ഫസല്‍ വധക്കേസ്: പോലീസിനെ കെട്ടിയിട്ട് അടിക്കാമെന്ന് കരുതേണ്ടെ..പുതിയ തെളിവുകള്‍ ശക്തമെന്ന് ഡിവൈഎസ്പി സദാനന്ദന്‍

കണ്ണൂര്‍: വിവാദമായ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ വധക്കേസില്‍ തങ്ങള്‍ക്കെതിരേ വാളോങ്ങുന്നവര്‍ക്ക് കേസ് അന്വേഷിച്ച ഡിവൈഎസ്പി പിപി സദാനന്ദന്റെ ചുട്ട മറുപടി. കണ്ണൂര്‍ ജില്ലാ പോലീസ് അസോസിയേഷന്റെ സമ്മേളനത്തിലാണ് ഒരു പാര്‍ട്ടിയുടെയും പേരെടുത്തു പറയാതെ സദാനന്ദന്‍ തുറന്നടിച്ചത്.മുഹമ്മദ് ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട പുതിയ തെളിവുകള്‍ വളരെ ശക്തമാണെന്നും യഥാര്‍ഥ പ്രതികള്‍ക്ക് തൂക്കുകയര്‍ വരെ കിട്ടാവുന്ന തെളിവുകളുണ്ടെന്നും ഡിവൈഎസ്പി പി സദാനന്ദന്‍ പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ വെളിപ്പെടുത്തല്‍ വിവാദമായതിനെക്കുറിച്ച് പോലിസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസില്‍ കേരള പോലിസിന്റെ കണ്ടെത്തലാണു പരമമായ സത്യം. ഇതിനു ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലമുണ്ട്. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ് സംഭവത്തില്‍ നടന്നിരിക്കുന്നത്. സത്യം ബോധ്യപ്പെട്ടാല്‍ ലോകം മുഴുവന്‍ എതിര്‍ത്താലും അത് പറയാന്‍ ധൈര്യം കാട്ടണം. രാമനെ ഗോപാലന്‍ കൊന്നാല്‍ മാധവനെ അറസ്റ്റ് ചെയ്യാന്‍ പറ്റുമോ?. തെളിവുകള്‍ നിരത്തുമ്പോള്‍ തന്നെ അഴിയെണ്ണിക്കുമെന്ന് ചിലര്‍ പറയുന്നുണ്ട്. അതു തമാശയല്ല. അഴിയെണ്ണിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ടെന്നും അറിയാം.
പോലിസുകാര്‍ക്കെതിരേ കൊലവിളി നടത്തുമ്പോള്‍ അവര്‍ക്ക് മറുപടി പറയാന്‍ വേദിയില്ല. ഔദ്യോഗികമായ അച്ചടക്കം കാരണമാണിത്. ഇതിനാലാണ് പോലിസ് അസോസിയേഷന്‍ സമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. പക്ഷെ പോലിസുകാരെ കെട്ടിയിട്ടടിക്കാമെന്ന് ആരും കരുതേണ്ടതില്ല. 12 വര്‍ഷത്തെ നിരീക്ഷണത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് ഫസല്‍ വധത്തില്‍ പുതിയ തെളിവുകളെ കാണേണ്ടത്. നിലവില്‍ പിടിയിലായവരല്ല പ്രതികളെന്നത് നേരത്തെ ഹൈക്കോടതിയാണു പറഞ്ഞത്. അവരെ സ്പര്‍ശിക്കാന്‍ പോലും തെളിവുകളില്ലെന്നും നിരീക്ഷിക്കുകയുണ്ടായി.
പോലിസ് ക്രൂരമായി മര്‍ദിച്ചു തെളിവുണ്ടാക്കി എന്നതിന് എന്താണു തെളിവ്. മൊഴിശേഖരണം വീഡിയോയില്‍ ചിത്രീകരിച്ചുവെന്നതാണ് മറ്റൊരു പരാതി. ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് പല കേസുകളിലുമായി 2500ഓളം വീഡിയോ ശേഖരണങ്ങള്‍ ഉണ്ട്. മൂന്നു കൊലപാതകങ്ങള്‍ നടത്തിയ പ്രതിയുടെ വാര്‍ത്താസമ്മേളനം ചാനലുകള്‍ ലൈവായി കാണിച്ചതിനെ കുറിച്ച് എന്തുപറയുന്നുവെന്നും ഡിവൈഎസ്പി ചോദിച്ചു. അതേസമയം, ഫസല്‍ വധക്കേസ് പുനരന്വേഷണ ഹരജി സിബിഐ കോടതി തള്ളിയ പശ്ചാത്തലത്തില്‍ കാരായിമാരെ രക്ഷിക്കാനുള്ള സിപിഎം നീക്കത്തിന്റെ മറ്റൊരു ഭാഗമാണ് ഡിവൈഎസ്പി സദാനന്ദന്റെ പ്രസംഗമെന്ന് ബിജെപി-ആര്‍എസ്എസ് നേതൃത്വം ആരോപിച്ചു.തങ്ങള്‍ക്ക് അച്ചടക്കത്തിന്റെ അതിര്‍വരമ്പുകളുണ്ട്. അതുകൊണ്ടു തന്നെ ആക്ഷേപങ്ങള്‍ക്കു പരസ്യമായി മറുപടി നല്‍കാന്‍ കഴിയില്ല. എന്നു കരുതി പോലീസിനെ കെട്ടിയിട്ടു അടിക്കാമെന്ന് കരുതേണ്ടെന്ന് സദാനന്ദന്‍ പറഞ്ഞു.

Top