ഫിഫയിലെ അഴിമതി: ജാക്ക് വാര്‍ണറെ ആജീവനാന്ത കാലത്തേയ്ക്കു വിലക്കി

സൂറിച്ച്: അഴിമതി, തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ പെരുമാറ്റ ദൂഷ്യങ്ങള്‍ക്ക് മുന്‍ വൈസ് പ്രസിഡന്റ് ജാക്ക് വാര്‍ണറെ(72) ഫിഫ സദാചാര സമിതി ആജീവനാന്തം വിലക്കി. ദേശീയ, അന്തര്‍ദേശീയ ഫുട്‌ബോളുമായി ബന്ധപ്പെട്ട ഒരു പ്രവൃത്തികളിലും ഇനി വാര്‍ണര്‍ക്ക് പങ്കാളിയാവാനാവില്ല.

ഫിഫ അഴിമതിയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്തു നിര്‍ത്തിയവരില്‍ ഒന്നാമനാണ് കരീബിയന്‍ ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുകൂടിയായ വാര്‍ണര്‍. ഫിഫയില്‍ ആയിരം കോടിയോളം രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വിറ്റ്‌സര്‍ലന്‍ഡില്‍ അറസ്റ്റിലായ 14 പേരില്‍ ഒരാളാണ് വാര്‍ണര്‍. അമേരിക്കയില്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിട്ടുനല്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്കി കാത്തിരിക്കയാണ് അന്വേഷണസംഘം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഴിമതിയുമായി ബന്ധപ്പെട്ട് ആജീവനാന്തം വിലക്കുകിട്ടുന്ന ഫിഫയിലെ രണ്ടാം ഉന്നത ഉദ്യോഗസ്ഥനാണ് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോക്കാരനായ വാര്‍ണര്‍. ഫിഫ നിര്‍വാഹക സമിതിയംഗം അമേരിക്കക്കാരനായ ചക്ക് ബ്ലെയ്‌സര്‍(70) ആണ് ആദ്യത്തെയാള്‍.

വലിയ സ്വാധീനശക്തിയുള്ള ഫിഫയുടെ സീനിയര്‍ പ്രതിനിധിയായ വാര്‍ണര്‍ തുടര്‍ച്ചയായും ആവര്‍ത്തിച്ചും പെരുമാറ്റച്ചട്ട ലംഘനം നടത്തിയതായി സദാചാര സമിതി കണ്ടെത്തി. ഫിഫ വൈസ് പ്രസിഡന്റെന്നതിനു പുറമെ, ഉത്തരമധ്യ അമേരിക്കന്‍ ഫെഡറേഷ(കോണ്‍കാകാഫ്)ന്റെയും കരീബിയന്‍ ഫുട്‌ബോള്‍ യൂണിയന്റെയും പ്രസിഡന്റായും സേവനമനുഷ്ഠിച്ച വാര്‍ണര്‍ വഴിവിട്ട പ്രവര്‍ത്തനങ്ങളില്‍ നിരന്തരം വ്യാപൃതനായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഫിഫ മേലധികാരി ചമഞ്ഞുള്ള കൊടുക്കല്‍വാങ്ങല്‍, നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിന് ഭീമമായ തുക കൈപ്പറ്റല്‍ തുടങ്ങിയ നിരവധി കുറ്റങ്ങള്‍ വാര്‍ണര്‍ക്കെതിരെയുണ്ട്.

2010, 2014 ലോകകപ്പുകളുടെ ടെലിവിഷന്‍ സംപ്രേഷണാവകാശം ചുരുങ്ങിയ തുകയ്ക്ക് കരീബിയന്‍ ഫുട്‌ബോള്‍ യൂണിയനുവേണ്ടി നേടിയെടുത്ത വാര്‍ണര്‍ ഈ അവകാശം സ്വന്തം സ്ഥാപനത്തിന്റെ പേരിലാക്കുകയും 33 ഇരട്ടി തുകയ്ക്ക് മറിച്ചുവില്ക്കുകയും ചെയ്തതിന് തെളിവു കിട്ടിയതോടെയാണ് സദാചാര സമിതി നടപടി വേഗമാക്കിയത്. ഫിഫയ്ക്ക് കിട്ടേണ്ടിയിരുന്ന 125 കോടിയിലധികം രൂപ ഇതുവഴി നഷ്ടമായിരുന്നു.

വാര്‍ണര്‍ക്ക് വഴിവിട്ട് സംപ്രേഷണാവകാശ കരാര്‍ നല്കിയ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ പ്രതിക്കൂട്ടിലാണ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ക്രിമിനല്‍ നടപടികള്‍ അഭിമുഖീകരിക്കയാണ് ബ്ലാറ്റര്‍ ഇപ്പോള്‍.

Top