കോട്ടയത്തെ സീറ്റ് വിഭജനം ഇടത് മുന്നണിയ്ക്ക് കീറാമുട്ടി: കാഞ്ഞിരപ്പള്ളിയിൽ വിട്ടു വീഴ്ചയ്ക്കില്ലാതെ ജോസും സി.പി.ഐയും; പൂഞ്ഞാറിൽ സീറ്റ് പിടിച്ചെടുക്കാൻ സി.പി.എം

കോട്ടയം: ജോസ് കെ.മാണിയുടെ കേരള കോൺഗ്രസ് എം കൂടി എത്തിയതോടെ ജില്ലയിലെ ഇടതു മുന്നണിയിൽ സീറ്റ് വിഭജനം കീറാമുട്ടിയാകുന്നു. കഴിഞ്ഞ തവണ സുഗമമായി തീർന്നിരുന്ന സീറ്റു വിഭജനമാണ് ഇക്കുറി ഇടതു മുന്നണിയ്ക്ക് അൽപം ബുദ്ധിമുട്ടായി മാറിയിരിക്കുന്നത്. ജോസ് കെ.മാണി വിഭാഗം മുന്നണിയിൽ എത്തിയതാണ് ഇപ്പോൾ ജില്ലയിലെ സീറ്റ് വിഭജനത്തെ സാരമായി ബാധിച്ചിരിക്കുന്നത്. ജില്ലയിൽ ആകെയുള്ള ഒൻപത് സീറ്റിൽ കഴിഞ്ഞ തവണ ഇടതു മുന്നണി ആകെ വിജയിച്ചത് രണ്ടു സീറ്റിൽ മാത്രമാണ്.

പാലായെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ എൻ.സി.പി മുന്നണി വിട്ടതോടെ, ഇപ്പോൾ തർക്കം രൂക്ഷമായിരിക്കുന്നത് കാഞ്ഞിരപ്പള്ളി സീറ്റിനെച്ചൊല്ലിയാണ്. കഴിഞ്ഞ തവണ യു.ഡി.എഫിന്റെ ഭാഗമായി നിന്നപ്പോൾ കേരള കോൺഗ്രസ് പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശേരി, കടുത്തുരുത്തി, ഏറ്റുമാനൂർ സീറ്റുകളിലാണ് മത്സരിച്ചത്. ഇതിൽ പാലായിലും, കാഞ്ഞിരപ്പള്ളിയിലും, ചങ്ങനാശേരിയിലും, കടുത്തുരുത്തിയിലും വിജയിക്കുകയും ചെയ്തു. ഇതിൽ കാഞ്ഞിരപ്പള്ളിയിലെ എം.എൽ.എ എൻ.ജയരാജ് മാത്രമാണ് ഇപ്പോൾ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനൊപ്പമുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ തവണ ജില്ലയിലെ ഒൻപതിൽ നാലു സീറ്റിലും സി.പി.എമ്മാണ് മത്സരിച്ചത്. കഴിഞ്ഞ തവണ സി.പി.എം ജില്ലയിൽ കോട്ടയം, പുതുപ്പള്ളി, ഏറ്റുമാനൂർ, കടുത്തുരുത്തി സീറ്റുകളിലാണ് മത്സരിച്ചത്. കാഞ്ഞിരപ്പള്ളിയിലും വൈക്കത്തും സി.പി.ഐയും മത്സരിച്ചു. പൂഞ്ഞാറിലും ചങ്ങനാശേരിയിലും ജനാധിപത്യ കേരള കോൺഗ്രസും മത്സരിച്ചിരുന്നു. പാലായിൽ എൻ.സി.പിയും മത്സരിച്ചു. ഇക്കുറി എൻ.സി.പി ഒപ്പമില്ലെങ്കിലും ജോസ് കെ.മാണി വിഭാഗം ഒപ്പം എത്തിയത് സി.പി.എമ്മിന് സീറ്റ് വിഭജനം കീറാമുട്ടിയാക്കി മാറ്റിയിട്ടുണ്ട്.

കേരള കോൺഗ്രസുകൾക്കു നിർണ്ണായക സ്വാധീനമുള്ള ഏറ്റുമാനൂരിൽ സി.പി.എമ്മിലെ കെ.സുരേഷ് കുറുപ്പും, വൈക്കത്ത് സി.പി.ഐയിലെ സി.കെ ആശയുമാണ് കഴിഞ്ഞ തവണ വിജയിച്ചത്. ഇക്കുറി ഇടതു മുന്നണിയിൽ എത്തിയ ജോസ് കെ.മാണിയുടെ കരുത്തിൽ അഞ്ചു മുതൽ ഏഴു വരെ സീറ്റുകൾ വിജയിക്കാമെന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. വർഷങ്ങളായി മോൻസ് ജോസഫ് കൈവശം വച്ചിരിക്കുന്ന കടുത്തുരുത്തി സീറ്റ് പോലും പിടിച്ചെടുക്കാമെന്നാണ് ഇടതു മുന്നണി കണക്ക് കൂട്ടുന്നത്.

