വാശിയും വൈരാഗ്യവുമില്ല; ഇടതു മുന്നണി നൽകിയത് മാത്രം വാങ്ങി പോക്കറ്റിലിട്ട് ജോസ് കെ.മാണി: ജോസിന് ഇപ്പോൾ മുന്നണി ഐക്യം പ്രധാനം

തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സ്ഥാനങ്ങൾ പിടിച്ചു വാങ്ങിയ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിനു എൽ.ഡി.എഫിലെത്തിയപ്പോൾ മിണ്ടാട്ടമില്ല. കിട്ടുന്നതും വാങ്ങിക്കഴിച്ച് മിണ്ടാതെ മൂലയ്ക്കിരിക്കുന്ന ജോസ് കെ.മാണി അക്ഷരാർത്ഥത്തിൽ മിണ്ടാതെയിരിക്കുകയാണ്. അഞ്ച് എം.എൽ.എമാരുണ്ടായിട്ടും ഒരു മന്ത്രിയും, ചീഫ് വിപ്പും സ്ഥാനം നൽകി എൽ.ഡി.എഫ് ഒതുക്കിയിട്ടും – മുന്നണിയുടെ ഐക്യമാണ് വലുതെന്ന് – പറഞ്ഞ് ഒതുങ്ങുകയാണ് ജോസ് കെ.മാണി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ പേരിൽ പാർട്ടി വിട്ട ജോസ് കെ.മാണിയാണ് ഇപ്പോൾ ഇടതു മുന്നണി നൽകിയ എല്ലിൻകഷണവുമായി എ.കെ.ജി സെന്ററിന്റെ മൂലയ്ക്കിരിക്കുന്നത്. ജോസ് കെ.മാണിയും കേരള കോൺഗ്രസും മുന്നണി വിടാൻ പ്രധാനമായും പറഞ്ഞ കാരണങ്ങൾ പാലാ സീറ്റിലെ ജോസ് ടോമിന്റെ തോൽവിയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുണ്ടായ തർക്കവുമായിരുന്നു. ഇടതു മുന്നണിയിൽ സമാന സാഹചര്യങ്ങളുണ്ടായിട്ടും ജോസ് കെ.മാണിയും കേരള കോൺഗ്രസും മൗനത്തിൽ തന്നെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനു സമാനമായ സാഹചര്യമാണ് കുറ്റ്യാടി സീറ്റിന്റെ കാര്യത്തിലുണ്ടായത്. കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിനു വിട്ടു നൽകിയെങ്കിലും സി.പി.എം പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നു സീറ്റ് തിരികെ നൽകാൻ ജോസ് കെ.മാണി നിർബന്ധിതനായി. ഇതിനു ശേഷം ജോസ് കെ.മാണി പറഞ്ഞത് മുന്നണി ഐക്യത്തിനു വേണ്ടി തങ്ങൾ സീറ്റ് തിരികെ നൽകുന്നു എന്നാണ്. എന്നൽ, യു.ഡി.എഫിൽ നിന്നപ്പോൾ ഈ മുന്നണി ഐക്യത്തിന് വേണ്ടി വിട്ടു വീഴ്ച നൽകാൻ ജോസ് കെ.മാണി തയ്യാറായിരുന്നില്ല.

അഞ്ചു എം.എൽ.എമാരുള്ള കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം രണ്ട് മന്ത്രിമാരെ ആണ് ആവശ്യപ്പെട്ടത്. എന്നാൽ, ഒരു മന്ത്രിസ്ഥാനവും ക്യാബിനറ്റ് റാങ്കോടെ ഒരു ചീഫ് വിപ്പ് സ്ഥാനവുമാണ് ഇടതു മുന്നണി നൽകിയത്. ഇത് വളരെ വലുതാണ് എന്ന നിലപാടാണ് ഇപ്പോൾ ജോസ് കെ.മാണി സ്വീകരിക്കുന്നത്. ഈ മനോഭാവം ഒന്നും യു.ഡി.എഫിന്റെ ഭാഗമായിരുന്നപ്പോൾ ജോസ് കെ.മാണിയിൽ കണ്ടിരുന്നില്ല.

യു.ഡി.എഫിൽ കാണിച്ചിരുന്ന വാശിയും വെല്ലുവിളിയും പരസ്യനിലപാട് എടുക്കലും ഇടതു മുന്നണിയിൽ കാണിക്കാനാവില്ലെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ കോൺഗ്രസ് – യു.ഡിഎഫ് പ്രവർത്തകർ ജോസ് കെ.മാണിയുടെ ഈ നിലപാടിനെ ആഘോഷമാക്കി മാറ്റുന്നുണ്ട്.

Top