പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ ഈ വില്ലന്‍ ത്രിമൂര്‍ത്തികള്‍ കേരളത്തിലെ ഒരു സ്റ്റാറ്റസ് സിംബലായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇവയുടെ ഇടയിലേക്കു അടുത്തിടെ കയറിവന്ന മറ്റൊരു വില്ലനാണ് ഫാറ്റി ലിവര്‍. ഫാറ്റി ലിവര്‍ സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകാം. ചെറുപ്പക്കാരിലാണ് ഫാറ്റി ലിവര്‍ കൂടുതല്‍ കണ്ടുവരുന്നത്.
രക്തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുകയും തന്മൂലം കരളില്‍ കൊഴുപ്പു കെട്ടുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. സാധാരണ ഗതിയില്‍ ഫാറ്റി ലിവര്‍ അപകടകാരിയല്ല. എന്നാല്‍. ഫാറ്റി ലിവര്‍ ഉള്ള ഒരാള്‍ക്ക് എല്‍.എഫ്.റ്റിയില്‍ അപാതകത ഉണ്ടാകുകയും ചെയ്താല്‍ ഭാവിയില്‍ ഗുരുതരമായ കരള്‍ രോഗങ്ങള്‍ക്കും പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ മറ്റു രോഗങ്ങള്‍ക്കും കാരണമായേക്കാം.
ദഹിച്ച എല്ലാ ആഹാരപദാര്‍ത്ഥങ്ങളും ഗ്‌ളൂക്കോസ് തുടങ്ങിയ ഘടകങ്ങളായി വിഘടിക്കപ്പെട്ടാണ് ശരീത്തിലേക്ക് ആഗിരണം ചെയ്യുന്നത്. ഈ ഘടകങ്ങളെല്ലാം കരളിലെത്തുന്നു. ശരീരത്തിന് ആവശ്യമായ ഗ്‌ളൂക്കോസ് സംഭരിച്ചതിനു ശേഷം കരള്‍ ബാക്കിയുള്ളവയെ കൊഴുപ്പാക്കി മാറ്റി കോശങ്ങളില്‍ സംഭരിക്കുന്നു.
എന്നാല്‍, കരളിന്റെ സംഭരണശേഷിക്ക് താങ്ങാനാവുന്നതിനപ്പുറം ഗ്‌ളൂക്കോസ് കരളിലെത്തിയാല്‍, കൊഴുപ്പു വിതരണം ചെയ്യാനാവാതെ കരളില്‍ തന്നെ അടിഞ്ഞുകൂടി ഫാറ്റി ലിവറിനിടയാക്കും. കൂടാതെ കൊഴുപ്പു കോശങ്ങളില്‍ നിന്ന് ഉപയോഗത്തിന് കൊഴുപ്പ് സ്വീകരിക്കുമ്പോഴും കരളില്‍ കൊഴുപ്പടിയാം.
ഫാറ്റി ലിവറിനു പ്രധാന കാരണം മദ്യമാണ്. സ്ഥിരമായി മദ്യപിക്കുന്നവരില്‍ 90 ശതമാനം പേരിലും ഈ രോഗാവസ്ഥ കാണപ്പെടുന്നുണ്ട്. ഇത് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്നാണ് അറിയപ്പെടുന്നത്. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിനു വഴിയൊരുക്കുന്ന ഘടകങ്ങളാണ്. കരളിനുണ്ടായേക്കാവുന്ന ഒരുപിടി രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റി ലിവര്‍ കാണപ്പെടാറുണ്ട്. ഉദാഹരണമായി, ഹെപ്പറ്റൈറ്റിസ് സി, വില്‍സണ്‍സ് ഡിസീസ് തുടങ്ങിയ അപൂര്‍വ്വം കരള്‍ രോഗങ്ങളുടെയും ആദ്യ ലക്ഷണമായും ഫാറ്റി ലിവര്‍ കാണപ്പെടാറുണ്ട്.
സാധാരണയായി ഫാറ്റി ലിവര്‍ ഉള്ളവരില്‍ പ്രകടമായ രോഗലക്ഷണങ്ങളൊന്നും കാണണമെന്നില്ല. എന്നാല്‍, ചിലര്‍ക്ക് അടിവയറ്റില്‍ വേദന, തലചുറ്റല്‍, ക്ഷീണം, അസ്വസ്ഥത, ഭാരക്കുറവ് എന്നിവ അനുഭവപ്പെടാറുണ്ട്. ഭാവിയില്‍ കരളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനാല്‍ ജീവിതശൈലിക്രമീകരണത്തിലൂടെയും ലഘുവായ മരുന്നുകളിലൂടെയും ആദ്യ ഘട്ടത്തില്‍ തന്നെ ഫാറ്റി ലിവര്‍ നിയന്ത്രിക്കണം.
ഫാറ്റി ലിവറുള്ളവര്‍ ചില കാര്യങ്ങളില്‍ അതീവ ശ്രദ്ധചെലുത്തണം. മദ്യപാനം പൂര്‍ണ്ണമായും ഉപേക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. വ്യായാമമാണ് മറ്റൊരു പ്രധാന ഘടകം.
ദിവസേന മുക്കാല്‍ മുതല്‍ ഒരു മണിക്കൂര്‍ വരെയെങ്കിലും ചിട്ടയായി വ്യായാമം ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം.
ആഹാരരീതികളില്‍ മാറ്റം വരുത്തി എണ്ണയുടെയും കൊഴുപ്പിന്റെയും ഉപയോഗം കുറയ്ക്കണം.
രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഇടയ്ക്കിടെ പരിശോധിക്കുകയും ആഹാരക്രമീകരണത്തിലൂടെയോ മരുന്നുകളിലൂടെയോ അത് കൃത്യമായി നിയന്ത്രിക്കുകയും വേണം. ഫാറ്റി ലിവറും പ്രമേഹവുമുള്ള രോഗികള്‍ ആഹാരക്രമീകരണത്തിലൂടെയും മരുന്നുകളിലൂടെയും അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും കൃത്യമായി നിലനിര്‍ത്തണം.
ഫാറ്റി ലിവറുള്ള രോഗികള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വയറിന്റെ അള്‍ട്രാസൗണ്ട് സ്‌കാന്‍, ലിവര്‍ ഫങ്ഷന്‍ ടെസ്റ്റുകള്‍ ഹെപ്പറ്റൈറ്റിസ് ബിയുടെയും സിയുടെയും പരിശോധന എന്നിവ നടത്തേണ്ടതുണ്ട്. കരളിന് കേടുണ്ട് എന്നു സംശയിക്കുന്നെങ്കില്‍ മറ്റു രക്തപരിശോധനകള്‍, ഫൈബ്രോസ്‌കാന്‍, ലിവര്‍ ബയോപ്‌സി തുടങ്ങിയ ടെസ്റ്റുകളും നടത്തേണ്ടിവരും. ഫാറ്റി ലിവര്‍ ഒരു ജീവിതശൈലീരോഗമാണ്. എളുപ്പം ചെയ്യാവുന്ന ജീവിതശൈലീ വ്യതിയാനങ്ങിളിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കും.