നെഞ്ചു വേദന ലക്ഷണമാകാം ….നന്നായി ജീവിച്ചാല്‍’ ഹൃദ്രോഗം വരില്ല. എണ്‍പതു ശതമാനം ഹൃദയാഘാതവും തടയാവുന്നവയാണ് !ഹൃദയാഘാതത്തെക്കുറിച്ചുളള അഞ്ച് തെറ്റിദ്ധാരണകള്‍

ഹൃദയാഘാതം തടയാന്‍ സാധിക്കുമോ ? ഇതു വായിക്കുമ്പോഴും ഇൗ ചിന്ത നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ കേട്ടോളൂ, ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് എണ്‍പതു ശതമാനം ഹൃദയാഘാതവും തടയാവുന്നവയാണ് !
1. ഹൃദയാഘാതം തടയാന്‍ കഴിയുമോ?
രോഗികളില്‍ ഭൂരിപക്ഷം പേരും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ അനുഭവിച്ചിട്ടുള്ളവരാകും. ഹൃദയാഘാതത്തിലേക്കു നയിക്കുന്ന അപായഘടകങ്ങള്‍ നേരത്തെ കണ്ടുപിടിച്ച് അവയെ നിയന്ത്രിച്ചാല്‍ ഹൃദയാഘാതത്തിനുളള സാധ്യത കുറയ്ക്കാം. താഴെപ്പറയുന്ന ഏഴു കാര്യങ്ങളാണ് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നത്.

2. ‘നന്നായി ജീവിച്ചാല്‍’ ഹൃദ്രോഗം വരില്ല
രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രണവിധേയമാണെങ്കില്‍ ഹൃദയാഘാതം ഉണ്ടാവില്ലെന്നാണ് പലരും കരുതുന്നത്. പുകവലിക്കാതെ, നന്നായി വ്യായാമം ചെയ്യുന്ന ജീവിതരീതി പിന്‍തുടര്‍ന്നാല്‍ ഹൃദയം സുരക്ഷിതമെന്ന് കരുതുന്നവരാണ് പലരും. എന്നാല്‍ ഹൃദയാഘാതത്തിനു പിന്നിലെ പ്രധാനഘടകം പാരമ്പര്യ പ്രവണതകള്‍ ആയതിനാല്‍ അച്ഛനോ അമ്മയ്ക്കോ ഹൃദയാഘാതമുണ്ടായിട്ടുണ്ടെങ്കില്‍ മക്കളും ഹൃദയാരോഗ്യ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. അങ്ങനെയുളളവര്‍‌ക്ക് ചിട്ടയായ ജീവിതരീതിയിലൂടെയും അനുയോജ്യമായ വ്യായാമത്തിലൂടെയും ഹൃദയാഘാതസാധ്യത കുറയ്ക്കാനാവും
3. അതിഭയങ്കരമായ വേദനയാണ് ലക്ഷണം
ഹൃദയാഘാതം വരുമ്പോള്‍ സിനിമകളിലും മറ്റും കാണുന്നതുപോലെ അതിഭയങ്കരമായ വേദനയുണ്ടാവുമെന്നാണ് മിക്കവരുടെയും ധാരണ. പക്ഷേ പലര്‍ക്കും നെഞ്ചിനകത്ത് അതുവരെയില്ലാത്ത അസ്വസ്ഥതയാണ് അനുഭവപ്പെടുന്നത്. വളരെക്കുറച്ചു പേര്‍ക്കേ അതികഠിനമായ വേദനയുണ്ടാകൂ. ചുരുക്കം ചിലരില്‍ നിശബ്ദമായ ഹൃദയാഘാതമാണ് ഉണ്ടാവുന്നത്. പ്രമേഹ രോഗികളിലാണ് നിശബ്ദ ഹൃദയാഘാതം കൂടുതലായി കണ്ടുവരുന്നത്.

4. വേദന കൂടിയാല്‍ മാത്രം ആശുപത്രി
ഹൃദയാഘാതം മൂലമുള്ള മരണങ്ങളില്‍ തൊണ്ണൂറു ശതമാനവും സംഭവിക്കുന്നത് ആദ്യ മണിക്കൂറിലാണ്. അതുകൊണ്ടുതന്നെ ഹൃദയാഘാതമുണ്ടായെന്നു തോന്നിയാല്‍ പെട്ടെന്നുതന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തണം. ഹൃദയത്തിന്റെ േപശികളിലേക്കു രക്തമെത്തിക്കുന്ന ധമനി അടഞ്ഞു പോകുമ്പോഴാണ് ഹൃദയാഘാതമുണ്ടാവുന്നത്. എത്രയും വേഗം രക്തയോട്ടം പുനഃസ്ഥാപിച്ചാല്‍ മാത്രമേ ഹൃദയപേശികളുടെ ആരോഗ്യം നിലനിര്‍ത്താനാവൂ. ഹൃദയാഘാതത്തിന്റെ ലക്ഷണമുണ്ടായി ആറു മണിക്കൂര്‍ കഴിഞ്ഞ് ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് എത്ര നല്ല ചികിത്സ ലഭിച്ചാലും ഹൃദയപേശികള്‍ ഭേദമാക്കാനാവാത്ത വിധം തകരാറിലായിട്ടുണ്ടാവും. ഇത് അപകടമാണ്.

5. വേദന മാറിയാല്‍ മരുന്നിനോടു ഗുഡ് ബൈ

ഹൃദയാഘാതത്തിന്റെ മാത്രമല്ല മറ്റു പല രോഗങ്ങളുടെയും കാര്യത്തില്‍ മലയാളിയുടെ മനോഭാവം ഇതാണ്. വിവിധ രോഗാവസ്ഥകളുടെ ചികിത്സാകാലാവധി തികച്ചും വിഭിന്നമാണ്. ഹൃദ്രോഗത്തിനുള്ള ഏതാണ്ടെല്ലാ മരുന്നുകളും ആജീവനാന്തം ഉപയോഗിക്കേണ്ടതാണ്. രക്തം കട്ട പിടിക്കാതിരിക്കാനുളള മരുന്നുകളും കൊളസ്ട്രോള്‍ കുറയ്ക്കാനുളള മരുന്നുകളും ദീര്‍ഘനാള്‍ തുടരേണ്ടതാണ്. കൊളസ്ട്രോള്‍ കുറയ്ക്കുന്ന സ്റ്റാറ്റിന്‍ ഗുളിക ഹൃദയധമനികളില്‍ വീണ്ടും തടസ്സമുണ്ടാവാതിരിക്കാനുള്ളതാണ്. ആന്‍ജിയോ പ്ലാസ്റ്റിയും ബൈപാസും കഴിഞ്ഞ വ്യക്തികളും മരുന്നു മുടക്കമില്ലാതെ കഴിക്കേണ്ടതാണ്. മരുന്നു കഴിക്കേണ്ടതിന്റെ കാലാവധി നിശ്ചയിക്കുന്നതു ഡോക്ടറാണ്. ഡോക്ടറെ പൂര്‍ണ വിശ്വാസത്തോടെ അനുസരിക്കുക.

ഡോ. ദീപക് ഡേവിഡ്സണ്‍

Top