ലണ്ടൻ യൂറോ കപ്പ് – കോപ്പ അമേരിക്ക ജേതാക്കൾ തമ്മിലുള്ള പോരാട്ടമായ ഫൈനലിസിമയിൽ ജയം കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയ്ക്ക് . ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് നിലപരിശാക്കിയാണ് അർജന്റീന ഫൈനലിസിമ കിരീടമുയർത്തിയത്. ലൗറ്റാരോ മാര്‍ട്ടിനസ്, ഏഞ്ചൽ ഡി മരിയ, പൗളോ ഡിബാല എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്. ഇറ്റലിയുടെ പ്രസിങ്ങ് ഗെയിമിന് പാസിങ്ങ് ഗെയിം കൊണ്ട് മറുപടി കൊടുത്ത അർജന്റീന വൻകരകൾ തമ്മിലുള്ള പോരാട്ടത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളിന് വിജയിച്ചു.
ലൗട്ടാരോ മാർട്ടിനസ് (28), എയ്ഞ്ചൽ ഡി മരിയ (45 + 1 ), ഡിബാല (90+4) എന്നിവരാണ് അർജന്റീനക്കായി വല ചലിപ്പിച്ചത്. ഒരു ഗോൾ അടിക്കുകയും ഒരു ഗോളിന് വഴിവെക്കുകയും ചെയ്ത മാർട്ടിനസും , രണ്ട് ഗോളിന് വഴിയൊരുക്കിയ ലയണൽ മെസിയുമാണ് അസൂറികളെ തകർത്തത്. കോപ്പാ അമേരിക്കാ ചാമ്പ്യന്മാരും യൂറോ കപ്പ് ജേതാക്കളും തമ്മിൽ ഒരിടവേളക്ക് ശേഷം നടന്ന മൽസരത്തിൽ ലാറ്റിനമേരിക്കയുടെ മേധാവിത്തമാണ് കണ്ടത്.
ഗോൾ നേടിയില്ലെങ്കിലും രണ്ട് അസിസ്റ്റുകളും മൈതാനം നിറഞ്ഞുള്ള നീക്കങ്ങളുമായി മിന്നിയ ലയണൽ മെസ്സി അർജന്റീനയുടെ ജയത്തിൽ നിർണായക പങ്കുവഹിച്ചു. ഇറ്റലിക്കെതിരെയും ജയിച്ചതോടെ അർജന്റീനയുടെ തോൽവിയില്ലാ കുതിപ്പ് വീണ്ടും തുടർന്നു. പരാജയമറിയാതെ 32 മത്സരങ്ങളാണ് അർജന്റീന ഇതുവരെ പൂർത്തിയാക്കിയത്. യൂറോ കപ്പിലെ തേരോട്ടത്തിന് ശേഷം കഷ്ടകാലം തുടരുന്ന ഇറ്റലിക്ക് ഫൈനലിസിമയിലെ തോൽവി നിരാശ നൽകുന്നതായി.