എന്‍ഐഎ റെയിഡ്: അറുപതോളംപേര്‍ നിരീക്ഷണത്തില്‍; സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ല

കൊച്ചി: ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്ന് എന്‍ ഐ എ കസ്റ്റഡിയിലെടുത്തവര്‍ക്ക് സ്ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് സൂചന. ശ്രീലങ്കയിലെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത സംഘടനയുമായി ആശയപരമായി യോജിപ്പുള്ളവരെയാണ് ചോദ്യം ചെയ്തത്. അതേസമയം സ്ഫോടനവുമായി ബന്ധമുള്ളവര്‍ കേരളത്തിലെത്തിയോ എന്ന കാര്യം പരിശോധിക്കും.

ശ്രീലങ്കയിലെ ചാവേര്‍ സ്ഫോടനങ്ങളുടെ മുഖ്യസൂത്രധാരനും നാഷണല്‍ തൗഹിദ് ജമാഅത്ത് നേതാവുമായിരുന്ന സഹ്രാന്‍ ഹാഷിം കേരളത്തില്‍ താമസിച്ചിരുന്നതായി വെളിപ്പെട്ടതോടെ ഭീകരശൃംഖലയുടെ സംസ്ഥാനത്തെ കണ്ണികള്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ടെത്താന്‍ എന്‍. ഐ. എയും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയും അന്വേഷണം ശക്തമാക്കി. കേരളത്തില്‍ പ്രഭാഷകനായി താമസിച്ചിട്ടുള്ള സഹ്രാന്‍ ഹാഷിം കൊളംബോയിലെ ഹോട്ടലിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.

നാഷണല്‍ തൗഹിദ് ജമാഅത്ത് സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അറുപതോളം മലയാളികള്‍ എന്‍. ഐ. എയുടെ നിരീക്ഷണത്തിലാണെന്ന് സൂചനയുണ്ട്.

തീപ്പൊരി പ്രഭാഷകനായിരുന്ന സഹ്രാന്‍ ഹാഷിമുമായി ബന്ധമുണ്ടെന്ന് കരുതുന്ന കാസര്‍കോട്ടെ രണ്ടു യുവാക്കളുടെ വീടുകളില്‍ എന്‍. ഐ. എ ഇന്നലെ റെയ്ഡ് നടത്തി മൊബൈല്‍ ഫോണുകളും രേഖകളും പിടിച്ചെടുത്തു. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. ചോദ്യം ചെയ്യലിന് ഇന്ന് 11മണിക്ക് കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കി. ഇരുവരും സഹ്രാന്‍ ഹാഷിമിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായിരുന്നു എന്നാണ് അറിയുന്നത്. സഹ്രാന്‍ ഹാഷിം കേരളത്തില്‍ വന്നപ്പോള്‍ ഇവര്‍ നേരിട്ട് ബന്ധം പുലര്‍ത്തിയിരുന്നോ എന്ന് സംശയമുണ്ട്.

കൂടാതെ പാലക്കാട് കൊല്ലംകോട് അക്ഷയ്നഗറില്‍ റിയാസ് അബൂബക്കര്‍ (28) എന്നയാളെ എന്‍. ഐ. എ ഇന്നലെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തൊപ്പിയും അത്തറും വില്‍ക്കുന്ന ഇയാളെ ചോദ്യം ചെയ്യുകയാണ്. മലപ്പുറത്തും സിമി ക്യാമ്പിലൂടെയും മറ്റും കുപ്രസിദ്ധമായ പാനായിക്കുളത്തും ഒരു വര്‍ഷം മുമ്പാണ് സഹ്രാന്‍ ഹാഷിം എത്തിയത്. ഇയാള്‍ തമിഴ്‌നാട്ടിലും കേരളത്തിലും സ്ഥിരമായി വന്നുപോയിരുന്നു.

തമിഴ്‌നാട്ടിലും കേരളത്തിലും വേരുകളുള്ള നാഷണല്‍ തൗഹിദ് ജമാഅത്തിന് പശ്ചിമേഷ്യന്‍ ഭീകരസംഘടനയായ ഐസിസുമായി അടുത്ത ബന്ധമുണ്ട്. അടുത്തിടെ ഐസിസുമായി നേരിട്ട് ഇടപെഴകാതെ സഹ്രാന്‍ നാഷണല്‍ തൗഹിദ് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളിലായിരുന്നു. ഇതിന്റെ പരിണിതഫലമായിരുന്നു ശ്രീലങ്കയിലെ സ്ഫോടനങ്ങള്‍. സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള ഐസിസ് വീഡിയോയില്‍ സഹ്രാനുമുണ്ടായിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും നിന്ന് സഹ്രാന്‍ യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതായാണ് വിവരം. അവരുടെ വിവരങ്ങളും എന്‍.ഐ.എ തേടുന്നുണ്ട്

ഐസിസിലേക്ക് കേരളത്തില്‍ നിന്ന് 21 പേര്‍ ചേക്കേറിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഐസിസിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുമ്പോള്‍ കേരളത്തിലും തമിഴ്‌നാട്ടിലും നാഷണല്‍ തൗഹിദ് ജമാഅത്ത് വേരുറപ്പിച്ചെന്നാണ് കണ്ടെത്തല്‍. . കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലുള്ള യുവാക്കളെ സംഘടനയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള സഹ്രാന്റെ വീഡിയോ സന്ദേശം ഐസിസ് കേസുകളിലെ പ്രതികളില്‍ നിന്ന് എന്‍.ഐ.എ പിടിച്ചെടുത്തിരുന്നു.

Top