ശ്രീകാര്യം മണ്‍വിളയിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്‌സിന്റെ നിര്‍മാണ യൂണിറ്റിലുണ്ടായത് വന്‍ തീപിടിത്തം. നാലു നിലയുള്ള കെട്ടിടവും അസംസ്‌കൃത വസ്തുക്കളും പൂര്‍ണമായും കത്തിയമര്‍ന്നു. 500 കോടിയുടെയെങ്കിലും നഷ്ടം കണക്കാക്കുന്നു.
ആളപായം ഇല്ലെങ്കിലും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഓക്‌സിജന്റെ അളവു കുറയാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. പ്ലാസ്റ്റിക് കത്തിയതില്‍നിന്ന് ഉയരുന്ന പുകയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ്, കാര്‍ബണ്‍ ഡൈഓക്‌സൈഡ്, സള്‍ഫര്‍ ഡൈ ഓക്‌സൈഡ് എന്നിവ കലര്‍ന്നിട്ടുണ്ട്. ഇത് അന്തരീക്ഷത്തില്‍ ഓക്‌സിജന്റെ അളവു കുറയ്ക്കും. സംഭവസ്ഥലത്തിന് രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്‌കൂളുകള്‍ക്കു വ്യാഴാഴ്ച അവധി നല്‍കിയതായി ജില്ലാ കലക്ടര്‍ കെ.വാസുകി അറിയിച്ചു. പുലര്‍ച്ചെയോടെ തീ നിയന്ത്രണവിധേയമായി.
കൊച്ചുകുട്ടികള്‍, അലര്‍ജി, ആസ്ത്മ, ശ്വാസകോശരോഗമുള്ളവര്‍ എന്നിവര്‍ ശ്രദ്ധിക്കണം. ഇവര്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍നിന്നും മാറിനില്‍ക്കുന്നതാണ് നല്ലത്. വളരെ ഉയര്‍ന്ന അളവിലുള്ള വിഷപ്പുകയാണ് അന്തരീക്ഷത്തില്‍ കലര്‍ന്നിരിക്കുന്നത്. ഇതു ശ്വസിച്ചാല്‍ സാരമായ ആരോഗ്യപ്രശ്നമുണ്ടാകുമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സന്തോഷ് കുമാര്‍ പറയുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് മെഡിക്കല്‍ കോളേജില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി അടുത്തുള്ള താമസക്കാര്‍ മാറിപ്പോകാന്‍ ജില്ലാ ഭരണകൂടം കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. സമീപവാസികള്‍ മാറിത്താമസിക്കണമെന്ന് രാത്രിയോടെ കളക്ടറുടെ നിര്‍ദേശപ്രകാരം ഉച്ചഭാഷിണിയിലൂടെ അറിയിപ്പു നല്‍കി. ഒരാഴ്ചത്തേക്ക് പ്ലാസ്റ്റിക് കത്തിയമര്‍ന്നതിന്റെ മലിനീകരണം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.