കൊച്ചി:സന്നിധാനത്ത് യുവതി വന്നാല്‍ നടയടയ്ക്കുമെന്ന കണ്ഠരര് രാജീവരുടെ പ്രഖ്യാപനത്തിനെതിരെ അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍. സൗകര്യമുള്ളപ്പോള്‍ അടയ്ക്കാനും തുറക്കാനും ശബരിമല ക്ഷേത്രം താഴമണ്‍ കുടുംബത്തിന്റെ സ്വകാര്യ അവകാശമല്ലെന്നും ഊരായ്മ സ്ഥാനം മാത്രമേയുള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. തന്നിഷ്ടം പോലെ ചെയ്യുന്ന തന്ത്രിയെ മാറ്റാന്‍ വിശ്വാസികള്‍ ദേവസ്വം ബോര്‍ഡിലും കോടതിയിലും നീക്കം നടത്തിയാല്‍ പഴയ കൃഷി ഓഫീസറായി ജീവിക്കേണ്ടി വരുമെന്നും ഹരീഷ് വാസുദേവൻ ശക്തമായി ആഞ്ഞടിക്കുന്നുണ്ട്.
ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…
പ്രിയ രാജീവര് തന്ത്രി,
അങ്ങേയ്ക്ക് സൗകര്യമുള്ളപ്പോ അടയ്ക്കാനും തുറക്കാനും ശബരിമല ക്ഷേത്രം താഴമൺ കുടുംബത്തിന്റെ സ്വകാര്യസ്വത്തല്ല. ഊരായ്മ തന്ത്രി സ്ഥാനമേ താഴമണ്ണിനുള്ളൂ. അത് മാറ്റാൻ പാടില്ലെന്ന് തന്ത്രവിധിയൊന്നുമില്ലല്ലോ. തന്നിഷ്ടം പോലെ ചെയ്യുന്ന തന്ത്രിയെ മാറ്റാൻ വിശ്വാസികൾ ദേവസ്വം ബോർഡിലും കോടതിയിലും നല്ലൊരു നീക്കം നടത്തിയാൽ, അങ്ങേയ്ക്ക് ആ കൃഷി ഓഫീസിലെ പഴയജോലി കൊണ്ട് ഇനിയങ്ങോട്ട് കഴിയേണ്ടി വരും. തന്ത്രി പണി ചെയ്യാൻ താഴമൺ കുടുംബത്ത് വേറെ കൊള്ളാവുന്ന ‘പുരുഷ’ന്മാരുണ്ടോ ആവോ !
സ്വാമി ശരണം.