ചൊവ്വാഴ്ചരാജ്യവ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ കര്‍ഷക സംഘടനകള്‍. വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു. സമരത്തിന് ആവേശം പകര്‍ന്ന് ഡല്‍ഹി അതിര്‍ത്തികളിലേക്ക് കര്‍ഷക പ്രവാഹം. കാര്‍ഷിക നിയമം പിന്‍വലിക്കും വരെ സമരം ശക്തമാക്കാനാണ് തീരുമാനം.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കുടൂതല്‍ കര്‍ഷകര്‍ അതിര്‍ത്തികളില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. മീററ്റ് – ഡല്‍ഹി ദേശീയപാത ഇന്നും കര്‍ഷകര്‍ ഉപരോധിച്ചു. ഒമ്പതാം ദിവസത്തിലേക്ക് കടന്ന് കര്‍ഷകസമരം ഡല്‍ഹി അതിര്‍ത്തികളില്‍ ശക്തമാണ്. ഗാസിപൂരിന് പുറമേ നോയിഡ, തിക്രി, ഗുരുഗ്രാം എന്നിവിടങ്ങളില്‍ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം നടക്കുകയാണ്.
ഡിഎന്‍ഡി എക്‌സ്പ്രസ് വേ വഴിയും, ചില്ല അതിര്‍ത്തി വഴിയും ഡല്‍ഹിയിലേക്കുള്ള ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ഗാസിപൂരില്‍ നൂറിലധികം ട്രാക്ടറുകള്‍ എത്തിയിട്ടുണ്ട്. ഏത് നിമിഷവും സമരം ശക്തമാക്കാന്‍ സജ്ജരായാണ് പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ അതിര്‍ത്തികളില്‍ എത്തുന്നത്.