ഭീകരര്‍ നന്മയുള്ളവരെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍

യമനില്‍ വച്ച് തടവിലാക്കിയ ഭീകരസംഘടന ഏതാണെന്ന് തനിക്ക് അറിയില്ലെന്ന് ഫാദര്‍ ടോം പറഞ്ഞു. ഐസിസ് ഭീകരരാണെന്ന് മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെത്തിയ ഫാദര്‍ ടോം മാധ്യമപ്രവര്‍ത്തകരോട് വിശദമായി സംസാരിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വീണ്ടും യമനിലേക്ക് പോകാന്‍ താന്‍ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു. ദൈവഹിതം അതാണെങ്കില്‍ അങ്ങനെ സംഭവിക്കുമെന്നും ഫാദര്‍ കൂട്ടിച്ചേര്‍ത്തു. ചെറിയ രോഗങ്ങള്‍ക്ക് പോലും ഭീകരര്‍ വൈദ്യസഹായം തന്നു. ഭക്ഷണവും മുടങ്ങാതെ കിട്ടി. ഇതിനെല്ലാം കാരണം ഭീകരരുടെ ഉള്ളില്‍ നന്മയുള്ളതുകൊണ്ടാണെന്നും ഫാദര്‍ ടോം പറഞ്ഞു. തടവിലായതിന് ശേഷം മോചിതനാകുന്നത് വരെ പുറംലോകവുമായി ബന്ധമുണ്ടായിരുന്നില്ല. തന്റെ മോചനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്നും അറിയില്ല. കേരളത്തിലേക്ക് അയക്കുന്നുവെന്ന് മാത്രമാണ് അറിയാന്‍ സാധിച്ചതെന്നും ഫാദര്‍ ടോം പറഞ്ഞു. മോചനത്തിന് വേണ്ടി പ്രത്യേകം ഒരാള്‍ പ്രവര്‍ത്തിച്ചതായി അറിയില്ല. മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുറത്തുവന്ന വീഡിയോ ദൃശ്യം ഭീകരര്‍ നിര്‍ബന്ധിച്ച് എടുപ്പിച്ചതാണ്. തന്റെ കൂടെ മറ്റാരെങ്കിലും ബന്ദിയാക്കപ്പെട്ടിരുന്നോ എന്നു പോലും അറിയില്ലെന്നും ഫാദര്‍ പറഞ്ഞു.

Top