തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായ ഇന്ദിര (54) നിര്യാതയായി. മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ശ്വാസകോശസംബന്ധിയായ അസുഖത്തെ തുടര്‍ന്ന് ചികിത്സിലായിരുന്നു. മലപ്പുറം തിരൂര്‍ തുഞ്ചന്‍ പറമ്പിന് സമീപം പരിയാപുരം സ്വദേശിയായ ഇന്ദിര ചലച്ചിത്രോത്സവങ്ങളിലും സ്ത്രീ പ്രശ്‌നങ്ങളിലുമൊക്കെ സജീവ സാന്നിദ്ധ്യമായിരുന്നു. സംസ്‌കാരം നാളെ രാവിലെ എട്ട് മണിക്ക് ശാന്തികവാടത്തില്‍ നടക്കും.
കണ്ണൂര്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ദിര സംവിധാനം ചെയ്ത ‘കഥാര്‍സിസ്’ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ (മിഫ്) മത്സര വിഭാഗത്തിലേയ്ക്ക് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോണ്‍ടാക്ട് ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പെടയുളളവ പല ചലച്ചിത്രോത്സവങ്ങളിലും കഥാര്‍സിസിന് അംഗീകാരം ലഭിച്ചു.
പി എ ബക്കറിനൊപ്പം പ്രവര്‍ത്തിച്ച് സിനിമാ രംഗത്തേയ്ക്ക് കടന്നുവന്ന ഇന്ദിര തിരുവനന്തപുരത്ത് സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സുരാസു ഉള്‍പ്പടെയുളളവരുടെ കീഴിലാണ് ചലച്ചിത്ര പഠനം ഔദ്യോഗികമായി പൂര്‍ത്തിയാക്കിയത്. ലെനിന്‍ രാജേന്ദ്രന്റെ ‘കുലം’, എ എ അസീസിന്റെ ‘അത്യുന്നതങ്ങളില്‍ കൂടാരം പണിയുന്നവര്‍’ എന്നീ സിനിമകളില്‍ അസിസ്റ്റന്റ്, അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ബീനാപോളിന്റെ ഡോക്യുമെന്ററികളിലും ഇന്ദിര സഹകരിച്ചിരുന്നു.
സി ഡിറ്റിന് വേണ്ടി നിരവധി ഡോക്യുമെന്ററികള്‍ ചെയ്തിട്ടുണ്ട്. വി എം ദീപ ഏഷ്യനെറ്റിന് വേണ്ടി ചെയ്ത നിരവധി പ്രോഗ്രാമുകളുടെ ക്യാമറ ഇന്ദിരയുടേതായിരുന്നു. ‘നമ്മള്‍’, ‘നല്ല മണ്ണ്’ എന്നീ പ്രോഗ്രാമുകളിലെ ക്യാമറയ്ക്ക് പിന്നില്‍ ഇന്ദിരയായിരുന്നു.