കേരള കോൺഗ്രസ് ജോസ് വിഭാഗം അഞ്ചു സീറ്റുകളാണ് ഇടതു മുന്നണിയോട് ആവശ്യപ്പെട്ടുന്നത്. പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, പൂഞ്ഞാർ, കടുത്തുരുത്തി സീറ്റുകൾ വിട്ടു നൽകണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, പരമാവധി ജില്ലയിൽ മൂന്നു സീറ്റ് നൽകാമെന്നാണ് സി.പി.എമ്മിന്റെ ധാരണ. പാലായും, കടുത്തുരുത്തിയും, കാഞ്ഞിരപ്പള്ളിയുമാകും കേരള കോൺഗ്രസിനു നൽകുക.

കാഞ്ഞിരപ്പള്ളി, വൈക്കം സീറ്റുകൾ ഇക്കുറിയും തങ്ങൾക്ക് വേണമെന്ന നിലപാട് സി.പി.ഐ സ്വീകരിച്ചിട്ടുണ്ട്. പാലായും, കടുത്തുരുത്തിയും, കാഞ്ഞിരപ്പള്ളിയും കേരള കോൺഗ്രസിനു നൽകി, സി.പി.ഐയ്ക്ക് കോട്ടയം സീറ്റ് നൽകുന്നതു സംബന്ധിച്ചും ഇടതു മുന്നണിയിൽ ചർച്ച നടക്കുന്നുണ്ട്. കഴിഞ്ഞ തവണ രണ്ട് സീറ്റിൽ മത്സരിച്ച ജനാധിപത്യ കേരള കോൺഗ്രസിനു ഇക്കുറി ചങ്ങനാശേരി സീറ്റ് നൽകിയേക്കും. ഡോ.കെ.സി ജോസഫിനെയാണ് ചങ്ങനാശേരിയിലേയ്ക്കു ഇടതു മുന്നണി പരിഗണിക്കുക. ഈ സാഹചര്യത്തിൽ പുതുപ്പള്ളി, ഏറ്റുമാനൂർ, പൂഞ്ഞാർ സീറ്റുകളിൽ സി.പി.എമ്മും, കോട്ടയം വൈക്കം സീറ്റുകളിൽ സി.പി.ഐയും ആകും മത്സരിക്കുക.

കോട്ടയത്ത് സി.പി.ഐ ആണ് മത്സരിക്കുന്നതെങ്കിൽ ജനകീയനും സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ വി.ബി ബിനുവിന്റെ പേരിനാണ് പ്രഥമ പരിഗണന നൽകുന്നത്. സി.പി.എമ്മിനാണ് സീറ്റ് എങ്കിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗവും അഭിഭാഷകനുമായ അഡ്വ.കെ.അനിൽകുമാർ, മുൻ നഗരസഭ പ്രതിപക്ഷ നേതാവ് സി.എൻ സത്യനേശൻ എന്നിവരെയും പരിഗണിക്കുന്നുണ്ട്. ഏറ്റുമാനൂരിൽ സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരുന്ന ജെയ്ക് സി.തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ശരത്, മുൻ ജില്ലാ പഞ്ചായത്തംഗം മഹേഷ് ചന്ദ്രൻ എന്നിവരെയാണ് പരിഗണിക്കുന്നത്. പാർട്ടി മാനദണ്ഡത്തിൽ ഇളവ് ലഭിച്ചാൽ നിലവിലെ എം.എൽ.എ കെ.സുരേഷ് കുറുപ്പിനെയും പാർട്ടി പരിഗണിക്കുന്നുണ്ട്.

വൈക്കത്ത് സി.കെ ആശതന്നെയാവും ഇക്കുറിയും. പാലായിൽ ജോസ് കെ.മാണിയും, കേരള കോൺഗ്രസിനു സീറ്റ് ലഭിച്ചാൽ കാഞ്ഞിരപ്പള്ളിയിൽ എൻ.ജയരാജും തന്നെ മത്സരിക്കാനാണ് സാധ്യത. പൂഞ്ഞാർ സീ്റ്റ് കേരള കോൺഗ്രസിനു വിട്ടു കിട്ടിയാൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ തന്നെ മത്സരിക്കും. ഇനി സി.പി.എം സീറ്റ് ഏറ്റെടുത്താൻ മുൻ ജില്ലാ സെക്രട്ടറി കെ.ജെ തോമസിനു നറുക്കുവീഴും. കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജിന്റെ പേരാണ് കേരള കോൺഗ്രസ് പരിഗണിക്കുന്നത്. എന്നാൽ, കുറച്ചു കൂടി ശക്തനായ സ്ഥാനാർത്ഥിയെ സി.പി.എം ആവശ്യപ്പെടുന്നുണ്ട്. പുതുപ്പള്ളിയിൽ ജെയ്ക് സി.തോമസിന്റെയും, കെ.എം രാധാകൃഷ്ണന്റെയും പേരുകൾക്കാണ് പ്രഥമ പരിഗണന.

Top