അഹമ്മദാബാദ്: ഗുജറാത്തില്‍ ഇന്ന് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കും. സൗരാഷ്ട്രയിലെയും തെക്കന്‍ ഗുജറാത്തിലെയും 89 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുതുന്നത്. മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ 977 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
രൂപാണി മത്സരിക്കുന്ന രാജ്‌കോട്ട് വെസ്റ്റില്‍ സംസ്ഥാനത്തെ സ്ഥാനാര്‍ഥികളില്‍ ഏറ്റവും ധനികനായ ഇന്ദ്രാനില്‍ രാജ്യഗുരു (കോണ്‍ഗ്രസ്) ആണ് എതിര്‍ സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നു വിശേഷിപ്പിക്കാവുന്ന ശക്തിസിങ് ഗോഹിലും ബിജെപിയുടെ കരുത്തന്മാരിലൊരാളായ വീരേന്ദ്രസിങ് ജഡേജയും കൊമ്പുകോര്‍ക്കുന്ന മാണ്ഡ്‌വി, കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ അര്‍ജുന്‍ മോധ്‌വാദിയയും ബിജെപിയുടെ കൃഷി മന്ത്രി ബാബു ബോക്കിരിയയും ഏറ്റുമുട്ടുന്ന പോര്‍ബന്ദര്‍ എന്നിവിടങ്ങളിലും തീപാറും. വാധ്വാന്‍, ജസ്ദാന്‍, ധൊരാജി, ഭാവ്‌നഗര്‍ വെസ്റ്റ്, കുടിയാന, ഉന, അമ്‌റേലി, ബോത്താഡ്, വരാച്ഛ റോഡ്, ഝഗാദിയ, സൂറത്ത് എന്നിവയാണു കടുത്ത മല്‍സരമുള്ള മറ്റു മണ്ഡലങ്ങള്‍.
സംസ്ഥാനത്ത് ഒറ്റയ്ക്കു മത്സരിക്കുന്ന ബിജെപിക്ക് ആദ്യഘട്ടത്തിലെ എല്ലാ മണ്ഡലത്തിലും സ്വന്തം സ്ഥാനാര്‍ഥികളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവമായിരുന്നു ബിജെപിയുടെ പ്രകടനപത്രിക തന്നെ. ഗുജറാത്ത് വികാരം ആളിക്കത്തിച്ചും ജാതി പരാമര്‍ശങ്ങളെ കുത്തിയിളക്കിയും വികസന വാദ്ഗാനങ്ങള്‍ വാരിവിതറിയുമായിരുന്നു ബിജെപിയുടെ വോട്ടു പിടിത്തം.
22 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയും അധികാരം പിടിച്ചെടുക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന കോണ്‍ഗ്രസും തമ്മില്‍ ശക്തമായ പോരാട്ടമാണ് ഗുജറാത്തില്‍ നടക്കുന്നത്. പട്ടേല്‍, ക്ഷത്രിയ, ആദിവാസി, പിന്നാക്ക, ദലിത് (പഖാം) സമുദായങ്ങളുടെ വിശാലസഖ്യവുമായാണു കോണ്‍ഗ്രസ് രംഗത്തിറങ്ങിയത്. ഹാര്‍ദിക് പക്ഷത്തിനടക്കം പട്ടേലുകള്‍ക്കും പിന്നാക്ക-ദലിത്- ആദിവാസികള്‍ക്കും മുസ്‌ലിംകള്‍ക്കും സീറ്റുകള്‍ നല്‍കുകയും ഐക്യജനതാദളുമായി (ശരദ് യാദവ് പക്ഷം) സീറ്റ് ധാരണയിലെത്തുകയും ചെയ്തു. എന്‍സിപി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളുമായി ധാരണയിലെത്തിയില്ല.
രാജ്‌കോട്ട് ജില്ലയിലെ എട്ടു മണ്ഡലങ്ങളില്‍ മാത്രം അയ്യായിരത്തോളം മുതിര്‍ന്ന പൗരന്മാരാണ് വോട്ട് രേഖപ്പെടുത്താന്‍ തയാറെടുക്കുന്നത്. എല്ലാവരും 90 കഴിഞ്ഞവര്‍. നൂറുവയസ് കഴിഞ്ഞവര്‍ മാത്രം നാനൂറോളം. അവരില്‍ ഏറ്റവും സീനിയര്‍ ലോകത്തെ മുതുമുത്തശ്ശി അജിബെന്‍ സിദാഭായ് ചന്ദ്രവാദിയ (126) ആഴ്ചകളായി വോട്ടിങ് ദിവസം കാത്തിരിക്കുകയുമാണ്.
ആദ്യഘട്ടത്തിലെ 15% സ്ഥാനാര്‍ഥികളുടെ പേരില്‍ ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ കേസുള്ളതായി അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് എന്ന സന്നദ്ധ സംഘടനയുടെ വെളിപ്പെടുത്തല്‍. കുറ്റകൃത്യങ്ങളില്‍ കൊലപാതക ആരോപണങ്ങളും തട്ടിക്കൊണ്ടുപോകലുകളും മാനഭംഗവുമെല്ലാം ഉള്‍പ്പെടും.
14ന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ 93 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കും. 18ന് ഫലം പ്രഖ്യാപിക്കും.