ക്രൊയേഷ്യയുടെ വിജയത്തിനു പിന്നില്‍ ദൈവവിശ്വാസവും ജപമാലയും; പരിശീലകന്‍ സ്ലട്ക്കോ

യൂറോപ്പിലെ കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ക്രൊയേഷ്യ വരുന്ന ഞായറാഴ്ച ഫിഫ വേള്‍ഡ് കപ്പ്‌ ഫൈനലില്‍ ശക്തരായ ഫ്രാന്‍സിനെ നേരിടുവാന്‍ തയ്യാറെടുക്കുമ്പോള്‍ ദൈവത്തോട് നന്ദി പറയുകയാണ് കത്തോലിക്ക വിശ്വാസിയും ക്രൊയേഷ്യന്‍ ദേശീയ ടീമിന്റെ കോച്ചുമായ സ്ലട്ക്കോ ഡാലിക്ക്. സമീപകാലത്തെ തങ്ങളുടെ വിജയങ്ങളുടെയെല്ലാം പിന്നില്‍ ദൈവവിശ്വാസമാണെന്നും, വിഷമഘട്ടങ്ങളെ നേരിടുവാന്‍ ജപമാലയാണ് തന്നെ സഹായിക്കുന്നതെന്നും വേള്‍ഡ് കപ്പിന്റെ ആരംഭത്തില്‍ ക്രൊയേഷ്യന്‍ കത്തോലിക്കാ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ഡാലിക്ക് വെളിപ്പെടുത്തിയിരുന്നു.
“എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്തിട്ടുള്ള എല്ലാക്കാര്യങ്ങള്‍ക്കും, തൊഴില്‍പരമായ എന്റെ നേട്ടങ്ങള്‍ക്കും ഞാന്‍ എന്റെ ദൈവത്തിലുള്ള വിശ്വാസത്തോട് കടപ്പെട്ടിരിക്കുന്നു. ഞാന്‍ ദൈവത്തോട് നന്ദിയുള്ളവനായിരിക്കും. എന്റെ കയ്യില്‍ എപ്പോഴും ജപമാലയുണ്ട്. വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ എന്റെ പോക്കറ്റില്‍ കയ്യിട്ട് ജപമാലയില്‍ സ്പര്‍ശിക്കും. പിന്നീട് എല്ലാം എളുപ്പമായിരിക്കും”. ഇന്നലെ ശക്തരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു ഫൈനലില്‍ പ്രവേശിച്ച ക്രൊയേഷ്യന്‍ ടീമിന്റെ പരിശീലകന്‍ പറയുന്നു. അന്‍പത്തിയൊന്നുകാരനായ സ്ലാട്ക്കോ ഡാലിക്ക് വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ്.

2000-ലാണ് അദ്ദേഹം പരിശീലന മേഖലയിലേക്ക് പ്രവേശിക്കുന്നത്. 2017-ല്‍ ക്രൊയേഷ്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുകയായിരിന്നു. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചുകൊണ്ടാണ് ക്രൊയേഷ്യ ഫൈനലില്‍ പ്രവേശിച്ചത്. ആവേശം ഫൈനലില്‍ എത്തിയെങ്കിലും അത് തങ്ങളുടെ കഴിവാണെന്ന് പറഞ്ഞു അഹങ്കരിക്കാതെ ദൈവത്തിന് കൃതജ്ഞത അര്‍പ്പിക്കുകയാണ് ഈ പരിശീലകന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top