കാരായിരാജന്‍ കണ്ണൂരില്‍ ജില്ലാ പഞ്ചായത്ത്‌ അദ്ധ്യക്ഷന്‍

കണ്ണൂര്‍: ത്രിതല പഞ്ചായത്ത്‌ അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ യുഡിഎഫ്‌ കക്ഷികള്‍ക്ക്‌ തന്നെ മുന്‍തൂക്കം. ജില്ലാ പഞ്ചായത്തുകളില്‍ ഏഴെണ്ണം വീതം എല്‍ഡിഎഫും യുഡിഎഫും നേടിയിരുന്നു. തൂക്കുഭരണം ഉറപ്പായിരുന്ന കാസര്‍ഗോഡ്‌ യുഡിഎഫ്‌ അധികാരത്തില്‍ എത്തിയപ്പോള്‍ കണ്ണൂരില്‍ ഫസല്‍ വധക്കേസില്‍ വിചാരണ നേരിടുന്ന കാരായിരാജന്‍ ജില്ലാ പ്രസിഡന്റായി. യുഡിഎഫ്‌ പിന്തുണ വേണ്ടെന്ന്‌ വ്യക്‌തമാക്കിയിരുന്ന ആര്‍എംപി ഒഞ്ചിയത്ത്‌ ലീഗ്‌ പിന്തുണ സ്വീകരിച്ചതും പെമ്പിളൈ ഒരുമൈ യുഡിഎഫിനെ പിന്തുണച്ചതുമാണ്‌ വ്യത്യസ്‌തത.
കാസര്‍ഗോഡ്‌ ജില്ലാ പഞ്ചായത്തില്‍ പിന്തുണകള്‍ അപ്രതീക്ഷിതമായി മാറി മറിഞ്ഞപ്പോള്‍ ഭരണം യുഡിഎഫിന്‌ കിട്ടി. ബിജെപി വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നതാണ്‌ നിര്‍ണ്ണായകമായത്‌. ലീഗ്‌ അധികാരത്തില്‍ എത്താതിരിക്കാന്‍ എല്‍ഡിഎഫിനെ പിന്തുണയ്‌ക്കാന്‍ തയ്യാറായിരുന്നെങ്കിലും ബിജെപിയുടെ പിന്തുണ വേണ്ടെന്ന്‌ എല്‍ഡിഎഫ്‌ നിലപാട്‌ എടുത്തതോടെയാണ്‌ ബിജെപി വിട്ടുനിന്നത്‌.
കണ്ണൂരില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കാരായി രാജന്‍ സത്യപ്രതിജ്‌ഞ നടത്തി സ്‌ഥാനമേറ്റു. 24 ല്‍ 15 സീറ്റുകളും നേടി വ്യക്‌തമായ ഭൂരിപക്ഷം എല്‍ഡിഎഫ്‌ ഇവിടെ നേടിയിരുന്നു. ചുമതലയേറ്റ രാജന്‍ ഇന്ന്‌ വൈകിട്ട്‌ എറണാകുളത്തേക്ക്‌ മടങ്ങും.
കോണ്‍ഗ്രസ്‌ ഗ്രൂപ്പ്‌ പോരിനിടെ അനിശ്‌ചിതത്തിലായിരുന്ന കളമശ്ശേരി നഗരസഭയില്‍ യുഡിഎഫ്‌ ഭരണം നേടി. എ ഗ്രൂപ്പിന്റെ ജെസ്സി പീറ്ററാണ്‌ അദ്ധ്യക്ഷ. കെപിസിസി നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ്‌ ജെസ്സി പീറ്റര്‍ അദ്ധ്യക്ഷയായത്‌. വോട്ടു രേഖപ്പെടുത്തിയ ശേഷം ഐ ഗ്രൂപ്പ്‌ അംഗങ്ങള്‍ പ്രതിഷേധിച്ചു. ഇവിടെ ഭൂരിപക്ഷമുള്ള ഐ ഗ്രൂപ്പിന്‌ 13 കൗണ്‍സിലര്‍മാര്‍ ഉണ്ട്‌. എ ഗ്രൂപ്പിന്‌ അഞ്ചു സീറ്റുകള്‍ മാത്രമാണ്‌ ഉള്ളത്‌. കളമശ്ശേരിയിലെ എല്‍ഡിഎഫ്‌ വിമതനും യുഡിഎഫിന്‌ വോട്ട്‌ ചെയ്‌തു.
ഗ്രൂപ്പ്‌ പോരുകള്‍ പുകഞ്ഞ കല്‍പ്പറ്റ നഗരസഭയിലും യുഡിഎഫ്‌ ഭരണം പിടിച്ചെടുത്തു. ജെഡിയു വിന്റെ ബിന്ദുജോസ്‌ കല്‍പ്പറ്റയില്‍ ചെയര്‍പേഴസ്‌ണാകും. ഒരു വര്‍ഷത്തേക്ക്‌ ആണ്‌ ബിന്ദു ജോസ്‌ പ്രസിഡന്റാകുന്നത്‌. ശേഷിക്കുന്ന വര്‍ഷങ്ങള്‍ കോണ്‍ഗ്രസും ലീഗും പങ്കിട്ടെടുക്കും.
