അവതാരകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് പോലീസ് ഹെഡ്‌കോര്‍ട്ടേഴ്‌സിലെ ഹൈടെക് സെല്ലിന്റെ ചുമതലയുള്ള അസി.കമീഷണര്‍ വിനയകുമാരന്‍ നായര്‍

52329_1471849057

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി സദാശിവവും സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടിക്കിടെയാണ് പീഡനശ്രമം നടക്കുന്നത് എന്നത് ലജ്ജാവഹം തന്നെ. കൊല്ലത്ത് നടന്ന സൈബര്‍ ക്രൈം രാജ്യാന്തര സെമിനാറിനിടെ അവതാരകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അസി. കമീഷണര്‍ വിനയകുമാറിനെ പദവിയില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ദ്ദേശം.

സെമിനാറിന്റെ അവസാനദിവസം വേദിയുടെ ഇടനാഴിയില്‍ വച്ചാണ് ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുതറിയോടിയ പെണ്‍കുട്ടി സമ്മേളനഹാളിലുണ്ടായിരുന്ന പൊലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ പി. പ്രകാശിന്റെ അടുത്തെത്തി വിവരം ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രകാശ് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തശേഷം സമ്മേളനത്തില്‍ നിന്ന് ഇറക്കിവിട്ടു. വിഷയം ഉടന്‍ തന്നെ ഡിജിപിയെ അറിയിക്കുകയും ചെയ്തു.

സമ്മേളനത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്തു വായിക്കുന്നതിനിടയിലാണ് പീഡനശ്രമം. സ്ത്രീകളടക്കമുള്ളവരുടെ പരാതികള്‍ കൈകാര്യം ചെയ്യുന്ന സൈബര്‍ സെല്‍ ഉദ്യോഗസ്ഥനാണ് ആരോപണവിധേയനെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി ദക്ഷിണ മേഖലാ ഐജി മനോജ് ഏബ്രഹാമിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയതിനു പിന്നാലെ വേദിയില്‍ സാംസ്‌കാരിക പരിപാടികള്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് സംഭവമുണ്ടായതെന്നാണ് റിപ്പാര്‍ട്ടുകള്‍. പരിപാടികളുടെ ചുമതലയില്ലാതിരുന്ന അസിസ്റ്റന്റ് കമാന്‍ഡന്റ് ഈ പരിസരത്ത് ഉണ്ടാകേണ്ട ആവശ്യമില്ലായിരുന്നു. എന്നിട്ടും ഇയാള്‍ മനപ്പൂര്‍വം ഇവിടെ ചുറ്റിപ്പറ്റി നില്‍ക്കുകയും പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയുമായിരുന്നുവെന്നാണ് പറയുന്നത്. വിവരമറിഞ്ഞയുടന്‍ ഇയാളെയും സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനേയും പരിപാടി നടക്കുന്ന സ്ഥലത്തുനിന്ന് പുറത്താക്കി.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതി ലഭിക്കും മുമ്പുതന്നെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും റിപ്പോര്‍ട്ട് നല്‍കാനും ദക്ഷിണമേഖലാ ഐജി മനോജ് എബ്രഹാമിനെ ഡിജിപി ചുമതലപ്പെടുത്തി. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി പ്രത്യേകം പരാതി നല്‍കിയിട്ടില്ലെന്നാണ് സൂചനകള്‍. സ്ത്രീകളുടെ പരാതികള്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്നതിന് ആരംഭിച്ച സ്ത്രീസുരക്ഷാ പദ്ധതിയുടെ കൂടി ചുമതലയുള്ള ഉദ്യോഗസ്ഥനില്‍നിന്നാണ് പെണ്‍കുട്ടിക്കുനേരെ അതിക്രമം ഉണ്ടായത്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാരും ഉന്നത ഉദ്യോഗസ്ഥരും കാണുന്നത്. ഈ സാഹചര്യത്തിലാണ് നടപടിയെടുക്കുന്നത്. സൈബര്‍ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കുക എന്നത് ഒരു അതിബൃഹത്തായ വെല്ലുവിളിയായി കേരള പൊലീസ് ഏറ്റെടുക്കുകയും ഈ മേഖലയില്‍ സത്വര ശ്രദ്ധ ലഭിക്കുന്നതിനും ഉടന്‍ പ്രതികരിക്കുന്നതിനും വേണ്ടിയാണ് കേരള പൊലീസ് ‘കൊക്കൂണ്‍’ എന്ന പേരില്‍ സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് പൊലീസിങ് കോണ്‍ഫറന്‍സ് നടത്തിയത്.

പൊതുസാമൂഹ്യ പങ്കാളിത്തത്തോടെയും അന്തര്‍ദ്ദേശീയ സഹകരണത്തോടെയും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തിലായിരുന്നു സമ്മേളനം. ഇതിനിടയിലാണ് പെണ്‍കുട്ടിക്കെതിരെ പീഡനശ്രമം ഉണ്ടായത്. വിശിഷ്ട വ്യക്തികള്‍ ഉള്‍പ്പെടെ പങ്കെടുത്ത സമ്മേളനത്തില്‍ വേദിക്കരികെ വച്ചുണ്ടായ പീഡനശ്രമം സംസ്ഥാനത്തിനുതന്നെ നാണക്കേടായ സാഹചര്യത്തില്‍ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടെ പ്രശംസിച്ച സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദേശം വായിക്കുന്ന വേളയിലാണ് വേദിക്കുപിന്നില്‍ അവതാരക അപമാനിക്കപ്പെട്ടത്.

Top