ബജറ്റിനു മുമ്പ് യോഗം ചേര്‍ന്ന് ലൈസന്‍സ് ഫീസ് വര്‍ധന ബാറുടമകളെ അറിയിച്ചു:കെ. ബാബുവിന്റെ മൊഴി പുറത്ത്

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മന്ത്രി കെ.ബാബുവിന്റെ മൊഴി പുറത്ത്. ബജറ്റിനു മുന്നോടിയായി യോഗം ചേര്‍ന്നെന്നും ബാര്‍ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടെന്ന കാര്യം ബാറുടമകളെ യോഗത്തില്‍ അറിയിച്ചതായും ബാബുവിന്റെ മൊഴിയില്‍ പറയുന്നുണ്ട്. ബജറ്റിനു മുന്നോടിയായി അത്തരമൊരു യോഗം ചേര്‍ന്നിട്ടില്ലെന്നായിരുന്നു കെ.ബാബു ഇതുവരെ മാധ്യമങ്ങളോട് പറഞ്ഞത്. എക്‌സൈസ് വകുപ്പില്‍ നിന്നു ലഭിച്ച വിവരാവകാശ രേഖയിലും ഇത്തരമൊരു യോഗം ചേര്‍ന്നിട്ടില്ലെന്നാണ് പറയുന്നത്. 2013 ഫെബ്രുവരി നാലിനാണ് യോഗം ചേര്‍ന്നത്. എല്ലാവര്‍ഷവും ഇത്തരത്തില്‍ യോഗം ചേരാറുണ്ടെന്നും ബാബു മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്. 2013 ഫെബ്രുവരി 4ന് യോഗം ചേര്‍ന്നുവെന്നും അതിനു മിനിട്‌സ് ഉള്ളതായും എക്‌സൈസ് കമ്മീഷണര്‍ അനില്‍ സേവ്യറും മൊഴി നല്‍കിയിട്ടുണ്ട്.

 

‘ബാര്‍ ഉടമകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്. ബാറുകളുടെ ലൈസന്‍സ് ഫീസ് 22 നിന്ന് 25 ലക്ഷമാക്കി കൂട്ടണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്ത കാര്യം ഞാന്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍ ഫീസ് 18 ലക്ഷമാക്കി കുറക്കണമെന്ന് ബാറുടമകള്‍ പറഞ്ഞെങ്കിലും ഒരു രൂപ പോലും കുറക്കില്ലെന്ന് ഞാന്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ പോയതിന് ശേഷം ബാറുടമകളുമായി സംസാരിക്കുകയോ, ബിജുരമേശ് ഉന്നയിക്കുന്ന പോലെ പണം വാങ്ങുകയോ ചെയ്തിട്ടില്ല.’ എന്നാണ് കെ.ബാബു പറയുന്നത്.ഫീസ് വര്‍ധിപ്പിക്കുമെന്ന് ബാറുടമകളെ അറിയിച്ച് അത്തരമൊരു പ്രതീതി ഉണ്ടാക്കി കോഴവാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ പരാതിയും ആരോപണവും. ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കും എന്നു പറഞ്ഞ് കോഴ വാങ്ങിയെന്നാണ് ബിജു രമേശ് നല്‍കിയ പരാതിയില്‍ പറയുന്നത്. ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബാബു 10 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കെ.ബാബുവിനെതിരായ ബിജു രമേശിന്റെ ആരോപണം. പണം ബാബുവിന്റെ ഓഫീസിലെത്തിയാണ് കൈമാറിയത്. ബാര്‍ ഉടമ അസോസിയേഷന്‍ സെക്രട്ടറി രാജ്കുമാര്‍ ഉണ്ണിയും ചേംബര്‍ ഓഫ് കൊമേഴ്‌സിലെ റസീഫും ഇതിനു സാക്ഷികളാണെന്നും ബിജു രമേശ് മൊഴി നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top