കോഴിക്കോട്: ഓണത്തിനും വിഷുവിനുമൊക്കെ പ്രവാസികള്‍ക്ക് കഷ്ടകാലമാണ്. നാട്ടിലെത്തണമെങ്കില്‍ പൊന്നുംവില കൊടുത്തുവേണം വരാന്‍. ഈ സമയങ്ങളില്‍ വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടാറാണ് പതിവ്. എന്നാല്‍, ഇത്തവണ ഇതുവരെയില്ലാത്ത നിരക്കാണ് കമ്പനികള്‍ പറയയുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ആകാശക്കൊള്ള എന്നു വേണമെങ്കില്‍ പറയാം.
ഇത്തവണത്തെ ഓണവും ബക്രീദും ആഘോഷിക്കാനെത്തുന്ന പ്രവാസികള്‍ ആശങ്കയിലാണ്. നിരക്ക് പന്ത്രണ്ട് ഇരട്ടിയോളമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ദുബായിലേക്കും അബുദാബിയിലേക്കും കൊച്ചിയില്‍നിന്ന് സാധാരണ 5000രൂപയാണ് ടിക്കറ്റ് നിരക്ക്. ജിദ്ദയും കുവൈത്തും ഒമാനും ഉള്‍പ്പെടെ ഗള്‍ഫിലെ ഏത് രാജ്യത്തേക്കും 10,000രൂപയില്‍ താഴെയാണ് സാധാരണ നിരക്ക്.
എന്നാല്‍, ദുബായ്-കോഴിക്കോട് നിരക്ക് 33000-35000 രൂപയായിട്ടാണ് ഉയര്‍ത്തിയിരിക്കുന്നത്. കൊച്ചിയിലെത്തുമ്പോള്‍ 2000 രൂപ കുറയുമെന്നു മാത്രം. കേരളത്തിലേക്ക് ടിക്കറ്റ് നിരക്ക് 28000-30000 എന്നിങ്ങനെയാണ് നിരക്ക്. ദില്ലിയിലേക്കാണെങ്കില്‍ പകുതി കൊടുത്താല്‍ മതി. വിമാനയാത്രക്കാരുടെ കഴുത്തറുക്കുന്ന നിരക്കാണിത്. 7000-8000രൂപ നിരക്കുള്ള കോഴിക്കോട്-ഒമാന്‍ 17ാം തീയതി 71,000 മുതല്‍ 80,000രൂപ വരെയാകും.
കോഴിക്കോട്-ജിദ്ദ 60,000ഉം, ദുബായിലേക്ക് 30,000. അടുത്ത ദിവസം കോഴിക്കോട്-ജിദ്ദ 40,000-45,000 എന്നിങ്ങനെയാണ് നിരക്ക്. കോഴിക്കോടും തിരിച്ചുമുള്ള യാത്രക്കാണ് ഏറ്റവും കൂടിയ തുക വാങ്ങുന്നത്. തിരക്ക് കണക്കിലെടുത്ത് അധിക സര്‍വ്വീസ് നടത്താന്‍ തയ്യാറാകാത്തത് ടിക്കറ്റ് കിട്ടാനില്ലാത്ത സ്ഥിതിയിലാണ്.