
കിണറിനു സമീപമിരുന്ന് കുട്ടികള്‍ സെല്‍ഫിയെടുക്കുമ്പോള്‍ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നീട് ഇത് സിനിമയക്ക് വേണ്ടി ചിത്രീകരിച്ച രംഗമാണെന്ന് വ്യക്തമാക്കി സംവിധായകനും രംഗത്തെത്തി. വിവിയന്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വീമ്പ് എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ഇങ്ങനെയൊരു വിഡിയോ ചിത്രീകരിച്ചത്. ഇപ്പോഴിതാ ഈ രംഗം ചിത്രീകരിക്കുന്നതിന്റെ മേക്കിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.ഈ ചിത്രം കൈകാര്യം ചെയ്യുന്നത് വാര്‍ത്തകള്‍ മാറിമറിയുന്നതിനെക്കുറിച്ചാണ്. സിനിമക്കു മുന്‍പ് അതില്‍ പറയുന്ന വിഷയത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുവാനും ഇത്തരം പ്രവണതയ്‌ക്കെതിരെയുള്ള സമരമെന്ന് നിലയ്ക്കുമാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ദൃശ്യങ്ങളില്‍ കിണറ്റില്‍ വീഴുന്ന അമ്മൂമ്മയായി അഭിനയിച്ച ഷൊര്‍ണൂര്‍ കൂനത്തറ സ്വദേശിനി രാജലക്ഷ്മി അമ്മയുമായി എത്തിയാണ് ഇദേഹം മാധ്യമങ്ങളെ കണ്ടത്. ആലപ്പുഴ സ്വദേശിനിയായ സ്ത്രീ കിണറ്റില്‍ വീണ് അപകടത്തില്‍പ്പെട്ടു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിച്ചത്. സംഭവത്തില്‍ സംവിധായകനെ വിമര്‍ശിച്ചും നിരവധി ആളുകള്‍ രംഗത്തെത്തുകയുണ്ടായി. എന്നാല്‍ ഈ വീഡിയോയിലൂടെ പറയാന്‍ ഉദ്ദേശിച്ചത് എന്താണോ അതാണ് ഇപ്പോള്‍ ലഭിക്കുന്ന പ്രതികരണമെന്ന് വിവിയന്‍ പറയുന്നു. ‘എല്ലാവരും പറയുന്നതിന്റെ പുറകിലുള്ള വികാരം എനിക്ക് മനസ്സിലാവും. ഞാനും ഈ ചതിയുടെ ഭാഗമാണ്. ഇതല്ലെങ്കില്‍ വേറെ വീഡിയോ.. ഇത് തെളിയിക്കാന്‍ എന്നെ കൊണ്ട് സാധിച്ചു എന്നതിലും. എല്ലാരേയും ഒരു കാര്യത്തില്‍ ഒരുമിപ്പിക്കാന്‍ സാധിച്ചതിലും ദൈവത്തിന് നന്ദി. വ്യാജ ന്യൂസിനെതിരെയുള്ള സമരം. നിങ്ങളോരുത്തരും അതിന്റെ ഭാഗമാണ്. കാലം തെളിയിക്കും.’-വിവിയന്‍ പറഞ്ഞു.