കുടുംബമായി തട്ടിപ്പിനിറങ്ങി: ഒടുവിൽ പൊലീസിന്റെ പിടിയിൽ കുടുങ്ങി

ക്രൈം ഡെസ്‌ക്

കൊടുങ്ങല്ലൂർ: സ്വകാര്യ ധനമിടപാട് സ്ഥാപനത്തിന്റെ പേരിൽ പലരിൽനിന്നും പണവും സ്വർണവും ഉൾപ്പെടെ ആറര കോടിയോളം തട്ടിയെടുത്ത കേസിലെ ദമ്പതികളെ പോലീസ് അറസ്റ്റുചെയ്തു. ചെന്ത്രാപ്പിന്നി അലുവത്തെരുവ് താനത്തുപറമ്പിൽ ഹസീന(43), ഭർത്താവ് താനത്തുപറമ്പിൽ ഹാരീസ്(40) എന്നിവരെയാണ് കൊടുങ്ങല്ലൂർ സിഐ സി.ബി.ടോമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊടുങ്ങല്ലൂർ പടിഞ്ഞാറെ നടയിൽ പണമിടപാടുസ്ഥാ പനത്തിൽ ജോലിയിലിരിക്കെ മാക്‌സ് ലൈഫ് ഇൻഷ്വറൻസ് അഡൈ്വസർ പദവി ഉപയോഗിച്ച് അധികപലിശ തരാമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. നാലര കോടി രൂപയും കിലോക്കണക്കിനു സ്വർണവുമാണ് ഇവർ 25ഓളം പേരിൽനിന്നായി തട്ടിയെടുത്തത്.

കുവൈറ്റിൽ താമസിക്കുന്ന പുല്ലൂറ്റ് സ്വദേശി കൊങ്ങാട്ട് രതിയുടെ 1,38,00,000 രൂപയും, നൈസി എന്ന വീട്ടമ്മയുടെ പക്കൽനിന്നും ഒരു കോടിയും മകളുടെ വിവാഹത്തിനായി കരുതിവച്ചിരുന്ന 400 പവനും, കൊടുങ്ങല്ലൂർ സ്വദേശി ഗോപാലകൃഷ്ണന്റെ കൈയിൽനിന്നും 225 പവനും ഇവർ തട്ടിയെടുത്തതിൽ വൻതുകകളാണ്.

2013 ജൂലൈ മുതൽ 2015 മേയ് വരെയുള്ള കാലയളവിലാണ് ഇവർ പണം തട്ടിയെടുത്തത്. 25 പവൻ നിക്ഷേപിച്ചതിനു മാസം തോറും ഒരു പവൻ സ്വർണനാണ യം പലിശയിനത്തിൽ നൽകിയിരുന്നു. ആദ്യമൊക്കെ ജോലിചെ യ്തിരുന്ന പണമിടപാടു സ്ഥാപ നത്തിന്റെ ഡെപ്പോസിറ്റ് എടുപ്പിക്കുകയും നിക്ഷേപകരിൽ വിശ്വാസം നേടുകയും ചെയ്തശേഷം നിക്ഷേപകരുടെ വീട്ടിൽ പോയി പണം വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. മിക്കവർക്കും ഒരു പാസ്ബുക്കിന്റെ പേജിൽ എഴുതി കൊടുക്കുകയായിരുന്നു.

