ജയ്പുര്‍: മാറിക്കയറിയ ട്രയിനില്‍ നിന്നും ചാടിയിറങ്ങിയ രണ്ട് വിദേശ വിനോദ സഞ്ചാരികളില്‍ ഒരാള്‍ മരിച്ചു. ന്യൂഡല്‍ഹിയിലേക്ക് പോയ ജനശതാബ്ദി എക്സ്പ്രസില്‍നിന്ന് ചാടിയിറങ്ങിയ നെതര്‍ലാന്‍ഡ്സില്‍ നിന്നുള്ള സഞ്ചാരികള്‍ക്കാണ് അപകടമുണ്ടായത്. എറിക് ജൊഹാനസാണ് മരിച്ചത്. രാജസ്ഥാനിലെ സവായ് മധോപൂരിലാണ് അപകടം നടന്നത്. തീവണ്ടി പ്ലാറ്റ്ഫോം വിട്ടതിന് തൊട്ടുപിന്നാലെ അദ്ദേഹവും ബ്രിട്ടനില്‍നിന്ന് എത്തിയ സുഹൃത്തും ചാടിയിറങ്ങാന്‍ ശ്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്.
തീവണ്ടി മാറിക്കയറിയതിനെ തുടര്‍ന്നാണ് ഇരുവരും ചാടിയിറങ്ങിയത്. വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ എറിക് ജൊഹാനസിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപെടുത്താനായില്ല. അദ്ദേഹത്തിന്റെ സുഹൃത്തിന് കാര്യമായ പരിക്കേറ്റിട്ടില്ല.
കഴിഞ്ഞ ദിവസമാണ് ഇരുവരും രാജസ്ഥാനിലെത്തിയത്. ചൊവ്വാഴ്ച ആഗ്രയിലേക്ക് പുറപ്പെടാനിരുന്ന ഇരുവരും ന്യൂഡല്‍ഹിക്കുള്ള തീവണ്ടിയില്‍ മാറിക്കയറി. തൊട്ടുപിന്നാലെയാണ് ഇരുവരും ചാടിയിറങ്ങാന്‍ ശ്രമിച്ചത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും ഡല്‍ഹിയിലെ നെതര്‍ലന്‍ഡ്സ് സ്ഥാനപതികാര്യാലയത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.