സ്വന്തം പേര് പറഞ്ഞതിന് ചുവപ്പുകാര്‍ഡ്; ഇനി ആരോടും പേര് പറയില്ലെന്ന് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം

കളിക്കളത്തില്‍ റഫറിമാര്‍ക്ക് ഇടയ്ക്ക് അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. അത് മത്സര ഫലത്തെയും സ്വാധീനിച്ചെന്നു വരാം. എന്നാല്‍ സ്വന്തം പേരു പറഞ്ഞതിന് ഒരു താരത്തിന് ചുവപ്പുകാര്‍ഡ് ലഭിക്കുന്നത് ആദ്യമായിട്ടായിരിക്കും. മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സാഞ്ചസ് വാട്ടിനാണ് ഇത്തരമൊരു അവസ്ഥയുണ്ടായത്. ഇംഗ്ലണ്ടിലെ ഹെമല്‍ ഹെംപ്സ്റ്റഡും ഈസ്റ്റ് തുറൈ യുണൈറ്റഡും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിനിടെ അനാവശ്യമായി പന്തടിച്ചു കളഞ്ഞ സാഞ്ചസിന് റഫറി ആദ്യ മഞ്ഞക്കാര്‍ഡ് നല്‍കി പേരു ചോദിച്ചപ്പോള്‍ താരം വാട്ട് എന്നു മറുപടി പറഞ്ഞു. മൂന്നു പ്രാവശ്യം റഫറി പേര് ചോദിച്ചപ്പോഴും ഇതായിരുന്നു താരത്തിന്റെ മറുപടി. ഇതോടെ കളിയാക്കുകയാണെന്ന് വിചാരിച്ച് റഫറി താരത്തിന് ചുവപ്പുകാര്‍ഡ് നല്‍കുകയും ചെയ്തു. തന്റെ തീരുമാനത്തോട് തര്‍ക്കിച്ച് വാട്ട് എന്ന് പറയുകയാണ് സാഞ്ചസെന്നായിരുന്നു റഫറി കരുതിയത്. ചുവപ്പു കാര്‍ഡ് നല്‍കിയതിനു പിന്നാലെ ടീം നായകന്‍ ജോര്‍ദാന്‍ പാര്‍ക്കസ് റഫറിക്ക് അടുത്തെത്തി അത് അദ്ദേഹത്തിന്റെ പേരാണെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു. അബദ്ധം മനസിലാക്കിയ റഫറി വാട്ടിന് നേരെയുള്ള രണ്ടാം മഞ്ഞക്കാര്‍ഡ് പിന്‍വലിച്ച് താരത്തെ കളത്തിലിറക്കുകയും ചെയ്തു. മത്സരത്തില്‍ വാട്ടിന്റെ ടീം 2-0ന് ജയിക്കുകയും ചെയ്തു. മത്സരശേഷം തന്റെ പേരു വച്ചു കളിക്കരുതെന്നും ഇനി ആ പേര് ആരോടും പറയില്ലെന്നുമാണ് വാട്ട് ട്വിറ്ററില്‍ കുറിച്ചത്. ഇരുപത്തേഴുകാരനായ താരം 2015 ല്‍ ഒമ്പതു മത്സരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി കളിച്ച് രണ്ടു ഗോളുകള്‍ നേടിയിട്ടുണ്ട്.

Top