2015 ഡിസംബർ മാസത്തിലാണ് ഇവർക്കെതിരെ കൊങ്ങാട് രതി ഇമെയിൽ വഴി ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയത്. തുടർന്ന് തട്ടിപ്പിന് ഇരയായവർ പരാതികൾ നൽകുകയായിരുന്നു. ഇവരെ അന്വേഷിച്ച് പോലീസ് വിവിധ ഇടങ്ങളിൽ ചെന്നിരുന്നെങ്കിലും ഇവർ മുങ്ങുകയായിരുന്നു. മൈസൂർ, കർണാടക, കുടക്, തിരുപ്പതി, പഴനി എന്നിവിടങ്ങളിലും പെരുമ്പാവൂരിലും താമസിച്ചുവരുന്നതിനിടെ ഇന്നലെ ഹസീനയുടെ സഹോദരൻ ഫിറോസിന്റെ പെരിങ്ങോട്ടുകരയിലെ വീട്ടിൽ എത്തുമെന്നറിഞ്ഞ് പോലീസ് ഒരുമണിയോടെ എത്തി പിടികൂടുകയായിരുന്നു. ഇന്നു കോടതിയിൽ ഹാജരാക്കും. തുടർന്നു തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.

പോലീസിന്റെ ചോദ്യം ചെയ്യലിൽ പണവും ആഭരണങ്ങളും ഒന്നുംതന്നെ കണ്ടെത്താനായിട്ടില്ല. എന്നാൽ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ പണയം വച്ചിട്ടുള്ള 1100 പവൻ സ്വർണം പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്. ഇവരുടെ പേരിൽ ചെന്ത്രാപ്പിന്നിയിലുള്ള 50 സെന്റ് സ്ഥലവും ആറര സെന്ററിൽ പണിതുയർത്തിയിട്ടുള്ള ഇരുനിലമാളികയും പോലീസ് കണ്ടുകെട്ടി. കൂടാതെ ഹാരീസിന്റെ പേരിൽ കൊടുങ്ങല്ലൂരിലുള്ള ആറ് ബ്യൂട്ടി പാർലറുകൾ കണ്ടുകെട്ടിയിട്ടുണ്ട്.

ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നിർദേശപ്രകാരം സിഐ സിബി ടോം, എസ്‌ഐ രാജഗോപാൽ, എഎസ്‌ഐ ജിജോ, സീനിയർ സിപിഒമാരായ കെ.എ.ഹബീബ്, കെ.എ.മുഹമ്മദ് അഷ്‌റഫ്, എം.കെ.ഗോപി, ഷിബു മുരുകേശ്, സിപിഒ സഫീർ, വനിത സിപിഒ സാജിത എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

തട്ടിപ്പിനിരകളായത് ഡോക്ടർമാർ മുതൽ കൂലിപ്പണിക്കാർ വരെ

കൊടുങ്ങല്ലൂർ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പേരിൽ നിക്ഷേപ ത്തട്ടിപ്പിന് ഇരയായവരിൽ ഡോക്ടർമാർ മുതൽ കൂലിപ്പണിക്കാർ വരെ. ആഭരണങ്ങളും പണവുമായി കൊടുങ്ങല്ലൂരിലെ 25ഓളം പേരിൽനിന്നും ആറേകാൽ കോടി രൂപ ഹസീന തട്ടിയെടുത്തപ്പോൾ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത് ഒരു കോടി രൂപയും 400 പവനും ഹസീനയ്ക്കു നിക്ഷേപമായി നൽകിയ കൊടുങ്ങല്ലൂർ സ്വദേശി നൈസിക്ക്. ഇവരുടെ മകളുടെ വിവാഹത്തിനു കരുതിവച്ചതാണ് നാനൂറു പവന്റെ സ്വർണാഭരണങ്ങൾ.

25 പവൻ നിക്ഷേപിക്കുമ്പോൾ ഒരു പവൻ സ്വർണകോയിൻ സമ്മാനമായി നല്കിയതോടെ നിക്ഷേപകർക്ക് ആവേശം അതിരുവിട്ടു. ഒരു കോടി 38 ലക്ഷം രൂപയും 200 പവനും നഷ്ടപ്പെട്ട പുല്ലൂറ്റ് സ്വദേശി കോങ്ങാട്ട് രതി നന്ദകുമാർ ഭ്രമിച്ചുപോയത് സമ്മാനമായി ഓരോ സ്വർണകോയിനും കിട്ടുന്നതിന്റെ സന്തോഷത്തിലായിരുന്നു. സ്വകാര്യ ഇൻഷ്വറൻസ് കമ്പനിയുടെ പേരിലുള്ള നിക്ഷേപങ്ങൾക്ക് ഇവർ വ്യക്തമായ രേഖകൾ പോലും വാങ്ങിയിരുന്നില്ല. പലർക്കും ഹസീന പാസ്ബുക്കിന്റെ പേജുകളിൽ പതിച്ചു കൊടുത്ത രേഖകൾ മാത്രം. ചിലർക്ക് ഇതും നൽകിയിട്ടില്ല.

