തിരുവനന്തപുരം: സിനിമയില്‍ അഭിനയിക്കാന്‍ പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കി ലക്ഷങ്ങള്‍ തട്ടിയ സംഘം പിടിയില്‍. തിരുവനന്തപുരം സ്വദേശി അമ്പലംമുക്ക് കുട്ടന്‍ എന്ന രാം രഞ്ജിത്ത്, കോഴിക്കോട് ചോവായൂര്‍ സ്വദേശി സതീഷ് കുമാര്‍, ചാത്തമ്പറ സ്വദേശി ഷൈബു എന്നിവരാണ് സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായത്.
പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പത്രത്തില്‍ പരസ്യം നല്‍കിയാണ് സംഘം 50 ലക്ഷത്തോളം രൂപ തട്ടിയത്.
പ്രമുഖ പത്രങ്ങളില്‍ ‘ചൈതന്യ ക്രിയേഷന്റെ’ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ പുതുമുഖങ്ങളായ കുട്ടികളെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലില്‍ വെച്ച് കുട്ടികളുടെ ഓഡിഷന്‍ നടത്തുകയും കുട്ടികളെ തെരഞ്ഞെടുത്തതായി രക്ഷാകര്‍ത്താക്കെള അറിയിക്കുകയും ചെയ്തു.
ഷൂട്ടിങ് ന്യൂസിലന്‍ഡ്, ദുബൈ, മൂന്നാര്‍ എന്നിവിടങ്ങളില്‍ ആയിരിക്കുമെന്നും കുട്ടികളുടെ താമസവും ചെലവും കമ്പനി വഹിക്കുമെന്നുമാണ് അറിയിച്ചത്. കൊച്ചുകുട്ടികള്‍ ആയതുകൊണ്ട് നിര്‍ബന്ധമായും രക്ഷാകര്‍ത്താക്കള്‍ കൂടെ വരണമെന്നും അവരവരുടെ ചെലവുകള്‍ സ്വയം വഹിക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഏതുവിധേനയും മക്കളെ സിനിമയില്‍ അഭിനയിപ്പിക്കണമെന്ന് ചിന്തയുള്ള രക്ഷാകര്‍ത്താക്കള്‍ ഇവരുടെ കെണിയില്‍ വീഴുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
ഇത്തരത്തില്‍ നൂറോളം പേരില്‍നിന്നായി 50 ലക്ഷം രൂപ തട്ടിയെടുത്തു. കാശും വാങ്ങി മുങ്ങിയ ഇവരെ രക്ഷാകര്‍ത്താക്കള്‍ ബന്ധപ്പെട്ടപ്പോള്‍ സിനിമയിലെ തിരക്കഥയെ സംബന്ധിച്ച് കേസ് നടക്കുന്നതിനാലാണ് താമസിക്കുന്നതെന്നും ഉടന്‍ ഷൂട്ടിങ് തുടങ്ങുമെന്നും അറിയിച്ചു.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ‘പവിഴം ക്രിയേഷെന്റ’ പേരില്‍ പ്രമുഖ പത്രങ്ങളിലും സിനിമ മാസികകളിലും വീണ്ടും ഇത്തരം വാര്‍ത്ത കണ്ട രക്ഷാകര്‍ത്താക്കളില്‍ ചിലര്‍ ബന്ധപ്പെട്ടപ്പോള്‍ തങ്ങളെ പറ്റിച്ചവര്‍തന്നെയാണ് ഇതിനു പിന്നിലെന്നും ബോധ്യമായി. തുടര്‍ന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ രൂപവത്കരിച്ച പ്രത്യേക ഷാഡോ ടീം, ‘കൊടുമൂട്ടില്‍’ ഫിലിംസ് എന്ന പേരില്‍ പുതിയ തട്ടിപ്പിന് കളമൊരുക്കുന്നതിനിടയിലാണ് ഇവരെ വലയിലാക്കിയത്. ഡി.സി.പി അരുള്‍ കൃഷ്ണയുടെ മേല്‍നോട്ടത്തില്‍ കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമീഷണര്‍ വി. സുരേഷ് കുമാര്‍, തമ്പാനൂര്‍ ക്രൈം എസ്.ഐ സുരേഷ് ചന്ദ്രബാബു, ഷാഡോ എസ്.ഐ സുനില്‍ ലാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.