റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ ഓടിച്ച് കയറാന്‍ രാജ്യത്തെ കര്‍ഷകര്‍.ഡല്‍ഹിയിൽ മൂന്നര ലക്ഷം ട്രാക്ടറും അഞ്ചുലക്ഷത്തിലേറെ കർഷകരും

ന്യൂഡൽഹി:ചരിത്രത്തിലേക്ക് ട്രാക്ടര്‍ ഓടിച്ച് കയറാന്‍ രാജ്യത്തെ കര്‍ഷകര്‍. റിപ്പബ്ലിക് ദിനമായ ഇന്ന് കര്‍ഷകര്‍ ഡല്‍ഹിയിലും ഹരിയാന അതിര്‍ത്തിയിലും കൂറ്റന്‍ ട്രാക്ടര്‍ റാലി നടത്തും. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ഐതിഹാസിക കിസാൻ പരേഡിന്‌ റിപ്പബ്ലിക്‌ ദിനത്തിൽ തലസ്ഥാനം സാക്ഷിയാകും. മോഡി സർക്കാരിന്റെ കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ ട്രാക്ടറുകളിലായി ലക്ഷങ്ങള്‍ അണിനിരക്കും.പാക് ആക്രമണമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ട്രാക്ടര്‍ റാലിക്ക് പൊലീസ് കനത്ത സുരക്ഷയൊരുക്കും. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി. ഡല്‍ഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകള്‍ ഒരേസമയം റാലി നടത്തുക. രണ്ട് ലക്ഷം ട്രാക്ടറുകള്‍ എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, അതിലും അധികം ട്രാക്ടറുകള്‍ എത്തിയെന്നാണ് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയത്. അതിനാല്‍ തന്നെ, പൊലീസ് അംഗീകരിച്ച റൂട്ട് മാപ്പിനേക്കാള്‍ ദൂരം ട്രാക്ടറുകള്‍ക്ക് സഞ്ചരിക്കേണ്ടി വന്നേക്കുമെന്നാണ് വിലയിരുത്തല്‍.

സിംഗു, തിക്രി, ഗാസിപുര്‍, ചില്ല ബോര്‍ഡര്‍, ഹരിയാനയിലെ മേവാത്, ഷാജഹാന്‍പുര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ട്രാക്ടര്‍ പരേഡ് ആരംഭിക്കുന്നത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പരേഡില്‍ അണിചേരുന്നത്. റിപ്പബ്ലിക് ദിനത്തിന്റെയും ട്രാക്ടര്‍ പരേഡിന്റെയും പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി.

രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്‌, ഉത്തരാഖണ്ഡ്‌, യുപി സംസ്ഥാനങ്ങളിൽനിന്നായി പതിനായിരക്കണക്കിന്‌ ട്രാക്ടറുകൾ ഡൽഹി അതിർത്തിയിലെത്തി. ഡൽഹിക്ക്‌ ചുറ്റും അഞ്ച്‌ സമരകേന്ദ്രത്തിൽനിന്ന്‌ പരേഡുണ്ടാകും. മൂന്നര ലക്ഷം ട്രാക്ടറിലായി അഞ്ചുലക്ഷത്തിലേറെ പേര്‍ പരേഡിൽ പങ്കാളികളാകുമെന്ന്‌ കർഷക സംഘടനകൾ അറിയിച്ചു. സിൻഘു, ടിക്രി, ഗാസിപുർ, ഷാജഹാൻപുർ, പൽവൽ എന്നീ സമരകേന്ദ്രങ്ങളിൽനിന്ന് പരേഡ്‌ ആരംഭിക്കും. സിൻഘു, ടിക്രി, ഗാസിപുർ എന്നിവിടങ്ങളിൽനിന്നുള്ള പരേഡുകൾ ഡൽഹി നഗരത്തിനുള്ളിൽ പ്രവേശിക്കും. ഷാജഹാൻപുരിൽനിന്നുള്ള പരേഡ്‌ മനേസർ വഴി ഗുഡ്‌ഗാവ്‌‌ വരെയെത്തും. പൽവലിൽനിന്നുള്ള റാലി ഡൽഹി അതിർത്തിയിലെ ബദർപുരിലേക്ക്‌ നീങ്ങും. ഡൽഹി‌ക്കുള്ളിലെ പരേഡിനൊപ്പം ഡൽഹിക്ക്‌ ചുറ്റും കർഷകർ ട്രാക്ടറുകളിൽ നീങ്ങും.

കർഷകപ്രക്ഷോഭത്തിന്‌ നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനപ്രകാരം രാജ്യവ്യാപകമായി കിസാൻ പരേഡുണ്ടാകും. റിപ്പബ്ലിക്‌ ദിനത്തിൽ രാജ്‌പഥിലെ ഔദ്യോഗിക പരേഡ്‌ പകൽ 12ന്‌‌ സമാപിച്ചശേഷമാകും നഗരത്തിനുള്ളിലേക്ക്‌ കിസാൻ പരേഡ്‌. സിൻഘുവിൽനിന്നും ടിക്രിയിൽനിന്നുമുള്ള പരേഡുകൾ 60‌ കിലോമീറ്ററിലേറെ ഡൽഹി‌ക്കുള്ളിൽ സഞ്ചരിക്കും. ഗാസിപുരിൽനിന്നുള്ള റാലി 40‌ കിലോമീറ്ററിലേറെ നഗരത്തിനുള്ളിൽ നീങ്ങും. പൊലീസുമായുള്ള ചർച്ചയിൽ നിശ്ചയിച്ച റൂട്ടിലൂടെ മൂന്ന്‌ പരേഡും ഡൽഹി‌ക്കുള്ളിലൂടെ പുറത്തേക്ക്‌ നീങ്ങും.

തികച്ചും സമാധാനപൂർണമായിരിക്കും കിസാൻപരേഡെന്ന്‌ കർഷകസംഘടനകൾ അറിയിച്ചു. കർഷകസംഘടനകളുടെ കൊടികൾക്കൊപ്പം ദേശീയപതാകയും വഹിച്ചാകും ട്രാക്ടറുകൾ നീങ്ങുക. പ്രകോപനപരമായ മുദ്രാവാക്യങ്ങളുണ്ടാകില്ല. ഓരോ പരേഡിനും മുന്നിലായി കർഷക നേതാക്കൾ വാഹനത്തിൽ സഞ്ചരിക്കും. കാർഷിക നിയമങ്ങളുടെ ദോഷങ്ങളും കർഷകപ്രക്ഷോഭത്തിന്റെ അനുഭവങ്ങളും വിശദമാക്കുന്ന നിശ്ചലദൃശ്യങ്ങൾ പരേഡിന്‌ മാറ്റുകൂട്ടും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കലാരൂപങ്ങളും പരേഡിന്റെ ഭാഗമാകും. കിസാൻ പരേഡിന്‌ ട്രേഡ്‌യൂണിയൻ സംഘടനകളും ഇടതുപക്ഷ പാർടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.

Top