ഒഞ്ചിയം പഞ്ചായത്ത്‌ ആര്‍എംപിയ്‌ക്ക് യുഡിഎഫ്‌ പിന്തുണ നല്‍കി. സിപിഎം ആണ്‌ ഇവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും മുസ്‌ളീംലീഗ്‌ പിന്തുണച്ചതോടെ ആര്‍എംപി ഭരണം നേടി. കോണ്‍ഗ്രസ്‌, ജെഡിയു അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നപ്പോള്‍ രണ്ടു ലീഗ്‌ അംഗങ്ങള്‍ പിന്തുണ നല്‍കി. ആര്‍എംപിയുടെ കവിത ഇവിടെ പ്രസിഡന്റായി. ആര്‍എംപി ആവശ്യപ്പെട്ടിട്ടല്ല ലീഗ്‌ പിന്തുണ നല്‍കിയെന്ന്‌ കവിത വ്യക്‌തമാക്കി. അതേസമയം ചോറോട്‌ ഗ്രാമപഞ്ചായത്ത്‌ ആര്‍എംപി പിന്തുണയോടെ കോണ്‍ഗ്രസ്‌ ഭരിക്കും. കോണ്‍ഗ്രസും ലീഗും തമ്മില്‍ മത്സരിച്ച കരിവാരക്കുണ്ട്‌ പഞ്ചായത്തില്‍ മുസ്‌ളീംലീഗ്‌ ഭരണം നേടി.
പെമ്പിളൈ ഒരുമയുടെ രണ്ടു സ്‌ഥാനാര്‍ത്ഥികള്‍ നിര്‍ണ്ണായകമായ മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ്‌ അധികാരത്തിലെത്തി. ഒമ്പതു സീറ്റുകളായിരുന്നു ഇവിടെ യുഡിഎഫിന്‌. എല്‍ഡിഎഫിന്‌ പത്തു സീറ്റും ഉണ്ടായിരുന്നു. എന്നാല്‍ പൊമ്പിളൈ ഒരുമൈ പിന്തുണച്ചതോടെ യുഡിഎഫിന്‌ 11 സീറ്റായി. പൊമ്പിളൈ ഒരുമയിലെ ഭിന്നത മറനീക്കി പുറത്ത്‌ വന്നപ്പോള്‍ പ്രതിനിധികള്‍ രണ്ടും ലിസിക്കൊപ്പം നില്‍ക്കുന്ന കാഴ്‌ചയാണ്‌ മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ കണ്ടത്‌.
പത്തനംതിട്ട കുളനട ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ്‌-യു.ഡി.എഫ്‌ സഖ്യമാണ്‌ ഭരണം നേടിയിരിക്കുന്നത്‌. സ്വതന്ത്ര അംഗം സൂസന്‍ തോമസ്‌ പഞ്ചായത്ത്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇകുളനടയില്‍ ബിജെപിയാണ്‌ ഏറ്റവും വലിയ ഒറ്റകക്ഷി. ഇടുക്കി ആലക്കോട്‌ പഞ്ചായത്തില്‍ എല്‍ഡിഎഫ്‌ കേരളാകോണ്‍ഗ്രസ്‌ സഖ്യം വന്നപ്പോള്‍ കോണ്‍ഗ്രസ്‌ വിമതനെ പ്രസിഡന്റാക്കി. കണ്ണൂര്‍ ചപ്പാരപ്പടവ്‌ പഞ്ചായത്തില്‍ കോണ്‍ഗ്രസ്‌ അംഗത്തിന്റെ പിന്തുണയോടെ ഇടതുപക്ഷം അധികാരംപിടിച്ചു. കൂറുമാറിയ സജി ഓതറ പഞ്ചായമത്ത്‌ പ്രസിഡന്റായി. മലപ്പുറം എടപ്പറ്റ പഞ്ചായത്തില്‍ സിപിഎം ലീഗ്‌ സഖ്യം ഭരണം നടത്തും. പത്തനംതിട്ട കുറ്റൂര്‍ പഞ്ചായത്തില്‍ കേരളാകോണ്‍ഗ്രസ്‌ പിന്തുണയോടെ ബിജെപി അധികാരത്തിലെത്തി. തൃശൂര്‍ അവിണിശേരി പഞ്ചായത്ത്‌ ഭരണം ബിജെപി നേടി. തിരുവനന്തപുരത്ത്‌ പാങ്ങോട്‌, യുഡിഎഫ്‌ നറുക്കെടുപ്പിലുടെ നേടി.

Top