
കേളകം: കടബാധ്യതയും ജപ്തിഭീഷണിയും താങ്ങാനാവാതെ കണിച്ചാറിലെ യുവകര്‍ഷകന്‍ ആത്മഹത്യചെയ്തു. കണിച്ചാര്‍ മേലേ കുണ്ടേരിയിലെ വിലങ്ങുപാറയില്‍ ഷിജോ (39) ആണ് സ്വന്തം കൃഷിയിടത്തില്‍ ആത്മഹത്യചെയ്തത്. വിവിധ ബാങ്കുകളില്‍നിന്നായി 10 ലക്ഷം രൂപയിലധികം വായ്പകളും വ്യക്തിഗതവായ്പകളും വാഹനവായ്പയും നിലവിലുണ്ടായിരുന്നു. കഴിഞ്ഞദിവസം ജില്ല ബാങ്കധികൃതര്‍ വീട്ടിലെത്തി ലോണ്‍ അടക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
വാഹനവായ്പ നല്‍കിയ ഫിനാന്‍സ് സ്ഥാപനത്തില്‍നിന്നുള്ളവരുടെയും സമ്മര്‍ദ്ദമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. റബര്‍ വിലയിടിവും ഷിജോയുടെ ജീവിതത്തെ കാര്യമായി ബാധിച്ചു. ബാങ്കില്‍നിന്ന് ആളുകള്‍ വന്നതോടെ ഷാജോ അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു .പ്രളയത്തെ തുടര്‍ന്ന് ബാങ്ക് വായ്പ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ബാങ്കുകള്‍ വീടുകള്‍ കയറിയിറങ്ങി ഭീഷണിപ്പെടുത്തുകയാണെന്നാണ് ആരോപണം.