മീനാക്ഷിപുരം: അപകടത്തില്‍ മരിച്ച മലയാളി യുവാവിന്റെ അവയവങ്ങള്‍ എടുത്തു മാറ്റിയ സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേകസംഘം കേരളത്തിലെത്തി. തമി ഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ച സംഘം മരിച്ച മണികണ്ഠന്റെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. ചികിത്സാ ചിലവിന്റെ പേരില്‍ സ്വകാര്യ ആശുപത്രി മരിച്ചയാളുടെ അവയവങ്ങള്‍ എടുത്തു മാറ്റിയ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.
ആരോഗ്യ വകുപ്പിലെയും പോലീസിലെയും വിജിലന്‍സിലെയും ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെട്ട സംഘമാണ് മീനാക്ഷിപുരം നെല്ലിമേട്ടിലെ മണി കണ്ഠന്റെ വീട്ടിലെത്തിയത്. മെഡിക്കല്‍ ജോയിന്റ് ഡയറക്ടര്‍ മലര്‍മിഴി, ഡോ. വെങ്കിടേഷ്, വിളിലന്‍സ് ഡിവൈഎസ്പി തോംസണ്‍ പ്രകാശ്, ചോ പോലീസ് സൂപ്രണ്ട് കമല കണ്ണന്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
മണികണ്ഠന്റെ സഹോദരന്‍മാരായ മഹേഷ്, മനോജ്, അച്ഛന്‍ പേച്ചി മുത്തു എന്നിവരില്‍ നിന്ന് സംഘം മൊഴിയെടുത്തു. മരണ ശേഷം ചികിത്സാ ചിലവിനത്തില്‍ 3 ലക്ഷത്തോളം അടക്കാനില്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് അവയവദാനം നടത്തിക്കുകയായിരുന്നുവെന്നാണ് മൊഴി നല്‍കിയത്.
അപകട സമയത്തും ആശുപത്രിയിലും മണികണ്ഡനോടൊപ്പമുണ്ടായിരുന്നവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ആദ്യം ചികിത്സയിലുണ്ടായിരുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും സ്വകാര്യ ആശുപത്രിയില്‍ നിന്നും വിവരങ്ങളെടുക്കും.
കഴിഞ്ഞ ജൂണ്‍ 18ന് വാഹനാപകടത്തില്‍പ്പെട്ട് മൂന്ന് ദിവസത്തിനു ശേഷം മസ്തിഷ്‌ക്ക മരണം സംഭവിച്ച മണികണ്ഠന്റെ ആന്തരികാവയങ്ങള്‍ ചികിത്സയുടെ പണമടക്കാനില്ലാത്തതിനാല്‍ നിര്‍ബന്ധം മാറ്റിയെന്നായിരുന്നു ബന്ധുക്കളുടെ പരാതി. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
മന്ത്രി എ കെ ബാലന്‍. കെ കൃഷ്ണന്‍കുട്ടി എം എല്‍ എ തുടങ്ങിയവര്‍ സേലം കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്