ബാങ്കോക്ക്: പ്രതീക്ഷകള്‍ കൈവെടിയാതെ നടത്തിയ പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു. തായ്‌ലന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട ഫുട്‌ബോള്‍ കളിക്കാരായ 12 കുട്ടികളെയും കോച്ചിനെയും പത്താം ദിനം ജീവനോടെ കണ്ടെത്തി. കുട്ടികള്‍ ഗുഹയ്ക്കുള്ളില്‍ സുരക്ഷിതരാണെന്നു തെളിയിക്കുന്ന ഫോട്ടോ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തു വിട്ടു.
ഇന്നലെ രാത്രി ഒന്‍പതോടെയാണ് ലോകം മുഴുവന്‍ ഉറ്റു നോക്കിയിരുന്ന ആ വാര്‍ത്ത രക്ഷാ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. രക്ഷാപ്രവര്‍ത്തകര്‍ ആദ്യദിനം മുതല്‍ കരുതിയിരുന്നതു പോലെ 13 പേരും ഗുഹയ്ക്കുള്ളില്‍ ‘പട്ടായ ബീച്ച്’ എന്നറിയപ്പെടുന്ന അറയ്ക്കുള്ളില്‍ സുരക്ഷിതരായിരുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കനത്തമഴയില്‍ ഗുഹയ്ക്കുള്ളിലേക്ക് ഇരച്ചെത്തിയ പ്രളയജലത്തില്‍നിന്നു രക്ഷപ്പെടാന്‍ പട്ടായബീച്ചിലെ പാറക്കല്ലിനു മുകളില്‍ അഭയം തേടിയിരിക്കുകയായിരുന്നു കുട്ടികളും കോച്ചും.
ഇപ്പോള്‍ ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണു രക്ഷാപ്രവര്‍ത്തകര്‍. ചെളിയും വെള്ളവും നിറഞ്ഞ ഇടുങ്ങിയ പാതയിലൂടെ വേണം പുറത്തേക്കു വരാന്‍. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട തായ്‌ലന്‍ഡ് നാവികസേനയിലെ നീന്തല്‍ വിദഗ്ധര്‍ അകത്തേക്കെത്തിയതും അതീവ ദുര്‍ഘടമായ ഈ വഴിപിന്നിട്ടാണ്. ആകെ 10 കിലോമീറ്ററോളം നീളമുള്ള ഗുഹയുടെ അഞ്ചു കിലോമീറ്ററോളം ഉള്ളിലാണു കുട്ടികളെ കണ്ടെത്തിയത്.
കനത്ത മഴ തുടര്‍ന്ന് ആദ്യ ദിവസം മുതല്‍ രക്ഷാപ്രവര്‍ത്തനം ഇഴയുകയായിരുന്നു. മോട്ടോറുകള്‍ ഉപയോഗിച്ച് അകത്തെ വെള്ളം പമ്പുചെയ്തു കളയാനും ശ്രമിച്ചിരുന്നു. കഴിഞ്ഞ മൂന്നുദിവസമായി മഴ തെളിഞ്ഞതോടെ രക്ഷാപ്രവര്‍ത്തനത്തിനു വേഗം കൂടിയിട്ടുണ്ട്. എന്നാലും ഇടുങ്ങിയ ഗുഹാപാത രക്ഷാ പ്രവര്‍ത്തനത്തിന് ഇപ്പോഴും തടസ്സമായി നില്‍ക്കുകയാണ്.
1000 തായ് സൈനികര്‍ക്കു പുറമേ, യുഎസ്, ഓസ്‌ട്രേലിയ, ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരും രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. കുട്ടികളെ കണ്ടെത്തിയാല്‍ പ്രാഥമിക ശുശൂഷ്ര നല്‍കാന്‍ വന്‍ മെഡിക്കല്‍ സംഘത്തെയും ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ഹെലികോപ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്.
കഴിഞ്ഞ 23നു വൈകുന്നേരം ഫുട്‌ബോള്‍ പരിശീലനം കഴിഞ്ഞു കുട്ടികള്‍ തിരിച്ചെത്താതി രുന്നതോടെയാണ് ഇവര്‍ ഗുഹയ്ക്കുള്ളി ലുണ്ടാകുമെന്ന സംശയമുണ്ടായത്. തുടര്‍ന്ന് 24-ാം തീയതി മുതല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികളുടെ സൈക്കിള്‍, ബാഗുകള്‍, ഫുട്‌ബോള്‍ ബൂട്ട് തുടങ്ങിയവ ഗുഹയ്ക്കുള്ളില്‍നിന്ന് കണ്ടെത്തിയതും മതിലുകളില്‍ കുട്ടികളുടെ കൈപ്പാടുകളും കണ്ടതുമാണ് ആദ്യ ദിവസങ്ങളില്‍ കുട്ടികള്‍ ഇതില്‍ ഉണ്ട് എന്ന സൂചന നല്‍കിയത്.