മോന്‍സ് ജോസഫ് രാജിയിലേക്ക് !കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം പിളർപ്പിലേക്ക് .അണികലും നേതാക്കളും ജോസ് കെ മാണി വിഭാഗത്തിലേക്ക്

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ വലിയ പൊട്ടിത്തെറി.കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ നിന്നും ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പടേയുള്ള നേതാക്കള്‍ വിട്ട് നിന്നതോടെ ഈ അതൃപ്തി മറനീക്കി പുറത്ത് വരികയും ചെയ്തു. ഫ്രാന്‍സിസ് ജോര്‍ജിന് പുറമെ ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ തുടങ്ങിയ നേതാക്കളും വിട്ടു നിന്നു. പാര്‍ട്ടി ഭാരവാഹി പട്ടികയില്‍ വലിയ അതൃപ്തി രേഖപ്പെടുത്തിയ നേതാക്കളാണ് മൂവരും. മോന്‍സ് ജോസഫിനും ജോയി എബ്രഹാമിനും അമിത പ്രാധാന്യം നല്‍കുന്നുവെന്നതാണ് വിമത നേതാക്കളുടെ ആരോപണം.പദവികൾ തീരുമാനിച്ചതിൽ ഉള്ള അതൃപ്തി പരസ്യമാക്കി പലതവണ ഫ്രാൻസിസ് ജോർജ് മാധ്യമങ്ങൾക്കുമുന്നിൽ രംഗത്ത് വരികയും ചെയ്തു.

ഇതിനെ തുടർന്നാണ് കഴിഞ്ഞ ആഴ്ച പിജെ ജോസഫിന്റെ പുറപ്പുഴയിലെ വസതിയിൽ പാർട്ടി യോഗം ചേർന്നത്. രാത്രി ഏറെ വൈകിയാണ് യോഗം അവസാനിച്ചത്. തർക്കത്തിനൊടുവിൽ പരിഹാര ഫോർമുല എന്ന നിലയിൽ പി ജെ ജോസഫ് മുന്നോട്ടുവെച്ചത് സംഘടനാ തെരഞ്ഞെടുപ്പ് ആയിരുന്നു. ഈ ധാരണയിൽ യോഗം പിരിയുകയും ചെയ്തു.എന്നിട്ടും കോട്ടയത്ത് നടന്ന സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ വിമത പക്ഷത്തുള്ള ഫ്രാൻസിസ് ജോർജ്, ജോണിനെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നിവർ വിട്ടുനിന്നിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ഫ്രാൻസിസ് ജോർജ് പങ്കെടുക്കാതിരുന്നത് എന്നാണ് പി ജെ ജോസഫ് നൽകിയ വിശദീകരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റേഷൻ ഡീലേഴ്സ് അസോസിയേഷൻ യോഗത്തിൽ പങ്കെടുക്കാൻ ഉള്ളതിനാലാണ് ജോണി നെല്ലൂർ വിട്ടുനിന്നത് എന്നും പിജെ ജോസഫ് പറഞ്ഞിരുന്നു. എന്നാൽ ഇതു മാത്രമല്ല കാരണം എന്നാണ് വിമത പക്ഷത്തെ ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. സംഘടന തിരഞ്ഞെടുപ്പ് എന്ന ഫോർമുലയിൽ ചില അപകടങ്ങൾ ഉള്ളതായി വിമത നേതാക്കൾ വിലയിരുത്തുന്നുണ്ട്.

ജോസഫ് വിഭാഗത്തിൽ ഇപ്പോഴുള്ള മുഴുവൻ കമ്മിറ്റികളിലും പിജെ ജോസഫിന് ശക്തമായ ആധിപത്യം ആണുള്ളത്. പി ജെ ജോസഫിന്റെ കൂടെ എക്കാലത്തും ഒപ്പം നിന്ന് നേതാവാണ് മോൻസ് ജോസഫ്. അതുകൊണ്ടുതന്നെ മോൻസ് ജോസഫിനും ഇതേ ആധിപത്യം ഉണ്ട്. ഇടക്കാലത്ത് വിട്ടുപോയ ഫ്രാൻസിസ് ജോർജിന് പാർട്ടിയിൽ അത്രയും സ്വാധീനമില്ല.

അടുത്തകാലത്ത് മാത്രം വന്ന നേതാവാണ് ജോണി നെല്ലൂർ. തോമസ് ഉണ്ണിയാടനും ഏറെക്കാലം കെഎം മാണിക്കൊപ്പം നിന്ന നേതാവാണ്. കെഎം മാണി ജീവിച്ചിരുന്ന കാലത്ത് മണിയോടൊപ്പം ചേർന്നുള്ള രാഷ്ട്രീയ നീക്കങ്ങളാണ് തോമസ് ഉണ്ണിയാടൻ നടത്തിയിരുന്നത്. സാഹചര്യം ഇങ്ങനെയായിരിക്കെ തെരഞ്ഞെടുപ്പു വന്നാൽ മോൻസ് ജോസഫ് സർവാധിപത്യം നേടുമെന്ന് എതിർ വിഭാഗം കരുതുന്നു.

സംഘടനാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പിന്നീട് പാർട്ടിയിൽ എന്ത് പദവികൾ കിട്ടിയാലും അത് പൊതുജനത്തിനു മുന്നിൽ നല്ല പ്രതിച്ഛായ ആയിരിക്കില്ല സൃഷ്ടിക്കുക. അത് രാഷ്ട്രീയ ഭാവിയെ തന്നെ ഇരുട്ടിലാക്കും എന്നും എതിർ വിഭാഗത്തെ ഓരോ നേതാക്കളും വിലയിരുത്തുന്നു. സംഘടനാ തെരഞ്ഞെടുപ്പ് എന്നത് താഴേത്തട്ടു മുതൽ നടത്തുമെന്നാണ് പിജെ ജോസഫ് പറയുന്നത്.

കേരള കോൺഗ്രസിന്റെ സംഘടന സംവിധാനം അനുസരിച്ച് ഒരുതരത്തിലും ഇത് നടക്കാൻ സാധ്യതയില്ലാത്ത കാര്യമാണെന്നും എതിർവിഭാഗം വിലയിരുത്തുന്നു. താഴേത്തട്ടു മുതൽ മെമ്പർഷിപ്പ് പുതിയതായി നൽകി അവിടങ്ങളിൽ തിരഞ്ഞെടുപ്പ് നടത്താൻ വർഷങ്ങൾ പിടിക്കും എന്ന് നേതാക്കൾ കരുതുന്നു. അങ്ങനെ വരുമ്പോൾ ഇപ്പോൾ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കും.

അതായത് സംഘടനാ തെരഞ്ഞെടുപ്പ് എന്ന കെണിയിൽ വിമത നേതാക്കളെ വീഴ്ത്തുകയായിരുന്നു പിജെ ജോസഫ് എന്ന് അർത്ഥം. ഉന്നതാധികാരസമിതി യോഗം ചേർന്ന് ഇക്കാര്യത്തിൽ എന്തുവേണമെന്ന് തീരുമാനമെടുക്കുമെന്നാണ് പി ജെ ജോസഫ് പറഞ്ഞത്. ഏറ്റവും അടുത്ത ദിവസം ചേർന്ന ഉന്നതാധികാര സമിതി യോഗത്തിലും വിമത നേതാക്കൾക്കെതിരെ കടുത്ത വിമർശനങ്ങൾ ഉണ്ടായേക്കും. അങ്ങനെ വന്നാൽ മറ്റൊരു പൊട്ടിത്തെറി ഉണ്ടാകുമോ എന്ന പ്രതിസന്ധിയും പാർട്ടി ഉണ്ട്.

നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പിസി തോമസ് നയിക്കുന്ന കേരള കോണ്‍ഗ്രസില്‍ ലയിച്ചതിന്‍റെ ഭാഗമായിട്ടായിരുന്നു ജോസഫ് വിഭാഗത്തില്‍ പുനസംഘടന നടത്തിയത്. പിജെ ജോസഫ് ചെയര്‍മാനായപ്പോള്‍ പിസി തോമസിനെ വര്‍ക്കിങ് ചെയര്‍മാനായും തിരഞ്ഞടുത്തു. മോന്‍സ് ജോസഫ്- എക്സിക്യൂട്ടീവ് ചെയര്‍മാനായപ്പോള്‍ സെക്രട്ടറി ജനറല്‍ പദവിയായിരുന്നു ജോയ് എബ്രഹാമിന് നല്‍കിയത്.ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവർക്ക് ഡെപ്യൂട്ടി ചെയർമാൻ പദവിയും നല്‍കി. സീനിയര്‍ നേതാവായ ഫ്രാന്‍സിസ് ജോര്‍ജിന് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം ലഭിക്കുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജിനെ തഴഞ്ഞ് ആ പദവിയിലേക്ക് മോന്‍സ് ജോസഫിനെ കൊണ്ട് വരികയും ചെയ്തു. ഇതാണ് അതൃപ്തി ശക്തമാക്കിയത്.

ഇതിനെല്ലാം ഒടുവിലാണ് ഒത്തുതീർപ്പിനായി വിട്ടു വീഴ്ച ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ച് എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ പദവിയാണ് പ്രശ്നമെങ്കിൽ അതു വിട്ടു നൽകാം. പിളർപ്പിലും പ്രതിസന്ധിയിലും പി.ജെ. ജോസഫിനൊപ്പം നിന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.പരിഹാരം ഉണ്ടായില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന ഭീഷണി ചില നേതാക്കള്‍ മുഴക്കിയതോടെയാണ് മോന്‍സ് ജോസഫ് വിട്ട് വീഴ്ചയ്ക്ക് തയ്യാറായതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ മോന്‍സ് ജോസഫ് രാജി സന്നദ്ധത അറിയിച്ചതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു ജോസഫിന്റെ പ്രതികരണം.

Top