വിവാദ സ്വാമി നിത്യാനന്ദയ്‌ക്കെതിരേ പരാതിയുമായി നാല് കുട്ടികളുടെ പിതാവ്. അഹമ്മദാബാദിലെ നിത്യാനന്ദയുടെ ആശ്രമത്തില്‍ തന്റെ മക്കളെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കാട്ടി പിതാവ് പരാതി നല്‍കി. ഇതേതുടര്‍ന്ന് അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ആശ്രമ അധികൃതര്‍ക്കെതിരെ വിവേകാനന്ദ് പൊലീസ് കേസെടുത്തു.
സെക്സ് ടേപ്പ് വിവാദം കത്തിതീരുന്നതിന് മുൻപാണ് പുതിയ ആരോപണം. കർണാടക സ്വദേശികളായ ജനാർദനശർമ്മയും ഭാര്യയുമാണ് പരാതിയുമായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ ഏഴിനും ഇരുപത്തിയൊന്നിനും ഇടയ്ക്ക് പ്രായമുള്ള പെൺകുട്ടികളെയാണ് നിത്യാനന്ദ അനധികൃതമായി തടവിലാക്കിയിരിക്കുന്നത്. ജനാർദനശർമ്മ മക്കളെ ബെംഗളൂരിലുള്ള നിത്യാനന്ദ മിഷന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ചേർത്തത്. എന്നാൽ മാതാപിതാക്കളോട് പോലും പറയാതെ അധികൃതർ കുട്ടികളെ അഹമ്മദാബാദിലുള്ള സ്കൂളിലേക്ക് മാറ്റി. മക്കളെ കാണാൻ ചെന്നപ്പോൾ അധികാരികൾ അനുവാദം നൽകിയില്ല.
പൊലീസിന്റെ സഹായത്തോടെ പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെ ഇവർ നാട്ടിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാൽ 21 വയസുള്ള ലോപമുദ്രയും 19 വയസുള്ള നന്ദിതയും രക്ഷിതാക്കളുടെ കൂടെ നാട്ടിലേക്ക് വരാൻ തയാറായില്ല. നന്ദിതയെ ആദ്യം ആശ്രമത്തിൽ കണ്ടെത്താൻ സാധിച്ചിരുന്നില്ല. വാർത്തകൾ തുടർച്ചയായി വന്നപ്പോൾ നന്ദിത ഫെയ്സ്ബുക്ക് ലൈവിലൂടെ ആശ്രമത്തിൽ തുടരാനാണ് താൽപര്യമെന്നും മാതാപിതാക്കൾക്കൊപ്പം പോകാൻ താൽപര്യമില്ലെന്നും അറിയിച്ചു. സ്വന്തം തീരുമാനപ്രകാരമാണ് നിത്യാനന്ദയ്ക്കൊപ്പം താമസിക്കുന്നതെന്നും നന്ദിത അറിയിച്ചു. താന്‍ സ്വതന്ത്രയാണെന്നും തന്റെ തീരുമാനപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും നന്ദിത വീഡിയോയില്‍ പറഞ്ഞു.