കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്ന ശേഷം സിപിഐഎം പ്രവര്‍ത്തകര്‍ ആഹ്ലാദിക്കുന്നുവെന്ന തരത്തില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ പരാതി. എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജാണ് പരാതി നല്‍കിയത്. പരിശോധിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കുമ്മനത്തിന്റെ ഫെയ്‌സ്ബുക്കിലൂടെ പ്രചരിച്ച ദൃശ്യങ്ങള്‍ വീഡിയോ വസ്തുതാവിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. വീഡിയോ വ്യാജമാണെങ്കില്‍ ബിജെപി അധ്യക്ഷനെതിരെ കേസെടുക്കുമെന്നും പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കുമ്മനത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് നിയമവിരുദ്ധമാണ്. എവിടെയാണ് ആഹ്ലാദപ്രകടനം നടത്തിയതെന്ന് വ്യക്തമല്ലെന്നും തെറ്റായ പ്രചരണങ്ങളാണ് ബിജെപി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജു കൊല്ലപ്പെട്ടതിനുശേഷം സിപിഐഎം പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനമെന്ന പറഞ്ഞാണ് വീഡിയോ കുമ്മനം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചത്. ഇത് തെറ്റിദ്ധാരണ പരത്തുന്നതാണെന്നും വ്യാജ വീഡിയോ ആണെങ്കില്‍ കുമ്മനത്തിനെതിരെ കേസെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരിലെ കൊലപാതകത്തെ ആരും ന്യായീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സംഭവത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും. പയ്യന്നൂരിലെ കൊലപാതകം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണ്. സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. രാഷ്ട്രീയ സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിക്കേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താനുള്ള ശ്രമങ്ങള്‍ തുടരും.