ദില്ലി: യു പിയിൽ ബി ജെ പിയുടെ വിജയം പ്രവചിച്ച് സട്ടാ ബസാർ ബെറ്റിംഗ് മാർക്കറ്റ്. ഇത്തവണ പഞ്ചാബിൽ തൂക്കുസഭയാണ് സാറ്റാ ബസാർ പ്രവചിക്കുന്നത്. 117 അംഗ നിയമസഭയിൽ ആം ആദ്മിക്കും കോൺഗ്രസിനും 40 സീറ്റുകൾ വീതം നേടുമെന്നാണ് പ്രവചനം. എന്നാൽ കോൺഗ്രസുമായി പിരിഞ്ഞ് പുതിയ പാർട്ടി പ്രഖ്യാപിച്ച അമരീന്ദറുമായി സഖ്യത്തിലെത്തിയിട്ടും വലിയ മുന്നേറ്റം സംസ്ഥാനത്ത് ബി ജെ പിക്ക് ഉണ്ടാക്കാൻ സാധിക്കില്ലെന്നും മാർക്കറ്റ് പറയുന്നു.
അകാലിദളിനും ബി ജെ പിക്കും 5 മുതൽ 10 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 117 ൽ 72 സീറ്റുകൾ നേടിയായിരുന്നു ബി ജെ പി-അകാലിദൾ സർക്കാരിനെ താഴെയിറക്കി കോൺഗ്രസ് അധികാരം പിടിച്ചത്. ആദ്യ അങ്കത്തിനിറങ്ങിയ ആം ആദ്മിക്ക് 21 സീറ്റുകളായിരുന്നു ലഭിച്ചത്. പുറത്തുവന്ന സർവ്വേകളിൽ പലതും ഇക്കുറി ആം ആദ്മി വലിയ മുന്നേറ്റം ഉണ്ടാക്കിയേക്കും എന്ന് പ്രവചിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിൽ 2017 ൽ നിന്നും വ്യത്യസ്തമായി ബി ജെ പി സീറ്റുകളിൽ വലിയ ഇടിവ് സംഭവിക്കുമെന്നാണ് ഇവരുടെ പ്രവചനം. കർഷക പ്രതിഷേധം ഉത്തർപ്രദേശിൽ വലിയ രീതിയിൽ ബിജെപിക്ക് തിരിച്ചടിയായേക്കുമെന്നാണ് ബെറ്റിംഗ് മാർക്കറ്റിന്റെ പ്രവചനം.
കുറഞ്ഞത് 250 സീറ്റുകൾ വരെയാണ് ഇവിടെ ബിജെപിക്ക് പ്രവചിക്കുന്നത്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 403 അംഗ സഭയിൽ 312 സീറ്റുകളായിരുന്നു ബി ജെ പിക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇക്കുറി 50 മുതൽ 60 വരെ സീറ്റുകൾ ബി ജെ പിക്ക് കുറഞ്ഞേക്കും. ബി ജെ പി കഴിഞ്ഞ തവണ വലിയ മുന്നേറ്റം കാഴ്ച വെച്ച പടിഞ്ഞാറൻ യുപിയിൽ മുസ്ലീം വോട്ടുകൾ സമാജ്വാദി പാർട്ടിയിലേക്ക് ഒഴുകുമെന്നും ഇവർ പറയുന്നു.
പൗരത്വ പ്രതിഷേധങ്ങളും കർഷക നിയമങ്ങളെ ചൊല്ലിയുള്ള പ്രതിഷേധങ്ങളുമാണ് ഇവിടെ ബി ജെ പിക്ക് തിരിച്ചടിയാകുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 47 സീറ്റുകൾ മാത്രം നേടിയ സമാജ്വാദി പാർട്ടിക്ക് ഇത്തവണ 100 സീറ്റുകൾ വരെ നേടാൻ സാധിച്ചേക്കും. കോൺഗ്രസും ബഹുജൻ സമാജ്വാദി പാർട്ടിയും 5 നും 10 നും സീറ്റുകൾക്കിടയിൽ ഒതുങ്ങും.
അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം കാര്യമായ ചലനങ്ങൾ ഇക്കുറിയും ഉണ്ടാക്കിയേക്കില്ല, എന്നും ബെറ്റിംഗ് മാർക്കറ്റ് പ്രവചിക്കുന്നു. അതേസമയം അടുത്ത രണ്ട് മാസത്തിനുള്ളിലെ ബിജെപിയുടെ പ്രവർത്തനങ്ങൾക്ക് അനുസരിച്ച് അന്തിമഫലം മാറാം. ഫെബ്രുവരി 1 ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനവും സ്വാധീനിച്ചേക്കുമെന്നും മാർക്കറ്റ് വൃത്തങ്ങൾ പറയുന്നു.
പുറത്തുവന്ന പല അഭിപ്രായ സർവ്വേകളും ഉത്തർപ്രദേശിൽ ബി ജെ പിതന്നെ അധികാര തുടർച്ച നേടുമെന്നാണ് പ്രവചിച്ചത്. അതേസമയം സീറ്റുകൾ കുറയുമെന്നും സർവ്വേകൾ പ്രവചിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇക്കുറി 300 വരെ സീറ്റുകൾ പാർട്ടിക്ക് നേടാൻ സാധിക്കുമെന്നാണ് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ അവകാശപ്പെട്ടത്.
അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ ബെറ്റിംഗ് മാർക്കറ്റുകൾ സജീവമായി തുടങ്ങിയിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പ് സീസണിൽ തങ്ങളുടെ വിറ്റുവരവ് 50,000 കോടി കവിയുമെന്നാണ് ബെറ്റിംഗ് മാർക്കറ്റ് പ്രതീക്ഷിക്കുന്നതെന്നും വൃത്തങ്ങൾ പറയുന്നു.