സീറ്റ് വിഭജനത്തില്‍ തെറ്റി ജോസ് വിഭാഗം; ഇടതുമുന്നണിയില്‍ തര്‍ക്കം മുറുകുന്നു

തുടര്‍ ഭരണം എന്ന ദിവാസ്വപ്‌നത്തിനായി ഇടതുപക്ഷം കൂടെക്കൂട്ടിയ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇപ്പോള്‍ മുന്നണിക്ക് തലവേദയാകുന്ന കാഴ്ചയാണ് കോട്ടയത്തുള്ളത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തില്‍ ജോസ് വിഭാഗം കടുംപിടിത്തം തുടരുന്നതോടെയാണ് കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് എത്തിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തില്‍ 12, പാലാ മുനിസിപ്പാലിറ്റിയില്‍ 18 സീറ്റുകളാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ആവശ്യപ്പെട്ടത്. കേരള കോണ്‍ഗ്രസിനായി കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കില്ലെന്ന് വ്യക്തമാക്കിയ സിപിഐ ഇനി ചര്‍ച്ചയ്ക്കില്ലെന്നും തീര്‍ത്തുപറഞ്ഞു.

ഇതോടെ ജോസ് വിഭാഗം മുന്നണിക്ക് തലവേദന ആകുകയാണ്. സീറ്റുകള്‍ നല്‍കാന്‍ സിപിഎം തയാറാണെങ്കിലും സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച അഞ്ച് സീറ്റുകളിലൊന്ന് സിപിഐ വിട്ടുനല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു സീറ്റ് കൂടി ആവശ്യപ്പെട്ടതോടെ സിപിഐ ഇടഞ്ഞു. പാര്‍ട്ടിയുടെ അഭിമാനം പണയം വച്ച് ഒത്തുതീര്‍പ്പിനു വഴങ്ങേണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിര്‍ദേശം നല്‍കിയതോടെയാണ് ജില്ലാ നേതൃത്വം കടുത്ത നിലപാടെടുത്തത്. ജില്ലാ പഞ്ചായത്തില്‍ പതിനൊന്ന് സീറ്റെങ്കിലും വേണമെന്ന് കേരള കോണ്‍ഗ്രസും നിലപാടെടുത്തു.

ഇരു പാര്‍ട്ടികളും വിട്ടുവീഴ്ചയ്ക്ക് തയാറാകാത്ത സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനുള്ള സമവാക്യം സിപിഎം ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്യും. ഒത്തുതീര്‍പ്പു സമവാക്യം രൂപപ്പെട്ടാല്‍ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് അന്തിമ തീരുമാനം പ്രഖ്യാപിക്കും. ഇതിനിടെ ജില്ലാ പഞ്ചായത്തിലെ നാലു സീറ്റുകളിലേക്ക് മത്സരിക്കേണ്ട സ്ഥാനാര്‍ഥികളെ സിപിഐ തീരുമാനിച്ചു.

Top