തുന്ന ആര്‍ക്കും വെറുംകൈയോടെ മടങ്ങേണ്ടിവരില്ല. ഈ രീതി എളുപ്പത്തില്‍ നടപ്പാക്കുന്നതിനാണ് ഉമ്മന്‍ചാണ്ടി ചെയര്‍മാനായി ആശ്രയ ട്രസ്റ്റ് രൂപംകൊടുത്തത്.

സുജ സൂസന്‍ ജോര്‍ജ്

സുജ സൂസന്‍ ജോര്‍ജ്

കോട്ടയം നഗരാതിര്‍ത്തിയിലാണ് പുതുപ്പള്ളി. കേരളത്തിലെ തന്നെ ഏറ്റവും കുറവ് അടിസ്ഥാന സൗകര്യവികസനം നടന്ന പ്രദേശം. എംഎല്‍എ എന്ന നിലയിലോ മന്ത്രിയെന്ന നിലയിലോ പുതുപ്പള്ളിയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ലാത്ത ആളാണ് ഉമ്മന്‍ചാണ്ടി. പക്ഷേ, എല്ലാ ഞായറാഴ്ചയും വീട്ടില്‍ ദിവാനി ആം നടത്തും. ചില്ലറ സാമ്പത്തികസഹായം, ശുപാര്‍ശക്കത്തുകള്‍, മരുന്നു വേണ്ടവര്‍ക്ക് ഒരു പ്രത്യേക മെഡിക്കല്‍ഷോപ്പിലേക്ക് കുറിപ്പുകള്‍! ഈ “ജനകീയത”യുടെ വലിച്ചുനീട്ടലായിരുന്നു “ജനസമ്പര്‍ക്കപരിപാടി”. കേരളത്തിലെ പൊതുസംവിധാനങ്ങള്‍ മികവുറ്റതാക്കാന്‍ കഠിനപ്രയത്നം നടത്തിയ ഇടതുമുന്നണി സര്‍ക്കാരിന്റെ പിന്നാലെ വന്ന ഉമ്മന്‍ചാണ്ടി ആ സംവിധാനത്തെയാകെ നിസ്സാരവല്‍ക്കരിച്ച് താറുമാറാക്കുകയാണ് ചെയ്തത്. എന്നിട്ട് ജില്ലതോറും ദിവാനി ആം നടത്തി പരാതിക്കാരായ പ്രജകള്‍ക്ക് ഒരു രാജാവിനെപ്പോലെ ഔദാര്യങ്ങള്‍ നേരിട്ടുവിളമ്പും. ഇതു ജനകീയതയല്ല. മുഷിഞ്ഞ നാടുവാഴിത്ത മനോഭാവമാണ്. സുതാര്യത തന്റെ മുഖമുദ്രയായി ആവര്‍ത്തിക്കാറുണ്ട് ഉമ്മന്‍ചാണ്ടി. 24 മണിക്കൂറും ലോകത്തെവിടെനിന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ആര്‍ക്കും വെബ് കാസ്റ്റിങ്ങിലൂടെ കാണാം! പക്ഷേ, ആ സുതാര്യതയുടെയൊക്കെയും പൊള്ളത്തരം സോളാര്‍ വിവാദത്തില്‍ വെളിച്ചത്തില്‍ വന്നു.

പ്രവര്‍ത്തിക്കുന്ന മന്ത്രിയെന്നാണ് അദ്ദേഹത്തെ കുറിച്ചുള്ള മറ്റൊരു വാഴ്വ്. “അതിവേഗം ബഹുദൂരം” എന്നതായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ മുദ്രാവാക്യം. മൂലധനശക്തികളുടെ സേവനത്തിനായി ജനകീയ സര്‍ക്കാരിന്റെ സര്‍വസന്നാഹങ്ങളും ഒരുക്കിയെടുക്കുക എന്നതുതന്നെയായിരുന്നു ആ മുദ്രാവാക്യത്തിന്റെ പൊരുള്‍. എന്നാല്‍, ആ ഉമ്മന്‍ചാണ്ടിയെ കേരളം തള്ളുകയാണുണ്ടായത്. “വികസനവും കരുതലും” എന്നതാണ് ഇപ്പോഴത്തെ സര്‍ക്കാരിനുവേണ്ടി കരുപ്പിടിപ്പിച്ച മുദ്രാവാക്യം. വികസനം എന്ന പേരിലുള്ള മുതലാളിത്ത പ്രീണനമാണ് ഇവിടെ ലക്ഷ്യമിടുന്നതെന്നു വ്യക്തം. അതിലേക്കുള്ള “ബഫര്‍ സോണ്‍” സൃഷ്ടിക്കലാണ് ജനസമ്പര്‍ക്കം പോലുള്ള പോപ്പുലിസ്റ്റ് പരിപാടികള്‍ ഉന്നമിടുന്നത്. ഈ പരിപാടിയുടെ പേരില്‍ യുഎന്‍ പാം എന്ന യുഎന്നിന്റെ അപ്രധാന സംഘടനയില്‍നിന്ന് അപേക്ഷിച്ചുവാങ്ങിയ പുരസ്കാരത്തിന്റെ പേരില്‍ നടത്തുന്ന കൊട്ടിഘോഷിക്കലുകള്‍ അര്‍ധരാത്രിക്ക് കുട പിടിച്ചുനടക്കാനുള്ള ഉളുപ്പില്ലായ്മയാണ് പ്രകടിപ്പിക്കുന്നത്.

