യുപിയില്‍ കര്‍ഷകരുടെ ബോര്‍ഡ്: ‘ബി.ജെ.പിക്കാര്‍ സ്വയം കരുതലില്‍ മാത്രം പ്രവേശിക്കുക, കര്‍ഷക ഐക്യം പുലരട്ടെ ‘

ലക്നൗ: ഡല്‍ഹിയില്‍ കര്‍ഷക സമരത്തിനെതിരെ അക്രമം അഴിച്ചുവിട്ട പോലീസ് നടപടിയില്‍ യുപിയില്‍ പ്രതിഷേധം പടരുന്നു. പ്രായമായ കര്‍ഷകരെ വരെ ലാത്തി കൊണ്ട് മര്‍ദ്ദിച്ച് അവശരാക്കിയ സര്‍ക്കാര്‍ നടപടി ബി.ജെ.പി വിരുദ്ധ വികാരമായാണ് യുപിയിലെ കര്‍ഷക ഗ്രാമങ്ങളില്‍ പ്രചരിക്കുന്നത്. ഉത്തര്‍പ്രദേശിലെ റോസുല്‍പൂര്‍ മാഫി ഗ്രാമത്തില്‍ ‘ബി.ജെ.പിക്കാര്‍ സ്വയം കരുതലില്‍ മാത്രം പ്രവേശിക്കുക’ എന്ന ബോര്‍ഡ് സ്ഥാപിച്ചാണ് കര്‍ഷകര്‍ പ്രതിഷേധമറിയിച്ചത്. നേരത്തെ എസ്.സി എസ്.ടി ആക്ടിനെതിരായ സമരത്തില്‍ യു.പിയിലെ ബരബംങ്കി ജില്ലയിലെ ഉയര്‍ന്ന ജാതിക്കാരും സമാനമായ ബി.ജെ.പി വിരുദ്ധ പോസ്റ്ററുകള്‍ സ്ഥാപിച്ചിരുന്നു.

‘കര്‍ഷക ഐക്യം പുലരട്ടെ. ബി.ജെ.പി പ്രവര്‍ത്തകര്‍ ഈ ഗ്രാമത്തില്‍ പ്രവേശിക്കരുത്. നിങ്ങളുടെ സുരക്ഷക്ക് നിങ്ങള്‍ മാത്രമാണ് ഉത്തരവാദി. കര്‍ഷക ഐക്യം പുലരട്ടെ..’ റോസുല്‍പൂര്‍ മാഫി ഗ്രാമത്തില്‍ കര്‍ഷകര്‍ സ്ഥാപിച്ച ബോര്‍ഡിലുളളതാണ് ഈ വാക്കുകള്‍. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രചാരണമാണ് ഈ ബോര്‍ഡിന്റെ ദൃശ്യങ്ങള്‍ക്ക് ലഭിച്ചത്.

റോസുല്‍പൂര്‍ മാഫി ഗ്രാമത്തിന് സമീപ ഗ്രാമങ്ങളിലെ ജനങ്ങളും ഇതിനോട് ഐക്യദാര്‍ഢ്യവുമായി ബി.ജെ.പി പ്രവര്‍ത്തകരെ വിലക്കാന്‍ ഒരുങ്ങുകയാണെന്നാണ് വാര്‍ത്തകള്‍. കര്‍ഷക സമരത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിച്ച ക്രൂരതയോട് ജനങ്ങള്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ശിവസേന നേതാവ് മോഹന്‍ ഗുപ്ത പ്രതികരിച്ചു. തന്റെ ഗ്രാമത്തില്‍ ഇത്തരത്തിലുള്ള ബോര്‍ഡ് സ്ഥാപിച്ച് താനും ഇതില്‍ പങ്കാളിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top