സോളാര്‍ കേസില്‍ രതി കഥകളെഴുതിയത് ഗണേഷ് കുമാര്‍; സരിത പറഞ്ഞ സംഭവങ്ങളുടെ യാഥാര്‍ത്ഥ്യം

സോളാര്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ കുരുക്കിലാക്കിയതിന് പിന്നില്‍ കെബി ഗണേഷ് കുമാറിന്റെ കളികളാണെന്ന് കേരള കോണ്‍ഗ്രസ് ബി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് കുമാര്‍. കേസിലെ മുഖ്യപ്രതി കെ ബി ഗണേഷ് കുമാറാണെന്നും പരാതിക്കാരിയെ കൊണ്ട് പലതും പറയിക്കുകയും എഴുതിക്കുകയും ചെയ്തതും ഗണേഷ് കുമാറാണെന്നും മനോജ് കുമാര്‍ പറയുന്നത്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഒരു രഹസ്യം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അറിയാം. അത് അദ്ദേഹം പറയാതിരിക്കുന്നത് അദ്ദേഹത്തിന്റെ മാന്യത കൊണ്ടാണ്. ആ രഹസ്യം എന്താണെന്ന് തനിക്കറിയാം. ഉമ്മന്‍ ചാണ്ടി തുറന്നു പറയാത്തിടത്തോളം അത് തുറന്ന് പറയാന്‍ തനിക്കു നിര്‍വ്വാഹം ഇല്ലെന്നും മനോജ് കുമാര്‍ പറയുന്നു.

സര്‍ക്കാരില്‍ നിന്ന് ഗണേഷ് രാജിവയ്ക്കുമ്പോള്‍ അദ്ദേഹം പിതൃതുല്യനായി കാണുന്ന ഉമ്മന്‍ചാണ്ടിക്ക് വേണ്ടിയാണ് താന്‍ രാജിവയ്ക്കുന്നത് എന്ന് ഗണേഷ് പറഞ്ഞിരുന്നു. ഭാര്യ നല്‍കിയ കേസ് തീരുന്ന മുറയ്ക്ക് മന്ത്രിസഭയിലേക്ക് മടങ്ങിവരാമെന്നായിരുന്നു ഗണേഷ് കരുതിയത്. അത് നടക്കാതെ ആയതോടെയാണ് ഗണേഷ് യു ഡി എഫിന് എതിരെ തിരിഞ്ഞതെന്നും മനോജ് കുമാര്‍ വെളിപ്പെടുത്തി.

പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് ഗണേഷ് വാക്ക് നല്‍കിയിരുന്നുവെന്ന് അവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ഗണേഷ് അറിയാതെ പ്രദീപിന് ഒന്നും നടത്താനാകില്ല. തനിക്ക് മാത്രമാണ് പരാതിക്കാരിയുമായി ബന്ധം എന്നാണ് ഗണേഷ് ആദ്യം കരുതിയിരുന്നത്.

എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ച് നടന്ന കൂടിക്കാഴ്ചയില്‍ ബിജു രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞ രഹസ്യം എന്നത് നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞ കാര്യമായിരുന്നു. അത് എന്താണെന്ന് ഉമ്മന്‍ ചാണ്ടി ഇന്നുവരെ വെളിപ്പെടുത്തിയിട്ടില്ല. വ്യക്തിപരമായ കാര്യമാണ് എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞിട്ടുളളത്.

ശരണ്യ മനോജ് എന്നറിയപ്പെടുന്ന മനോജ് കുമാര്‍ ആര്‍ ബാലകൃഷ്ണപിളളയുടേയും ഗണേഷ് കുമാറിന്റെയും ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളായിരുന്നു. അടുത്തിടെയാണ് കേരളാ കോണ്‍ഗ്രസ് ബി വിട്ട് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അതേസമയം, മനോജ് കുമാറിന്റെ ആരോപണങ്ങള്‍ സോളാര്‍ കേസിലെ പരാതിക്കാരി നിഷേധിച്ചു.

അടിസ്ഥാനം ഇല്ലാത്ത ആരോപണമാണ് ശരണ്യ മനോജിന്റേതെന്നായിരുന്നു പരാതിക്കാരിയുടെ പ്രതികരണം. അതേസമയം, ശരണ്യ മനോജ് നടത്തിയ വെളിപ്പെടുത്തല്‍ ശരിവച്ച് പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍ രംഗത്തെത്തി. സത്യം പുറത്തു വന്നതില്‍ സന്തോഷമെന്നായിരുന്നു ഫെന്നിയുടെ പ്രതികരണം.

Top