പുത്തന്‍ഷര്‍ട്ട് വാങ്ങി കീറി തുന്നി ഇട്ടുനടക്കുന്നതിലെ അതേ മട്ട്.
എന്നും കോണ്‍ഗ്രസിന്റെ വലതുപക്ഷത്താണ് ഉമ്മന്‍ചാണ്ടി സ്വയം അടയാളിതനായത്. കെ കരുണാകരന്‍ ഉയര്‍ത്തിക്കാണിച്ച തൊഴിലാളി സംഘടനാപശ്ചാത്തലമോ എ കെ ആന്റണി മുന്നോട്ടുവച്ച മതേതരപ്രതിച്ഛായയുടെ ബാധ്യതയോ ഒരുകാലത്തും ഉമ്മന്‍ചാണ്ടിക്ക് ഉണ്ടായിരുന്നില്ല. ഗുഹാവത്തി അഖിലേന്ത്യാ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ആന്റണിക്കൊപ്പം നിന്ന് ഇന്ദിര ഗാന്ധിയെ വിമര്‍ശിക്കുമ്പോഴും, ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചപ്പോള്‍ കൂടെ രാജിവയ്ക്കുമ്പോഴും, കരുണാകരനെ പുകച്ചുപുറത്തുചാടിക്കാന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുമ്പോഴും, ആന്റണിക്കെതിരെ തന്നെ പടനയിച്ച് സ്വയം മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുമ്പോഴും ഉമ്മന്‍ചാണ്ടിയെ നിയന്ത്രിച്ചത് കോണ്‍ഗ്രസ് താല്‍പ്പര്യങ്ങളല്ല, അദ്ദേഹത്തിനു നടപ്പാക്കേണ്ട സ്ഥാപിതതാല്‍പ്പര്യങ്ങളാണ്.
അന്യമായ രാഷ്ട്രീയ പ്രബുദ്ധത
ഒരു നയം അവതരിപ്പിച്ച് അതിനോടുള്ള എതിര്‍പ്പ് സംവാദാത്മകമായി നേരിട്ട് മുന്നോട്ടുപോകുക എന്നത് രാജ്യതന്ത്രജ്ഞതയുടെ അടിസ്ഥാനപാഠമാണ്. ഉമ്മന്‍ചാണ്ടിക്ക് ഈ ശൈലി അന്യമാണ്. ഉദാഹരണത്തിന് ആറന്മുള വിമാനത്താവളത്തര്‍ക്കം. വിമാനത്താവളം വരണമെന്നാണ് അദ്ദേഹത്തിന്റെ താല്‍പ്പര്യമെങ്കില്‍ അത് തുറന്നുപറയണം. അതിനു പകരം എനിക്ക് അതിനെ കുറിച്ചൊന്നും അറിയില്ലെന്നാണ് അദ്ദേഹത്തിന്റെ മട്ട്. ബാലകൃഷ്ണപിള്ളയുടെ ആശുപത്രിവാസത്തോടും ജയില്‍മോചനത്തോടും ഉമ്മന്‍ചാണ്ടി പ്രതികരിച്ചതെങ്ങനെ, “”അദ്ദേഹത്തിന് അസുഖമാണെന്നു പറഞ്ഞാല്‍ ഞാനെന്തു ചെയ്യും””. തൊട്ടുമുമ്പ് തനിക്കെതിരെ മത്സരിച്ച സിന്ധുജോയിയെ കൊണ്ട് തന്റെ തെരഞ്ഞെടുപ്പു പ്രചാരണം ഉദ്്ഘാടനം ചെയ്യിപ്പിക്കുന്നതാണ് ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ പ്രബുദ്ധത.
ഒളിച്ചുകടത്തുന്ന ഫാസിസം
കേരളത്തില്‍ നിലനില്‍ക്കുന്ന പ്രതിപക്ഷബഹുമാനത്തോടെയുള്ള രാഷ്ട്രീയപ്രവര്‍ത്തനശൈലിയോട് വിമുഖനാണ് ഉമ്മന്‍ചാണ്ടി. ആശയസംവാദത്തിന്റെ ജനാധിപത്യരീതിയോടോ ജനപിന്തുണയോടുള്ള ബഹുമാനമോ തീരെയില്ലാതെ പ്രതിപക്ഷത്തുള്ളവരെ രാഷ്ട്രീയമായി ഇല്ലാതാക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. കരുണാകരനെയും ആന്റണിയെയും പോലും വെറുതെ വിട്ടില്ല. വിവിധ പൊലീസ് ഏജന്‍സികള്‍ അന്വേഷണം നടത്തി തള്ളിക്കളഞ്ഞ ലാവ്ലിന്‍ കേസ് നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സിബിഐക്ക് വിട്ടതും വി എസിനോടുള്ള പകതീര്‍ക്കാന്‍ അദ്ദേഹത്തിന്റെ ബന്ധുവിന് സൈനികനെന്ന നിലയില്‍ ലഭ്യമായ ഭൂമിയുടെ പേരില്‍ കേസുണ്ടാക്കിയതും ഈ സ്വാഭാവികരീതിയില്‍ നിന്നുണ്ടാകുന്ന പ്രതികാരവാഞ്ഛ മാത്രമാണ്. പ്രതിപക്ഷനേതാക്കളെ മാത്രമല്ല, എതിര്‍ക്കുന്ന ആരെയും തകര്‍ത്തുകളയാന്‍ അദ്ദേഹം ഒരു മടിയും കാട്ടാറില്ല. ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ ചോര്‍ത്തിഎന്നാരോപിച്ച് ദേശാഭിമാനി ലേഖകന്‍ കെ എം മോഹന്‍ദാസിനെതിരെ കേസെടുപ്പിച്ചു.

