ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ സ്ഥാനം ലഭിക്കാന്‍ തലപ്പത്തുള്ളവരുമായി കിടക്ക പങ്കിടണം; ലൈംഗിക പീഡനങ്ങള്‍ സഹിക്കേണ്ടിവന്നിട്ടുണ്ടെന്ന് വനിതാ ഫുട്ബോള്‍ നായിക സോന

img-20160307-wa0008-1463034111

ദില്ലി: ഇന്ത്യന്‍ ഫുട്‌ബോള്‍ മാനേജ്‌മെന്റില്‍ നടക്കുന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് വനിതാ ഫുട്ബോള്‍ ടീം മുന്‍ നായിക സോനാ ചൗധരി രംഗത്ത്. ടീമില്‍ കയറി പറ്റാന്‍ ഏറെ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് സോന പറയുന്നു. വനിതാ ഫുട്ബോള്‍ ടീം പരിശീലകന്റെയും മറ്റും ലൈംഗിക പീഡനങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് സോന വെളിപ്പെടുത്തിയത്.

ടീമില്‍ സ്ഥാനം ലഭിക്കാന്‍ താരങ്ങള്‍ക്ക് പലപ്പോഴും വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. താരങ്ങളെ പരിശീലകനും സെക്രട്ടറിയും നിരന്തരം പീഡനങ്ങള്‍ക്ക് ഇരയാക്കുയായിരുന്നു. ടീം മാനേജ്മെന്റിലെ പല അംഗങ്ങളും താരങ്ങളെ വഴിവിട്ട ബന്ധങ്ങള്‍ക്ക് പ്രേരിപ്പിക്കുമായിരുന്നെന്നും അവരില്‍ നിന്ന് രക്ഷ നേടാന്‍ പലര്‍ക്കും സ്വവര്‍ഗാനുരാഗികളായി അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും സോന പറയുന്നു. ഗെയിം ഇന്‍ ഗെയിം എന്ന പേരില്‍ പ്രസിദ്ധീകരിച്ച തന്റെ പുസ്തകത്തിലാണ് സോന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

ഫുട്ബോളില്‍ സജീവമായിരുന്ന സമയത്ത് അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനങ്ങളുടെ വെളിപ്പെടുത്തലുകളാണ് പുസ്തകത്തില്‍. ടൂര്‍ണമെന്റുകള്‍ക്കായി ദൂരയാത്രകള്‍ വേണ്ടിവരുമ്പോള്‍ കോച്ചും ടീം മാനേജ്മെന്റ് അംഗങ്ങളും താരങ്ങളുടെ മുറികളില്‍ തന്നെയാണ് ഉറങ്ങാറുള്ളതെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും സോന നടത്തി. അവരുമായി സഹകരിക്കാന്‍ വിസമ്മതിച്ച താരങ്ങളെ അവഗണിക്കുകയും പലരേയും മാനസിക പീഡനങ്ങള്‍ക്കിരയാക്കുകയും ചെയ്തെന്നും ആരോപണത്തില്‍ പറയുന്നു.

sports-sona

സംസ്ഥാന ദേശീയ തലങ്ങളിലുള്ള ടീം അംഗങ്ങള്‍ക്കും ചൂഷണം നേരിടേണ്ടി വന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് അധികാരികളോട് പരാതിപ്പെട്ടിരുന്നെങ്കിലും പ്രയോജനമുണ്ടായില്ലെന്നും അവര്‍ പുസ്തകത്തില്‍ ആരോപിക്കുന്നു. 1998ലെ ഏഷ്യാ കപ്പിനിടെ പരുക്കേറ്റതിനേത്തുടര്‍ന്ന് രാജ്യാന്ത ഫുട്ബോളില്‍ നിന്നു വിരമിച്ച സോനയുടെ ആരോപണങ്ങള്‍ സംബന്ധിച്ച് പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്ന് കായിക മന്ത്രി സര്‍ബാനന്ദ സൊനോവാള്‍ പറഞ്ഞു. അതേസമയം ഫുട്ബോള്‍ ഫെഡറേഷന്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.

Top