നെല്ലിയാമ്പതി: പ്രളയക്കെടുതിയില്‍ ഗതാഗതം തടസപ്പെട്ട് ഒറ്റപ്പെട്ട പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയില്‍ കുടുങ്ങിയവര്‍ക്ക് പൊലീസ്, ആര്‍.എ.എഫ് സേനാംഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ഭക്ഷണമെത്തിച്ചത് 20 കിലോമീറ്റര്‍ നടന്ന്. ഭക്ഷണം തലയില്‍ ചുമന്നും മറ്റും 70 പേരടങ്ങുന്ന സംഘം പ്രയാസപ്പെട്ടാണ് പ്രദേശത്തെത്തിയത്.
നെന്മാറയില്‍ നിന്ന് പത്ത് കിലോമീറ്ററോളം വാഹനത്തിനും തുടര്‍ന്ന് ഏകദേശം 20 കിലോമീറ്ററോളം കാല്‍നടയായുമാണ് പ്രദേശത്തെത്തിയത്. ചുരവും പാലവും ഇടിഞ്ഞ പ്രദേശങ്ങളില്‍ വടം കെട്ടിയും മറ്റുമാണ് രക്ഷാസംഘം ആറുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പ്രദേശത്തെത്തിയത്. അരിയും ബിസ്‌കറ്റും പഴവും ഇഡലിയും വെള്ളവും മരുന്നും മറ്റുമടങ്ങിയ വസ്തുക്കളാണ് എത്തിച്ചത്.
ഇത്രയും തന്നെ ഭക്ഷ്യധാന്യങ്ങളുമായി സംഘം ഇന്നലെ വീണ്ടും പുറപ്പെടാനിരിക്കെ മഴ ശക്തമായതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി. ഇന്ന് സംഘം വീണ്ടും ഭക്ഷ്യധാന്യങ്ങള്‍ രണ്ട് ട്രിപ്പായി നെല്ലിയാമ്പതിയില്‍ എത്തിക്കും. നിലവില്‍ പ്രദേശത്ത് മൊബൈല്‍- വൈദ്യുതി ബന്ധം ഇല്ലാത്തതും നെല്ലിയാമ്പതിയില്‍ ഉള്ള വാഹനങ്ങളില്‍ ഇന്ധനം ഇല്ലാത്തതും പ്രതിസന്ധിയാണ്.
ഇതിനിടെ നെല്ലിയാമ്പതിയിലേക്ക് മെഡിക്കല്‍ സംഘവുമായി നെന്മാറയില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ തിരിച്ചിറക്കി. മെഡിക്കല്‍ സംഘത്തെ അയക്കാനുള്ള സംവിധാനം ഇന്നും തേടുമെന്ന് ചിറ്റൂര്‍ തഹസില്‍ദാര്‍ രമ അറിയിച്ചു.
നെല്ലിയാമ്പതി ചെക്ക് പോസ്റ്റിന് ശേഷമുളള എഴു കിലോമീറ്റര്‍ ദൂരം പലയിടത്തായി റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം നിലച്ചിട്ടുണ്ട്. നിലവില്‍ റവന്യൂ, പൊലീസ്, പി.ഡബ്‌ളിയു.ഡി, ഫയര്‍ഫോഴ്‌സ് വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ഗതാഗതം പുനഃസ്ഥാപിക്കാനുളള ശ്രമം ആരംഭിച്ചിട്ടുണ്ട്. പാറകള്‍ പൊട്ടിച്ചും കടപുഴകിയ മരങ്ങള്‍ മുറിച്ചുമാറ്റിയുമുള്ള പ്രവൃത്തി ആരംഭിച്ചു. 16ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍ പൊട്ടലിനെ തുടര്‍ന്നാണ് പ്രദേശത്തെ റോഡും പാലവും തകര്‍ന്നത്.