പാലായും ഇരിക്കൂറും അടക്കം 12 സീറ്റുകൾ ജോസ് കെ മണിക്ക്.ഇടതുഭരണം നിലനിർത്താൻ സിപിഎം നീക്കം വിജയത്തിൽ

കോട്ടയം:പാലാ സീറ്റുറപ്പിച്ച് ജോസ് കെ മാണി .പാലായും ഇരിക്കൂറും അടക്കം 12 സീറ്റുകളിൽ ജോസ് കെ മാണി വിഭാഗം മത്സരിക്കും എന്നാണു സൂചന.പാലാ സീറ്റ് നല്‍കിയാലേ ഇടതുമുന്നണിയുടെ ഭാഗമാകൂ എന്ന ജോസ് കെ. മാണിയുടെ നിലപാടിന് ജയം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് ജോസ് വിഭാഗത്തിന് നല്‍കാമെന്ന് മുഖ്യമന്ത്രി നേരിട്ട് ജോസിനെ അറിയിച്ചു. പാലാ സീറ്റില്ലാതെ ഇടതുമുന്നണിയിലെത്തിയാല്‍ പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താനാകില്ലെന്നും അതിനാല്‍ വിട്ടു വീഴ്ചയ്ക്കില്ലെന്നുമായിരുന്നു ജോസിന്റെ നിലപാട്. ഇതോടെ ആരാകും പാലാ സീറ്റിലെ സ്ഥാനാര്‍ഥി എന്നതാണ് ഇനിയുള്ള ചോദ്യം.

രാജ്യസഭാ അംഗത്വം രാജിവെയ്ക്കാന്‍ തീരുമാനിച്ചതിനാല്‍ ജോസ് കെ. മാണി തന്നെ പാലായില്‍ ഇടതുസ്ഥാനാര്‍ഥിയാകുമെന്നു കരുതുന്നവരാണ് ഏറെയും. നിലവിലെ എം.എല്‍.എ. മാണി സി. കാപ്പന് രാജ്യസഭാംഗത്വം നല്‍കി ജോസ് വിഭാഗത്തിന് പാലാ സീറ്റ് നല്‍കാനായിരുന്നു സി.പി.എമ്മിന്റെ ആദ്യനീക്കം. എന്നാല്‍ രാജ്യസഭാസീറ്റ് സി.പി.എം. തന്നെ ഏറ്റെടുത്തേക്കും. പക്ഷേ ജോസ് കെ. മാണി നിയമസഭയിലേക്ക് മത്സിക്കുന്നില്ലെങ്കില്‍ രാജ്യസഭാസീറ്റ് നല്‍കാനും സി.പി.എം. തയാറാകുമെന്നാണു സൂചന. അങ്ങനെ വന്നാല്‍ റോഷി അഗസ്റ്റിനോ ജോസ് കെ. മാണിയുടെ കുടുംബത്തില്‍ നിന്നുള്ളയാളോ സ്ഥാനാര്‍ഥിയാകാനുളള സാധ്യത തള്ളാനാകില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ ഇടുക്കി സീറ്റില്‍ റോഷി അഗസ്റ്റിന്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ കടുത്ത മത്സരം നേരിടേണ്ടി വരും ഇതും കൂടി മുന്നില്‍ കണ്ടാണ് പാലാക്കാരനായ റോഷി അഗസ്റ്റിന്‍ പാലാ സീറ്റ് കിട്ടിയാല്‍ മത്സരിക്കാന്‍ താല്‍പര്യവുമായി നില്‍ക്കുന്നത്. എന്‍.സി.പി. ക്ക് സീറ്റ് നിഷേധിച്ചാലും ഒരു വിഭാഗം ഒപ്പം നില്‍ക്കുമെന്ന് ഉറപ്പുളളതിനാലാണ് പാലാ ജോസ് വിഭാഗത്തിന് നല്‍കി പ്രശ്‌നപരിഹാരത്തിന് സി.പി.എം. തയാറായത്.

പാലായ്ക്കും കാഞ്ഞിരപ്പളളിക്കും പുറമേ പൂഞ്ഞാര്‍, കടുത്തുരുത്തി, ചങ്ങനാശേരി എന്നീ അഞ്ചു സീറ്റുകള്‍ കോട്ടയം ജില്ലയില്‍ ജോസ് വിഭാഗത്തിന് നല്‍കും. ഇതിന് പുറമേ റാന്നി, തൊടുപുഴ, പെരുമ്പാവൂര്‍, പിറവം, ചാലക്കുടി, കുറ്റിയാടി, ഇരിക്കൂര്‍ സീറ്റുകളാണ് ജോസ് വിഭാഗത്തിന് നല്‍കാന്‍ ചര്‍ച്ചയിലുളളത്. ഇതില്‍ പാലായില്‍ റോഷി മത്സരിച്ചാല്‍ ഇടുക്കി സി.പി.എം. ഏറ്റെടുക്കും. കാഞ്ഞിരപ്പളളി സീറ്റില്‍ സി.പി.ഐ.യെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താമെന്ന വിശ്വാസമാണ് സി.പി.എമ്മിനുളളത്.