സോളാര്‍ കുംഭകോണത്തെ കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പുകള്‍ എഴുതുന്നവരെ പോലും വെറുതെ വിടാത്ത ഉമ്മന്‍ചാണ്ടി, സമാനപ്രവൃത്തികള്‍ ചെയ്യുന്ന നരേന്ദ്രമോഡിയെയും മമതയെയുമാണ് ഓര്‍മിപ്പിക്കുന്നത്. സോളാര്‍ കേസ് അന്വേഷണത്തേക്കാള്‍, ഫോണ്‍കോള്‍ ചോര്‍ന്നതിനെ കുറിച്ചുള്ള അന്വേഷണമാണ് പൊടിപൊടിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ അടുത്ത ഇര തിരുവഞ്ചൂരാകുമെന്നത് ഉറപ്പ്.
കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് ഏതാണ്ട് പുറത്തെന്നപോലെ നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിനെന്നും ഒരു സജീവ അന്യനാണ് (ആക്ടീവ് ഔട്ട്സൈഡര്‍). ഇതാണ് സാധാരണ കോണ്‍ഗ്രസ് രാഷ്ട്രീയക്കാരില്‍നിന്ന് വ്യത്യസ്തനെന്ന പ്രതീതി ജനിപ്പിക്കുന്നത്. ഈ അന്യന്‍ എന്ന സ്ഥാനത്തുനിന്നാണ് കേരളത്തിലെ ഉദാരവല്‍ക്കരണത്തിന്റെ രാഷ്ട്രീയപ്രതീകമായി ഉമ്മന്‍ചാണ്ടി മാറുന്നത്. ഇന്ത്യന്‍ ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ പരിമിതതടസ്സങ്ങള്‍പോലും പുത്തന്‍മുതലാളിത്തത്തിന് അക്ഷമയുണ്ടാക്കുന്നതാണ്. അവിടെയാണ് നരേന്ദ്രമോഡിയെ പോലുള്ളവര്‍ ഇന്ത്യന്‍ മുതലാളിത്തത്തിന്റെ പോസ്റ്റര്‍ ബോയിമാരാകുന്നത്. അതിനു സമാനമാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. എല്ലാ അധികാരവും കേന്ദ്രീകരിക്കുന്ന മുഖ്യമന്ത്രി. മുതലാളിത്തത്തിന് നേരിട്ട് ഒറ്റവ്യക്തിയോട് ഇടപെടലുകള്‍ നടത്താം. അനില്‍ അംബാനി നരേന്ദ്രമോഡിയെ കുറിച്ചു പറഞ്ഞ വിശേഷണമെല്ലാം കേരള മുതലാളിത്തത്തിന് ഉമ്മന്‍ചാണ്ടിയെ കുറിച്ചും പറയാം. ഈ രാഷ്ട്രീയത്തിന് കേരളം ഇതുവരെയും വഴങ്ങിയിട്ടില്ലെന്നതാണ് ഇന്നത്തെ ഉമ്മന്‍ചാണ്ടിയുടെ പതനത്തിനു കാരണമാകുന്നത്.

Top