ശാലിനി
റാഞ്ചി: കാലിത്തീറ്റ കുഭകോണക്കെസിലെ വിചാരണ നേരിടുന്ന ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് റാഞ്ചി ജയിലില്‍ തണുപ്പ് വളരെ കൂടുതലാണെന്ന പരാതിയുമായി കോടതിയില്‍. ഇന്നലെ കാലിത്തീറ്റ കുംഭകോണ കേസുമായി ബന്ധപ്പെട്ട് പ്രത്യേക സിബിഐ കോടതിയില്‍ എത്തിയതായിരുന്നു അദ്ദേഹം. കുംഭകോണക്കേസില്‍ താന്‍ നിരപരാധിയാണ് എന്ന് കോടതിയെ ധരിപ്പിച്ച ലാലു തനിക്കു റാഞ്ചി ജയിലിലെ തണുപ്പ് സഹിക്കാനാകുന്നില്ലെന്നും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളയാളാണ് എന്നും കോടതിയോട് പറഞ്ഞു. തനിക്ക് ജയിലില്‍ ആളുകളെ കാണാന്‍ സാധിക്കുന്നില്ല. ഉന്മേഷം തോന്നുന്നില്ല എന്നും ലാലു പറഞ്ഞു.
ആളുകളെ കാണാന്‍ ആണ് താങ്കളോട് കോടതിയില്‍ വരാന്‍ ആവശ്യപ്പെട്ടത് എന്നും തണുപ്പ് വല്ലാതെ തോന്നുന്നു എങ്കില്‍ ഹാര്‍മോണിയമോ തബലയോ വായിച്ചുകൊള്ളൂ എന്നും ജഡ്ജി പരിഹസിച്ചു.
തെറ്റ് ചെയ്തിട്ടില്ല എന്ന ലാലുവിന്റെ വാദത്തോട് ജഡ്ജി പ്രതികരിച്ചത് ഇങ്ങനെ “ ധനകാര്യ വകുപ്പിന്റെ അധിക ചുമതല ഉണ്ടായിരുന്ന മുഖ്യമന്ത്രിയായിരുന്ന താങ്കള്‍ കൃത്യമായ സമയത്ത് നടപടിയെടുക്കാത്തതെന്തുകൊണ്ടാണ്. ഇന്നെന്തായാലും പൊയ്ക്കോളൂ ശിക്ഷ പിന്നീട് പറയാം”.
ഉടന്‍ ലാലുവിന്റെ മറുപടി താനും ഒരു അഭിഭാഷകന്‍ ആണെന്നാണ്. ആ ഡിഗ്രി ഒക്കെ അങ്ങ് ജയിലില്‍ വച്ചാല്‍ മതിയെന്ന് ജഡ്ജിയും പറഞ്ഞു. കുംഭകോണക്കേസില്‍ ലാലുവിന്‍റെ ശിക്ഷ ഇന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു . ഡിസംബര്‍ 23 നാണ് സിബിഐ കോടതി ലാലുവിനെ കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയത്. കോടിക്കണക്കിനു രൂപ ഖജനാവിന് നഷ്ടമുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടി കേസില്‍ മറ്റു 15 പേരെയും കോടതി കുറ്റക്കാരെന്നു വിധിച്ചിരുന്നു. ലാലുവിന് മൂന്നു മുതല്‍ ഏഴു വര്ഷം വരെ തടവ് ശിക്ഷ കിട്ടിയേക്കാം. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കുറഞ്ഞ ശിക്ഷയായ മൂന്നു വര്ഷം തടവ് നല്‍കണം എന്ന് അഭിഭാഷകന്‍ വാദിചെക്കാം. മൂന്നു വര്‍ഷത്തെ തടവാണ് ശിക്ഷ വിധിക്കുന്നതെങ്കില്‍ ഉടനടി ജാമ്യവ്യവസ്ഥകള്‍ നോക്കി അദ്ദേഹം പുറത്തിറങ്ങും.