ശ്രീലങ്കയിലെ വിവിധയിടങ്ങളിലായി ഉണ്ടായ സ്‌ഫോടനങ്ങളില്‍ നിരവധിയാളുകള്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിലെ സൂത്രധാരന് ഇന്ത്യയിലും അനുയായികളുണ്ടെന്ന് വിവരം. ഇന്ത്യയിലെ വിവിധയിടങ്ങളില്‍ അനുയായികള്‍ ഉള്ള ഇയാള്‍ തന്റെ പ്രവര്‍ത്തന മേഖല കേരളത്തിലേക്കും വ്യാപിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. കോയമ്പത്തൂര്‍ ജയിലില്‍ ഐസിസ് കേസുമായി ബന്ധപ്പെട്ട് കഴിയുന്ന ഏഴ് പ്രതികളില്‍ നിന്നാണ് ഭീകരര്‍ ശ്രീലങ്കയില്‍ ആക്രമണം നടത്തിയേക്കുമെന്ന വിവരം എന്‍.ഐ.എയ്ക്ക് ലഭിച്ചത്.
ഭീകരരുടെ ഒളിത്താവളം അടക്കമുള്ള വിവരങ്ങള്‍ ഇന്ത്യന്‍ ഏജന്‍സികള്‍ ശ്രീലങ്കയ്ക്ക് കൈമാറുകയും ചെയ്തു.തീവ്രവാദ സംഘടനാ നേതാവിന്റെയും മുഖ്യ സംഘാംഗങ്ങളുടെയും പേരും വിവരങ്ങളും ഫോണ്‍ നമ്പരുകള്‍ പശ്ചാത്തലം തുടങ്ങിയവ അടങ്ങിയ മൂന്ന് പേജ് റിപ്പോര്‍ട്ടാണ് കൈമാറിയത്. എന്നാല്‍ ഇത് ശ്രീലങ്ക അവഗണിക്കുകയായിരുന്നു.
എന്നാല്‍, നാടിനെ ചോരക്കളമാക്കിയ സ്‌ഫോടനപരമ്പരകള്‍ക്കുപിന്നില്‍, തങ്ങള്‍ക്കെന്നും സഹായഹസ്തവുമായെത്തിയിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന വാര്‍ത്ത വിശ്വസിക്കാനാകാതെ മരവിച്ചിരിക്കയാണ് കൊളംബോ നിവാസികള്‍. ഈസ്റ്റര്‍ദിനത്തില്‍ 359 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് കൊളംബോയിലെ പ്രമുഖ സുഗന്ധവ്യഞ്ജന വ്യാപാരിയായ മുഹമ്മദ് യൂസഫ് ഇബ്രാഹിമിനെ പോലീസ് അറസ്റ്റുചെയ്തു.
സ്‌ഫോടനങ്ങളില്‍ ചാവേറുകളായവരില്‍ ഇയാളുടെ മക്കളായ ഇംസാത് അഹമ്മദ് ഇബ്രാഹിമും ഇല്‍ഹാം ഇബ്രാഹിമും ഉള്‍പ്പെട്ടിരുന്നു. സ്‌ഫോടനം നടത്താന്‍ മക്കള്‍ക്ക് മുഹമ്മദ് യൂസഫ് സഹായം നല്‍കിയിട്ടുണ്ടെന്ന് കരുതുന്നതായി പോലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു. ഇയാളുടെ മുഴുവന്‍ കുടുംബാംഗങ്ങളും പോലീസ് കസ്റ്റഡിയിലാണ്. അതേസമയം, സ്‌ഫോടനം നടത്തിയ ചാവേറുകളുടെ പേര് ശ്രീലങ്ക ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
കൊളംബോയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഷാന്‍ഗ്രിലയിലാണ് ഇംസാത് ചാവേറായത്. ഹോട്ടലില്‍ പ്രഭാതഭക്ഷണത്തിനായുള്ള വരിയില്‍നിന്ന ഇയാള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇവരുടെ വീട്ടില്‍ പോലീസ് പരിശോധനയ്‌ക്കെത്തിയപ്പോഴാണ് ഇല്‍ഹാം ചാവേറായി പൊട്ടിത്തെറിച്ചത്. ഇയാളും ഭാര്യയും മൂന്നുമക്കളും നാല് പോലീസുദ്യോഗസ്ഥരും ഇതില്‍ കൊല്ലപ്പെട്ടു. സിനമണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതും ഇല്‍ഹാമാണ്. നേരത്തേ മറ്റൊരു കേസില്‍ ഇല്‍ഹാമിനെ അറസ്റ്റുചെയ്ത് വിട്ടയച്ചിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
കൊളംബോയിലെ അറിയപ്പെടുന്ന വ്യാപാരിയായ മുഹമ്മദ് യൂസഫിന് രാഷ്ട്രീയനേതാക്കളുമായും അടുത്തബന്ധമുണ്ട്. ആറ് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമാണ് ഇയാള്‍ക്കുള്ളത്. 33-കാരനായ ഇംസാത് കൊളംബോയില്‍ സ്വന്തമായി ചെമ്പ് ഫാക്ടറി നടത്തിയിരുന്നയാളാണ്. 31-കാരനായ ഇല്‍ഹാമിന് തീവ്ര ഇസ്‌ലാമിക ആശയങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്നെന്നും ആക്രമണത്തിനുപിന്നിലുള്ള സംഘടനയെന്ന് ശ്രീലങ്ക വിശ്വസിക്കുന്ന നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ യോഗങ്ങളില്‍ ഇയാള്‍ പങ്കെടുത്തിരുന്നെന്നും ഇവരുടെ കുടുംബവുമായി അടുത്തവൃത്തങ്ങള്‍ പറയുന്നു. ബ്രിട്ടനില്‍നിന്ന് ബിരുദവും ഓസ്‌ട്രേലിയയില്‍നിന്ന് ബിരുദാനന്തരബിരുദവും നേടിയിട്ടുള്ളയാളാണ് ഇല്‍ഹാം.
പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും പണവും നല്‍കി സഹായിച്ചിരുന്നയാളാണ് മുഹമ്മദ് യൂസഫ്. അയാളുടെ മക്കള്‍ ആക്രമണം നടത്തിയെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് മഹാവേല ഗാര്‍ഡന്‍സിലെ ഇവരുടെ മൂന്നുനില വസതിക്കുസമീപം താമസിക്കുന്ന ഫാത്തിമ ഫസ്‌ല പറഞ്ഞു. ഇംസാതിനെക്കുറിച്ചും നാട്ടുകാര്‍ക്ക് പറയാനുള്ളത് നല്ലതുമാത്രം. മറ്റുമുതലാളിമാരെപ്പോലെയല്ലാതെ വളരെ കരുണയോടെയാണ് അയാള്‍ ജീവനക്കാരോട് പെരുമാറിയിരുന്നതെന്ന് ഇംതാസിന്റെ ഫാക്ടറിയിലെ ജീവനക്കാരനായ ബംഗ്ലാദേശ് പൗരന്‍ സരോവര്‍ പറയുന്നു.