ഡി.ദ്രൗപതി
തെലങ്കാന: ഡിസംബര്‍ 7 ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാന യില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്നും സീറ്റ് വിഭജനത്തെത്തുടര്‍ന്നും കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധികള്‍ പാര്‍ട്ടിയുടെ ഇടക്കാലത്തുണ്ടായ വിജയസാധ്യതകളെ പിന്നോട്ടടിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. തെലങ്കാനയില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ച് ‘മഹാകുട്ടാമി’ എന്ന പേരില്‍ സഖ്യമാക്കി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് നടത്തിയ നീക്കം വിജയം കാണുമെന്നാണ് പുറത്തുവരുന്ന സര്‍വ്വേ ഫലങ്ങള്‍. തെലുങ്കു ദേശം പാര്‍ട്ടി, തെലങ്കാന ജന സമിതി, സിപിഐ എന്നീ പാര്‍ട്ടികളാണ് മഹാകുട്ടാമിയില്‍ ഉള്ളത്.
119 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മഹാകുട്ടാമിയ്ക്ക് കനത്ത മത്സരം വെക്കുന്നത് തെലങ്കാന രാഷ്ട്ര സമിതിയാണ്. 2014 നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ടിആര്‍എസ് 63 സീറ്റിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു.
ഇപ്പോള്‍ പുറത്തുവരുന്ന സിവോട്ടര്‍ സര്‍വ്വേ പ്രകാരം കോണ്‍ഗ്രസ് ടിഡിപി സഖ്യത്തിനാണ് തെലങ്കാനയില്‍ വിജയ സാധ്യത. സര്‍വ്വേ പ്രകാരം ടിആര്‍എസ് 42 സീറ്റുകളില്‍ വിജയിക്കും. അതേസമയം കോണ്‍ഗ്രസ് ടിഡിപി സഖ്യം 64 സീറ്റുകളിലും വിജയിക്കും. 2,80,64,680 വോട്ടര്‍മാരാണ് തെലങ്കാനയിലുള്ളത്. അതില്‍ 7,46,077 കന്നി വോട്ടര്‍മാരാണ്.
കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ തുറുപ്പു ചീട്ടായ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ മുഖമായ ഡികെ ശിവകുമാറിനെ തെലങ്കാനയിലേക്ക് നിയോഗിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തയ്യാറായി.
ഡി കെ ശിവകുമാറിനോടൊപ്പം പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിയും അദ്ദേഹത്തിന്റെ കാബിനറ്റ് മന്ത്രിയായ മല്ലാഡി കൃഷ്ണ റാവുവും തെലങ്കാനയില്‍ അനുനയ ശ്രമങ്ങളുമായെത്തി. വികെ ശിവകുമാറാണ് തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ പോരിന് നേതൃത്വം നല്‍കുന്നത്. വി നാരായണ സ്വാമി അദ്ദേഹത്തിന്റെ സ്വതസിദ്ദമായ ശൈലിയില്‍ ആരെയും അനുനയിപ്പിക്കുന്ന ആളാണ്. കോണ്‍ഗ്രസില്‍ തന്ത്രങ്ങള്‍ ഏറ്റവും നന്നായി മെനയുന്ന ഡികെയും ആരെയും അനുനയിപ്പിച്ച് വശത്താക്കുന്ന ഡികെ ശിവകുമാറും തെലങ്കാനയില്‍ എത്തിയതോട് കൂടി കോണ്‍ഗ്രസിന് പുതുജീവന്‍ വച്ചിരിക്കുകയാണ്.
ആദ്യം പുറത്തുവന്ന കണക്കുകള്‍ പ്രകാരം നാല്‍പ്പതോളം റിബലുകളും മത്സര രംഗത്ത് ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ തന്ത്രപൂര്‍വ്വമായ ഇടപെടല്‍ കൊണ്ട് ഇനി ബാക്കിയുള്ളത് ഏഴുപേര്‍ മാത്രമാണ്.