മാക്‌സ് ലൈഫ് ഇൻഷ്വറൻസ് ഏജൻസിയായ പണമിടപാട് സ്ഥാപനത്തിലെ കാൻവാസിംഗ് ഏജന്റായിരുന്ന ഹസീന ആദ്യമൊക്കെ നല്ല രീതിയിൽ ഇടപാടുകൾ നടത്തി നിക്ഷേപകരുടെ പ്രീതി സമ്പാദിച്ചിരുന്നു. പിന്നീട് ഷെയർ മാർക്കറ്റിനോടുള്ള ഭ്രമമാണ് ഹസീനയെ വഴിതെറ്റിച്ചത്. ഷെയർ മാർക്കറ്റിൽ ഇറക്കിയ 40 ലക്ഷം രൂപ നഷ്ടപ്പെട്ടതോടെ പിടിച്ചുനിൽക്കാനാണ് ഇൻഷ്വറൻസ് കമ്പനി നൽകുന്നതിലും നാലു ശതമാനം പലിശയും സമ്മാനവുമായി സ്വർണകോയിനും നൽകി സമാന്തര ഇടപാട് ആരംഭിച്ചത്. നിക്ഷേപകരുടെ പണം തന്നെയാണ് അധിക പലിശയായും സമ്മാനമായും നൽകിയിരുന്നത്. വൻതുക നിക്ഷേപിച്ച് കൊങ്ങാട്ടിൽ രതി 50 ലക്ഷം രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിന്റെ ചുരുളുകൾ അഴിഞ്ഞത്.

കൊടുങ്ങല്ലൂർ പോലീസ് കേസ് അന്വേഷണം ആരംഭിച്ചതോടെ പരാതിക്കാരുടെ എണ്ണം ഏറിവരികയായിരുന്നു. പരാതി നൽകിയ 25ഓളം പേരിൽ സ്വകാര്യ നിക്ഷേപ സ്ഥാപനത്തിലെ ജീവനക്കാർ വരെയുണ്ട്. അന്വേഷണം ഊർജിതമായതോടെ കേരളം വിട്ട ഹസീന മൈസൂർ, തിരുപ്പതി, പഴനി, കുടക് എന്നിവിടങ്ങളിൽ ഒളിസങ്കേതം കണ്ടെത്തുകയായിരുന്നു. ഓരോ സ്ഥലത്തും രണ്ടുദിവസത്തിൽ കൂടുതൽ തങ്ങാറില്ല. കുടകിൽ മാത്രം 23 റിസോർട്ടുകളിൽ മാറിമാറി താമസിച്ചതായി ഹസീന പോലീസിനോടു പറഞ്ഞു. ഇതിനിടെ പെരുമ്പാവൂരിലും പോലീസിന്റെ കണ്ണുവെട്ടിച്ച് ഹസീന എത്തി. അന്വേഷണ സംഘത്തിന് ഏറെ തലവേദനയുണ്ടാക്കിയ പ്രതി ഒടുവിൽ പെരിങ്ങോട്ടുകരയിലുള്ള സഹോദരന്റെ വീട്ടിൽ എത്താൻ സാധ്യതയുണ്ടെന്ന രഹസ്യസന്ദേശത്തെതുടർന്ന് കാത്തിരുന്നു പിടികൂടുകയായിരുന്നു.

Top