കാരായിമാരെ ഫസല്‍കേസില്‍ നിന്ന് രക്ഷപെടുത്താന്‍ സിപിഎമ്മിന്റെ അടുത്ത നീക്കം

കണ്ണൂര്‍ :എന്‍ ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ കൊല്ലപ്പെട്ട കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ അറസ്റ്റുചെയ്തു സിപിഎം നേതാക്കളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും കേസില്‍ നിന്ന് രക്ഷപെടുത്താന്‍ അടുത്തവഴികള്‍ തേടി സിപിഎം പാര്‍ട്ടി നേതൃത്വം. കേരള പോലീസിനെ ഉപയോഗിച്ച് തെളിവുകള്‍ ശേഖരിച്ച് സിബിഐക്കും സിബിഐ കോടതിക്കും സമര്‍പ്പിച്ചിട്ടും അനുകൂലവിധിയുണ്ടാകാത്തതില്‍ നേതൃത്വം നിരാശരാണ്. സുബീഷിന്റെ മൊഴിയുടെ പേരില്‍ രാഷ്ട്രീയമായി ഏറെ പേരുദോഷം ആഭ്യന്തരവകുപ്പിന് കേള്‍ക്കേണ്ടിയും വന്നു. ആരോപണങ്ങള്‍ നിലനില്‍ക്കെ തന്നെ കാരായിമാരെ കൈവിടാന്‍ പാര്‍ട്ടി തയാറല്ല. സിബിഐ കോടതി ഫസല്‍കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാണിച്ച് പുറപ്പെടുവിച്ച വിധി വിശദമായി പരിശോധിക്കുകയാണ് പാര്‍ട്ടി. കോടതി ചൂണ്ടിക്കാണിച്ച കുറവുകള്‍ കൂടി പരിഹരിച്ച് ഹൈക്കോടതിയില്‍ വീണ്ടും സിബിഐ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

ഹൈക്കോടതിയും കനിഞ്ഞില്ലെങ്കില്‍ സുപ്രീം കോടതിയിലേക്ക് പോകാനും നേതൃത്വം തയാറായിക്കഴിഞ്ഞു. സുബീഷിന്റെ മൊഴിയുടെ ദൃശ്യങ്ങളും ഫോണ്‍ സംഭാഷണവും മാത്രമാണ് തുടരന്വേഷണത്തിന് ഉത്തരവിടാനുള്ള തെളിവുകളായി കാരായിമാരുടേയും പാര്‍ട്ടിയുടേയും കൈവശമുള്ളു. സുബീഷിനെ ചോദ്യം ചെയ്തതില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ എന്തെങ്കിലും ലഭിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട് . ലഭ്യമായ തെളിവുകള്‍ അണിനിരത്തി മേല്‍ക്കോടതിയില്‍ അപേക്ഷ നല്‍കിയാല്‍ അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷ പാര്‍ട്ടി ഇപ്പോഴും കൈവിട്ടിട്ടില്ല.ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. കാരായി മാരെ രക്ഷപെടുത്താന്‍ സിപിഎം കുറച്ചൊന്നുമല്ല ഇതിനോടകം പണിപ്പെട്ടിരിക്കുന്നത്.mk
തദ്ദേശസ്വയം ഭരണതിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ച് കാരായി മാരെ കണ്ണൂര്‍ ജില്ലയിലേക്ക് കൊണ്ടു വരാനുള്ള ശ്രമമായിരുന്നു ആദ്യത്തേത്. കൊലപാതക കേസില്‍ പ്രതികളായവരെയാണ് സിപിഎം മല്‍സരിപ്പിക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ അവഗണിച്ചും കാരായി രാജനെ കണ്ണൂര്‍ ജില്ലാപഞ്ചായത്തിലേക്കും കാരായി ചന്ദ്രശേഖരനെ തലശേരി നഗരസഭയിലേക്കും മല്‍സരിപ്പിച്ചു. എങ്കിലും നോമിനേഷന്‍ നല്‍കാന്‍ മാത്രം ജില്ലയില്‍ പ്രവേശിക്കാമെന്നായിരുന്നു കോടതി വിധി. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ആള്‍ക്ക് പ്രചാരണത്തിനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിച്ചെങ്കിലും തള്ളി. വോട്ടുചെയ്യാന്‍ മാത്രം അനുമതി നല്‍കി. പ്രചാരണമില്ലെങ്കിലും വന്‍ഭൂരിപക്ഷത്തില്‍ സിപിഎം കോട്ടകളില്‍ നിന്ന് ഇരുവരും ജയിച്ചുകയറി. കാരായി രാജനെ ജില്ലാപഞ്ചായത്ത് പ്രസിഡന്റാക്കി തിരഞ്ഞെടുത്തും കാരായി ചന്ദ്രശേഖരനെ തലശേരി നഗരസഭചെയര്‍മാനാക്കി തിരഞ്ഞെടുത്തും ഇരുവരേയും ജില്ലയിലെത്തിക്കാന്‍ അടുത്ത ശ്രമം.
അധ്യക്ഷന്‍മാര്‍ക്ക് ഭരണഘടനപ്രകാരമുള്ള ഉത്തവരവാദിത്വങ്ങള്‍ നിറവേറ്റാന്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയില്‍. പക്ഷേ കോടതി അതും നിരാകരിച്ചതോടെയാണ് സിപിഎമ്മും കാരായിമാരും നിരാശരായത്. പിന്നീടാണ് പടുവിലായി മോഹനന്‍ വധക്കേസില്‍ പ്രതിചേര്‍ത്ത സുബീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ നിന്ന് ഊരാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. കണ്ണൂര്‍ ജില്ലയിലെ പ്രധാനനേതാക്കളെ കൈവിടാന്‍ പാര്‍ട്ടി തയാറാകാത്തിടത്തോളം കാലം ഇരുവര്‍ക്കും പ്രതീക്ഷ ബാക്കിയാണ്. ഇനി ഹൈക്കോടതിയും സുപ്രീം കോടതിയും . അതും കഴിഞ്ഞാല്‍ പാര്‍ട്ടി എന്തുചെയ്യും.. ???????

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top