ന്യൂഡല്‍ഹി: കോടതി അലക്ഷ്യകേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പിഴ അടച്ചു. ഒരു രൂപയാണ് പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍ പിഴ അടച്ചത്.കേസില്‍ സെപ്തംബര്‍ പതിനഞ്ചിനകം പിഴ അടച്ചിരിക്കണം എന്നായിരുന്നു കോടതി നിര്‍ദ്ദേശം. തുക രജിസ്ട്രിയില്‍ കെട്ടിവെയ്ക്കാനാണ് കോടതി ഉത്തരവിട്ടിരുന്നത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം തടവും വിലക്കും ആണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. മൂന്നു വര്‍ഷത്തേക്ക് പ്രാക്ടീസില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തുമെന്നും വ്യക്തമാക്കിയിരുന്നു.
ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി.ആര്‍. ഗാവി, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. ചീഫ് ജസ്റ്റിസ് ബോബ്ഡെയ്ക്കും, മുന്‍ ചീഫ് ജസ്റ്റിസുമാര്‍ക്കും എതിരായ പ്രശാന്ത് ഭൂഷന്റെ രണ്ട് ട്വീറ്റുകള്‍ക്കെതിരെയാണ് കോടതി സ്വമേധയാ കോടതി അലക്ഷ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ജൂണ്‍ 27-നും 29-നും പ്രശാന്ത് ഭൂഷണ്‍ കുറിച്ച രണ്ട് ട്വീറ്റുകളെ തുടര്‍ന്നാണ് സുപ്രീംകോടതി കേസെടുത്തത്.