ശ്രുതി പ്രകാശ്
ഓണം വിളിപ്പാടകലെ എത്തി നില്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ എന്നും പഴയ ഓര്‍മ്മകള്‍ വന്നെത്തുന്നു. ഓണപ്പൂക്കളമിടാന്‍ കുട്ടികള്‍ കാത്തിരിക്കുന്നു. പൈസ കൊടുത്താല്‍ പല നിറത്തിലുള്ള പൂക്കള്‍ വീട്ടിലെത്തുന്നു. അതുകൊണ്ടുതന്നെ ഇന്ന് കുട്ടികള്‍ക്ക് തയ്യാറെടുപ്പൊന്നും വേണ്ടല്ലോ. പണ്ട് മുത്തശ്ശന്മാര്‍ തൊടിയിലും മറ്റും പൂക്കള്‍ പറിക്കാന്‍ വേണ്ടി കുട്ടികള്‍ക്ക് ഓലകൊണ്ടും ഇലകള്‍ക്കൊണ്ടും പൂക്കൂട ഉണ്ടാക്കി കൊടുക്കും.
അത്തം ഒന്ന് എത്തുന്നതിനുമുന്‍പേ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. എന്നാല്‍, കുട്ടികള്‍ക്ക് അതിന്റെ കഷ്ടപ്പാടൊന്നുമില്ലല്ലോ. വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കള്‍ രാവിലെയാകുമ്പോള്‍ റെഡിയായിരിക്കും. കളം വരച്ച് അതങ്ങ് നിറച്ചാല്‍ മാത്രം മതി. എന്നാല്‍, ഇതാണോ എല്ലാവരും ആഗ്രഹിക്കുന്ന ഓണം. മലയാളിയുടെ സ്വകാര്യ അഹങ്കാരമായി മാറിയ ഓണം ഇങ്ങനെ ആഘോഷിക്കുന്നതില്‍ എന്ത് സന്തോഷമാണ്. മുറ്റം ചെത്തി മിനുക്കി പൂക്കളമിടുന്ന കാലം എങ്ങോ പോയ്മറഞ്ഞു.
തൊടിയിലും മറ്റും പണ്ട് കണ്ടിരുന്ന പൂക്കളൊന്നും ഇന്നില്ല. ഓണപ്പൂക്കളത്തില്‍ പ്രധാനിയായിരുന്ന തുമ്പപ്പൂ എവിടെപ്പോയി. തുമ്പപ്പൂ ഇല്ലാതെ പണ്ട് കാലം മലയാളികള്‍ പൂക്കളമിട്ടിരുന്നില്ല. തുമ്പപ്പൂവില്ലാതെ പൂക്കളം ഇടാന്‍ പാടില്ലെന്നൊക്കെ പറയും. എന്നാല്‍, ഇന്നോ..അങ്ങനെയൊരു പൂവിനെക്കുറിച്ച് കുട്ടികള്‍ക്കുപോലും അറിയില്ല. മലയാളി മറന്നു തുടങ്ങി ഓണപ്പൂക്കള്‍ ഇവയൊക്കെയാണ്….
1.തുമ്പപ്പൂ
പൂക്കളത്തില്‍ മധ്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുക തുമ്പപ്പൂവായിരുന്നു. മാവേലി മന്നന്‍ പ്രത്യേകിച്ച് അനുഗ്രഹിച്ചതാണ് തുമ്പപ്പൂവിനെ എന്നാണ് ഐതിഹ്യം.
2.മുക്കുറ്റി
ഓണപ്പൂക്കളില്‍ ഏറ്റവും അവശ്യം വേണ്ട പൂവാണ് മുക്കുറ്റി. എന്നാല്‍ ഇന്ന് മുക്കുറ്റി എന്നത് നാട്ടിന്‍പുറങ്ങളില്‍ മാത്രം അപൂര്‍വ്വമായി കണ്ടു വരുന്നതാണ്. പൂക്കളത്തില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നു ഈ സുന്ദരിക്ക്.
3.തുളസി
പണ്ട് ഓണത്തിന് തുളസിയും പ്രധാനമാണ്. പൂക്കളത്തിന് ഒരു ഐശ്വര്യമാണിത്.
4.ചെമ്പരത്തി
ചെമ്പരത്തി ഇന്നും സുലഭമാണ്. എങ്കിലും പൈസ കൊടുത്താല്‍ വ്യത്യസ്ത നിറത്തിലുള്ള പൂക്കള്‍ എത്തുന്നതു കൊണ്ട് ചെമ്പരത്തി പറിക്കാനും ഇടാനും മലയാളിക്ക് വലിയ ഇഷ്ടമില്ല.
5.കണ്ണാന്തളിപ്പൂവ്
കണ്ണാന്തളിപ്പൂക്കളാണ് ഓണപ്പൂക്കളത്തിലെ പ്രധാന ആകര്‍ഷണീയത. എന്നാല്‍ ഇന്ന് എല്ലാം ഓര്‍മ്മ മാത്രം.