ലോക്കോ പൈലറ്റുമാരില്ല; തിരുവനന്തപുരം ഡിവിഷനില്‍ ഇന്ന് 10 തീവണ്ടികള്‍ ഓടില്ല; ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ നടപടിയില്ലെന്ന് ആക്ഷേപം

ലോക്കോ പൈലറ്റുമാരില്ലാത്തതിനാല്‍ സംസ്ഥാനത്ത് ഇന്ന് 10 തീവണ്ടികള്‍ റദ്ദാക്കി. തിരുവനന്തപുരം ഡിവിഷനിലെ 10 പാസഞ്ചര്‍ തീവണ്ടികളാണ് റദ്ദാക്കിയത്. അറ്റക്കുറ്റപ്പണികള്‍ക്ക് പുറമേ ജീവനക്കാരുടെ കുറവും ഇതിന് കാരണമായി റെയില്‍വേ അധികൃതര്‍ സ്ഥിരീകരിക്കുന്നു.ഗുരുവായൂര്‍-തൃശൂര്‍, പുനലൂര്‍-കൊല്ലം, ഗുരുവായൂര്‍-പുനലൂര്‍, എറണാകുളം-കായംകുളം സെഷനുകളിലെ പാസഞ്ചര്‍ തീവണ്ടികളാണ് റദ്ദാക്കിയത്. തൃശൂര്‍-കോഴിക്കോട് പാസഞ്ചര്‍ ഭാഗികമായും റദ്ദാക്കി. ലോക്കോ പൈലറ്റുമാരുടെ തസ്തികകളില്‍ ഏറെക്കാലമായി ഒഴിവുകളുണ്ട്. പ്രളയബാധിത മേഖലകളില്‍ താമസിച്ചിരുന്ന 20 ഓളം ലോക്കോ പൈലറ്റുാമാര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുമായിരുന്നു. ഇതോടെയാണ് ലോക്കോ പൈലറ്റുമാരുടെ ക്ഷാമം രൂക്ഷമായത്.

പ്രളയം മൂലം ജീവനക്കാര്‍ അവധിയില്‍ പോകുകയും ലോക്കോ പൈലറ്റുമാരുടെ ക്ഷാമവും ഉണ്ടായതോടെ തീവണ്ടികള്‍ റദ്ദാക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. തിരുവനന്തപുരം ഡിവിഷനില്‍ 525 ലോക്കോ പൈലറ്റുമാരുടെ തസ്തികയില്‍ 420 പേര്‍ മാത്രമാണുള്ളത്. 10 പേര്‍ സ്വയം വിരമിക്കലിനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. അതേസമയം ദക്ഷിണ റയില്‍വേയുടെ മറ്റ് ഡിവിഷനുകളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കി 25 ലോക്കോ പൈലറ്റുമാര്‍ കാത്തിരിപ്പുണ്ട്. ഇവര്‍ ജോലി ചെയ്യുന്ന ഡിവിഷനുകള്‍ വിട്ടുവരാന്‍ അതത് ഡിവിഷന്‍ നേതൃത്വത്തിന്റെയും ജനറല്‍ മാനേജരുടെയും അനുമതി വേണം. മറ്റ് ഡിവിഷനുകളിലും ലോക്കോ പൈലറ്റുമാരുടെ കുറവുള്ളതിനാല്‍ ഇവരുടെ സ്ഥലംമാറ്റം വൈകുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

4000 ലോക്കോ പൈലറ്റുമാര്‍ക്ക് വേണ്ടി അപേക്ഷ ക്ഷണിച്ചിട്ടുണ്ടെങ്കിലും, നിയമനം നടന്നാലും ഒരു വര്‍ഷം കഴിയാതെ ഇവരെ തീവണ്ടികളില്‍ നിയോഗിക്കാന്‍ കഴിയില്ല. മാസങ്ങളായി പാളങ്ങളിലെ അറ്റക്കുറ്റപ്പണികള്‍ക്കായി തീവണ്ടികള്‍ റദ്ദാക്കുകയും വൈകുകയും ചെയ്തിരുന്നു. എന്നാല്‍ ജീവനക്കാരുടെ കുറവുണ്ടെന്ന വസ്തുത റെയില്‍വേ ആദ്യഘട്ടത്തില്‍ അംഗീകരിച്ചിരുന്നില്ല. തീവണ്ടികള്‍ റദ്ദാക്കുന്നത് അറ്റക്കുറ്റപ്പണികള്‍ക്ക് വേണ്ടിയെന്നായിരുന്നു വിശദീകരണം. എന്നാല്‍, അറ്റക്കുറ്റപ്പണിയില്ലാത്ത മേഖലകളിലെ തീവണ്ടികളും റദ്ദാക്കേണ്ടി വന്നതോടെയാണ് ജീവനക്കാര്‍ കുറവുണ്ടെന്ന വസ്തുത റെയില്‍വേ അംഗീകരിച്ചത്.

Top