പറവൂർ:അച്ഛനും മകനും വിത്യസ്ത വേഷങ്ങളിൽ കളിക്കളത്തിൽ എത്തുന്ന അപൂർവ കാഴ്ച ദേശീയ ജൂനിയർ വോളിബോൾ ചാംപ്യൻഷിപ്പിൽ കാണാം.കളി നിയന്ത്രിക്കുന്ന റഫറിയായി അച്ഛൻ പി. മനോജ്കുമാർ. മകൻ പി. ഹേമന്ദ് കേരള ടീം അംഗം. കോഴിക്കോട് സ്വദേശികളായ ഇവർക്കു കളിവീട്ടുകാര്യം.ജില്ലാതാരമായിരുന്ന മനോജ്‌കുമാർ 2000 മുതൽ സംസ്ഥാന റഫറിയായി. 2003ൽ ദേശീയ റഫറിയും.
കേരളത്തിലെ എല്ലാ മേജർ ചാംപ്യൻഷിപ്പുകളിലും കളി നിയന്ത്രിച്ചിട്ടുണ്ട്.അച്ഛനിൽനിന്നാണു ഹേമന്ദ് വോളിബോളിന്റെ ബാലപാഠങ്ങൾ പഠിച്ചത്. പത്തു വയസ്സുള്ളപ്പോൾ മനോജ്കുമാറും സുഹൃത്ത് പി. രാജനും ചേർന്ന് ആദ്യമായി കളിക്കളത്തിലിറങ്ങി. പിന്നീടു താരമായി ഉയർന്നു. മിനി സ്റ്റേറ്റ് ചാംപ്യൻഷിപ് കളിച്ചു. സ്കൂൾ നാഷനൽ അണ്ടർ–17 ക്യാപ്റ്റനായി. ഇപ്പോൾ ജൂനിയർ കേരള ടീമിലുമെത്തി.തൃശൂർ മണ്ണംപേട്ടയിലെ മാതാ ഹൈസ്കൂളിൽ പഠിക്കുന്ന ഹേമന്ദ് റെഡ് ലാൻഡ്സ് വോളിബോൾ അക്കാദമിയിലാണു പരിശീലിക്കുന്നത്.
കോട്ടയം ജില്ലയ്ക്കു വേണ്ടി കളിച്ചാണു കേരള ടീമിലിടം നേടിയത്.‘‘സാധാരണക്കാരനു ജോലിയും നല്ല ഭാവിയും വാഗ്ദാനം ചെയ്യുന്ന കളിയാണു വോളിബോൾ. മകൻ മികച്ചൊരു വോളിബോൾ താരമായി കാണാനാണ് ആഗ്രഹം. അവൻ കളിക്കുന്ന ചാംപ്യൻഷിപ്പിൽ റഫറി ആവാൻ കഴിഞ്ഞത് ഭാഗ്യം…’’ മനോജ്കുമാർ പറഞ്ഞു. കേരളത്തിൽ നിന്നുള്ള റഫറി ആയതിനാൽ കേരളത്തിന്റെ കളികൾ നിയന്ത്രിക്കാൻ മനോജ്കുമാറിനു കഴിയില്ല.