അടിത്തറയുള്ള പ്രസ്ഥാനമാണു കേരള കോണ്‍ഗ്രസെന്നും രാജ്യസഭാ സീറ്റിന് അര്‍ഹതയുണ്ടെന്നും ജോസ് കെ. മാണി. എല്‍.ഡി.എഫ്. പ്രവേശനപ്രഖ്യാപനത്തിനു പിന്നാലെയാണു രാജിവച്ച രാജ്യസഭാ സീറ്റില്‍ അവകാശവാദം ഉന്നയിച്ചുള്ള ജോസ് കെ. മാണിയുടെ പ്രസ്താവന. ”ഇതിനെ ആരെങ്കിലും എതിര്‍ക്കുമെന്നു കരുതുന്നില്ല. പാര്‍ട്ടിയുടെ സ്വാധീനമനുസരിച്ചു ജില്ലാ പഞ്ചായത്ത് അടക്കം തദ്ദേശസ്ഥാപനങ്ങളിലും അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇടതുമുന്നണിയുമായുള്ള ചര്‍ച്ച രണ്ടോ മൂന്നോ ദിവസത്തിനുള്ളിലുണ്ടാകും. ഞങ്ങളുടെ നിലപാടു മുഖ്യമന്ത്രി സ്വാഗതം ചെയ്തതില്‍ സന്തോഷമുണ്ട്. കേരള കോണ്‍ഗ്രസുകളുടെ ലയനത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ല”- അദ്ദേഹം പാലായില്‍ പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഇടതുമുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്ത് കോടിയേരി

അതേസമയം ഇടതുപക്ഷ മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.യുഡിഎഫിന്റെ അടിത്തറക്ക് തകര്‍ച്ചയുണ്ടാക്കുന്ന ഒരു തീരുമാനമാണിത്. ഐക്യജനാധിപത്യ മുന്നണി രാഷ്ട്രീയമായും സംഘടനാപരമായും നിലനില്‍പ്പില്ലാത്ത മുന്നണിയായി മാറി. സാധാരണയായി, യുഡിഎഫ് ഘടകകഷികള്‍ മുന്നണിയില്‍ നിന്നും വിട്ടുപോയാല്‍ പിടിച്ചുനിര്‍ത്താനുള്ള കഴിവ് യുഡിഎഫ് നേതൃത്വത്തിനും കോണ്‍ഗ്രസിനുമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന് പോലും ഇത്തരം പ്രശ്നം പരിഹരിക്കാന്‍ ഇപ്പോള്‍ കഴിയുന്നില്ല എന്നതിന്റെ ഉദാഹരണമാണിപ്പോള്‍ കാണാനാകുന്നത്

യുഡിഎഫിലെ മൂന്നാമത്തെ പ്രധാന ഘടകകഷിയാണ് മുന്നണി വിട്ടുവന്നത്. ഇത് എല്‍ഡിഎഫിന്റെ ബഹുജന അടിത്തറ വികസിപ്പിക്കും. എല്‍ഡിഎഫുമായി സഹകരിക്കാന്‍ അവര്‍ സന്നദ്ധമായ സാഹചര്യം വളരെ പ്രധാനമാണ്.

എല്‍ഡിഎഫിനെ അധികാരത്തില്‍ നിന്നും പുറത്താക്കാനുള്ള അപ്രഖ്യാപിത വിമോചന സമരത്തില്‍ കോണ്‍ഗ്രസ് ഏര്‍പ്പെട്ടിരിക്കുന്ന സമയത്താണ് ആ മുന്നണിയിലെ പ്രധാനപ്പെട്ട ഒരു കക്ഷി ആ മുന്നണി വിട്ട് ഇടതുപക്ഷവുമായി സഹകരിക്കുമെന്ന പരസ്യമായ നിലപാട് സ്വീകരിക്കുന്നത്.

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് ജനപിന്തുണയില്ല. അതു മാത്രമല്ല, ഒരു ഘടകകഷിയെ പോലും കൂടെ നിര്‍ത്താന്‍ കഴിയാത്ത അത്യഘാതമായ ഒരു പ്രതിസന്ധിയിലാണ് യുഡിഎഫ് ചെന്നുപെട്ടിരിക്കുന്നത്.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ വര്‍ഗീയതയെ നേരിടാന്‍ യുഡിഎഫിന് കഴിയില്ലെന്ന് കേരള കോണ്‍ഗ്രസ് തിരിച്ചറിഞ്ഞു. കേരളത്തിലെ യുഡിഎഫ് ദേശീയ തലത്തില്‍ ആര്‍എസ്എസ് നടത്തുന്ന വെല്ലുവിളി നേരിടാന്‍ ഒരു ശ്രമവും നടത്തുന്നില്ല.

കേരളത്തലെ കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമാണ്. ആര്‍എസ്എസ് വര്‍ഗീയതക്കെതിരെ ഒരു ഇടപെടലും അവര്‍ നടത്തുന്നില്ല. ബിജെപിയുടെ കാര്‍ഷിക മേഖലയിലെ സമീപനത്തോട് കോണ്‍ഗ്രസ് മൗനം പാലിച്ചു. കര്‍ഷകരുടെ വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിസംഗതയാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ 600 വാഗ്ദാനങ്ങളില്‍ 30 എണ്ണം ഒഴിച്ച് ബാക്കിയെല്ലാം നടപ്പാക്കാന്‍ കഴിഞ്ഞത് ഏറ്റവും പ്രധാനപ്പെട്ട വികസന ഇടപെടല്‍ തന്നെയാണെന്നും കോടിയേരി പറഞ്ഞു.

Top