കൊല്ലപ്പെട്ട പിഎഫ്‌ഐ പ്രവര്‍ത്തകന്റെ കുടുംബത്തിനും ജപ്തി നോട്ടീസ്..പിഴയടച്ചില്ലെങ്കില്‍ സുബൈറിന്റെ മുഴുവന്‍ സ്വത്തുകളും ജപ്തി ചെയ്യും. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനും അഞ്ച് മാസം മുമ്പ് 2022 ഏപ്രില്‍ 15 നാണ് എലപ്പുള്ളിയിലെ സുബൈര്‍ കൊല്ലപ്പെട്ടത്.
അദ്ദേഹത്തിന്റെ കുടുംബത്തിനും ജപ്തിനോട്ടീസ് ലഭിച്ചിരിക്കുകയാണ്. പിഴയടച്ചില്ലെങ്കില്‍ സുബൈറിന്റെ മുഴുവന്‍ സ്വത്തുകളും ജപ്തി ചെയ്യുമെന്നാണ് നോട്ടീസിലുള്ളത്.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടം കണക്കിലെടുത്ത് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.
എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്തവര്‍ക്കും ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന പരാതികള്‍ ഉയരുകയും മുസ്ലീം ലീഗ് നേതാക്കള്‍ ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തുകയുമുണ്ടായി.
ജപ്തിയുടെ മറവില്‍ മുസ്ലിം ലീഗുകാരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പിഎംഎ സലാം കുറ്റപ്പെടുത്തിയിരുന്നു. മുസ്ലീം ലീഗ് പ്രതിനിധിയായ പഞ്ചായത്ത് അംഗത്തിന്റെ സ്വത്ത് കണ്ടുകെട്ടിയെന്ന പരാതി ഉയര്‍ന്നിരുന്നു.
എടരിക്കോട് പഞ്ചായത്ത് മെമ്പര്‍ സി ടി അഷറഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കണ്ടുകെട്ടല്‍ നോട്ടീസ് പതിച്ചത്. പിന്നാലെയാണ് ലീഗ് നേതാക്കള്‍ രംഗത്തെത്തിയത്.