റഷ്യന്‍ ലീഗ് മത്സരത്തില്‍ ശ്രദ്ധാകേന്ദ്രമായി കരടി; റഫറിക്ക് പന്ത് കൈമാറി; ആരോപണവുമായി മൃഗസ്‌നേഹികള്‍

റഷ്യന്‍ ഫുട്‌ബോള്‍ ലീഗില്‍ ശ്രദ്ധാകേന്ദ്രമായി ഒരു കരടി. മത്സരത്തിന്റെ കിക്കോഫിന് മുന്നോടിയായി റഫറിക്ക് പന്ത് കൈമാറാനാണ് കരടി എത്തിയത്. ടിം എന്ന് പേരുള്ള കരടി റഫറിക്ക് പന്ത് കൈമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. റഷ്യന്‍ ലീഗിലെ മൂന്നാം ഡിവിഷന്‍ ക്ലബുകളായ എഫ്.സി ആന്റ്ഗുസ്റ്റ് നസ്‌റാനും മഷൂഖ് കെ.എം.വിയും തമ്മില്‍ നടന്ന മത്സരത്തിലാണ് ജനശ്രദ്ധ ആകര്‍ഷിക്കാന്‍ കരടി എത്തിയത്. റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് വേണ്ടിയുള്ള പരിശീലനമായിരുന്നു ഇതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഫിഫ ഇത് നിഷേധിച്ചതായാണ് സൂചന. അതേസമയം സംഭവത്തിനെതിരെ മൃഗസ്‌നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട്. കരടിയെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ എത്തിച്ചത് മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയാണെന്ന് മൃഗസ്‌നേഹികളുടെ സംഘടന ആരോപിക്കുന്നു. റഷ്യയുടെ ചിഹ്നമായി ലോകമെമ്പാടും അറിയപ്പെടുന്നത് യൂറേഷ്യന്‍ ബ്രൗണ്‍ കരടിയാണ്. അതുകൊണ്ട് ഈ കരടിയെ ഗ്രൗണ്ടിലെത്തിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉടലെടുക്കാന്‍ സാധ്യതയുണ്ട്.

Top